Tue Aug 11, 2026 4:54 pm
FLASH
X

‘പഴകിയ എണ്ണയും 50 കിലോ പഴകിയ മീനും’; അടൂരിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന, വൻതോതിൽ കേടായ ഭക്ഷണം പിടികൂടി

HOME / Kerala / Latest News August 11, 2026

പത്തനംതിട്ട: അടൂരിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. വിവിധ ഹോട്ടലുകളിൽ നിന്നായി 50 കിലോയോളം പഴകിയ മീനും ഭക്ഷണസാധനങ്ങളും പഴകിയ എണ്ണയും കണ്ടെത്തി.

അടൂർ ബൈപ്പാസിലെ ഹോട്ടൽ രാജധാനി, എസ്.എൻ. ഹോട്ടൽ, സൺറൈസ് ഹോട്ടൽ, ഓലപ്പന്തൽ ഹോട്ടൽ, ബിഗ് മൗത്ത് ഹോട്ടൽ, പഴങ്കഞ്ഞിക്കട, അൽ-റാസി, ഹോളിക്രോസ് ഹോസ്പിറ്റൽ കാന്റീൻ, ഡിങ്കന്റെ തട്ടുകട തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

ഇന്ന് രാവിലെ അടൂർ ബൈപ്പാസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഹോട്ടലുകളിലായിരുന്നു നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ വ്യാപക പരിശോധന. പരിശോധനയ്ക്കിടെ പഴകിയ എണ്ണ, പഴകിയ മീൻ, മറ്റ് ഭക്ഷണസാധനങ്ങൾ എന്നിവ കണ്ടെത്തി പിടിച്ചെടുത്തു.

പരിശോധനയ്ക്കെത്തിയ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ചിലയിടങ്ങളിൽ തടഞ്ഞതായും പരാതിയുണ്ട്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.

ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിനി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കവിത, അമൽ, ഷഹന, മിനി, ആഷ്ന എന്നിവരും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരായ യോഹന്നാൻ, അനീഷ്, മാത്യുസ്, മാത്തുക്കുട്ടി തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.