Tue Aug 04, 2026 5:00 pm
FLASH
X

സംരക്ഷണം നൽകേണ്ടവർ സംഹാരമാടുന്ന കാട്ടുനീതി

EDITORIAL August 4, 2026

ജീവനും സ്വത്തിനും സംരക്ഷണമേകേണ്ട ഒരു സേന, നമ്മുടെ പോലീസ്,, ഇതിൽ ലോകത്തിലെ തന്നെ മിടുക്കന്മാർ വാഴുന്നു. മിടുമിടുക്കന്മാർ ഒരു തുമ്പു പോലും കിട്ടാത്ത കേസുകളെ എല്ലാ തെളിവുകളുടെയും നിയമത്തിനു മുമ്പിൽ എത്തിക്കുന്ന കേരള പോലീസ്.സേനയിൽ ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് പോലീസുകാരുണ്ട്. നല്ലവരും ദുഷ്ടന്മാരും വാഴുന്ന സേനയ്ക്ക് നല്ല കാര്യങ്ങൾ ഒരുപാടുണ്ട്.. സ്നേഹമുള്ള മികച്ച കഴിവുകളുള്ള പോലീസുകാരും നിരവധിയുണ്ട് . എന്നാൽ അതിൽ ചിലർ അങ്ങനെയല്ല.. അവർക്ക് കാക്കി എന്നത് വെറും അലങ്കാരം മാത്രം.. പഠിച്ച് പരീക്ഷയൊക്കെ പാസായി സേനയിൽ സെലക്ഷനും കിട്ടി,, താനൊരു പോലീസായി എന്ന തോന്നൽ ഉള്ളിൽ നാമ്പിടുമ്പോൾ തുടങ്ങും അഹങ്കാരവും തനി രാവണസ്വഭാവവും. സ്റ്റേഷനിൽ വരുന്നവരൊക്കെയും കള്ളന്മാരും കൊള്ളക്കാരുമാണെന്ന കണ്ണിലൂടെ മാത്രമേ പിന്നെയവർ പെരുമാറുകയുള്ളൂ.
ഇതൊക്കെ ഇപ്പോളുമുണ്ടോ എന്ന് ഒരു ഭംഗി വാക്കിന് ചോദിക്കാം. എന്നാൽ നേരെ പോലീസ് സ്റ്റേഷനിലേക്ക് ഒന്ന് കയറി നോക്കണം.. അപ്പോൾ അറിയാം തനി കാട്ടാള സ്വഭാവം.. ആരെയും അസഭ്യം പറയാമെന്നും ആരെയും ഇടിച്ചു തുലയ്ക്കാമെന്നും ലൈസൻസ് കിട്ടിയതുപോലെയാണ് ചില പോലീസുകാരുടെ ദുഷ്ട പ്രവർത്തി. വാദിയെ പ്രതിയാക്കാനും വരുന്നവരെ എങ്ങനെ ബുദ്ധിമുട്ടിക്കാമെന്നും അവർക്ക് നല്ല പരിചയമാണ്. പ്രാകൃത നിയമ നടപടിയാണ് ഇതൊക്കെയെങ്കിലും ഭയം മൂലവും അഭിമാനം മൂലവും പുറത്തു പറയാത്ത നിരവധി കേസുകൾ ഇന്നും ഒളിഞ്ഞിരിക്കുന്നു.
ഇപ്പോൾ ഇതാ സിയാദ് എന്ന ബസ് ഡ്രൈവറെ ഇഞ്ചപ്പരുവമാക്കിയശേഷം നിരപരാധി എന്ന കൽപ്പിച്ച് വെറുതെ വിട്ടു. ഒരു കുടുംബത്തിൻറെ നാഥനായിരുന്നു സിയാദ്. കേരളം നടുക്കത്തോടെയാണ് ഈ വാർത്ത ശ്രദ്ധിച്ചത്. ഈ വാർത്ത കാണുന്ന പല വ്യക്തികൾക്കും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം. എന്നാൽ കള്ളക്കേസിൽ കൊടുക്കുമെന്നും മർദ്ദിക്കുമെന്നുമുള്ള ഭയവും അഭിമാനക്ഷതവും മൂലം അമർഷം ഉള്ളിൽ ഒതുക്കുന്നവർ നിരവധി.. ജൂലൈ 14ന് ആരോഗ്യനില വളരെ വഷളായതിനെ തുടർന്ന് സിയാദിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം മറ്റൊന്നുമല്ല പോലീസ് സ്റ്റേഷനിലെ കാട്ടാളക്കൂട്ടം മർദ്ദിച്ചവശനാക്കി ശവതുല്യമാക്കി.


ജില്ലാ ആശുപത്രിയിലെ എക്സറേയിൽ വാരിയെല്ല് പൊട്ടി …ശ്വാസകോശത്തിലും മുതുകിലും പഴുപ്പ് കെട്ടിക്കിടക്കുന്നു… മർദ്ദനമേറ്റ നിരവധി പാട്ടുകൾ…. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാൽ അവിടെവച്ച് സിയാദ് ഛർദിച്ചത് കട്ടപഴുപ്പായിരുന്നു. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും പിറ്റേദിവസം ആ നിരപരാധി മരണത്തിന് കീഴടങ്ങി. ഒരു കുടുംബത്തിൻറെ താങ്ങായിരുന്ന സിയാദ് മരണപ്പെട്ടു. ക്രൂരമർദ്ദനത്തിനിരയായി റെക്കോർഡുകളിൽ മറ്റൊരു പേര് കൂടി കൂട്ടിചേർക്കാമെന്ന് മാത്രം.13 വയസ്സുകാരനെ കാണാനില്ല എന്ന കാരണത്താൽ സംശയത്തിന്റെ പേരിലാണ് സിയാദിനെ അർദ്ധരാത്രിയിൽ വീട്ടിൽ നിന്നും ഇറക്കി കൊണ്ടു പോയത്.. താൻ മരുന്നു കഴിച്ചിട്ടുണ്ടെന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും സിയാദ് കരഞ്ഞു പറഞ്ഞിരുന്നതാണ്. എന്നാൽ നിന്നെ ഞങ്ങൾ ഉറക്കാമെടാ എന്ന ഭീഷണിയാണ് സിപിഒ ശ്രീജിത്തിൽ നിന്നും ഉണ്ടായത്.സിയാദിനെ കൊണ്ടുപോയതിന്റെ പിറ്റേന്ന് 13 കാരൻ വീട്ടിൽ തിരിച്ചെത്തിയിരുന്നു. അതോടെ അബദ്ധം പറ്റിയെന്ന് മനസ്സിലാക്കിയ പോലീസുകാർ ഒരു ജ്യൂസും വാങ്ങി നൽകി അബദ്ധം പറ്റിയതാണ് പുറത്തു പറയരുതെന്നും പറഞ്ഞ് സിയാദിനെ വിട്ടയച്ചു.
സിയാദ് കസ്റ്റഡിയിൽ ഉണ്ടായിരുന്നതായും സിയാദിനെ വിട്ടയച്ചതായുമായ ഒരു രേഖയും പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. വീട്ടിൽ തിരിച്ചെത്തിയ സിയാദ് തന്നെ പോലീസ് ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് തന്റെ ഉമ്മയോട് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതോടെ മരണം സംഭവിക്കുകയും പോലീസിന്റെ ക്രൂരത പുറത്താവുകയും ചെയ്തു.


സിയാദിന്റെ മരണത്തിൽ പോലീസുകാർ ന്യായീകരിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. അപസ്മാരക രോഗിയായിരുന്നുവെന്നും മരുന്ന് സ്ഥിരമായി കഴിക്കുന്ന വ്യക്തിയാണെന്നും ഹെപ്പറ്റൈറ്റിസ് ആണ് മരണകാരണമെന്നും പോലീസ് വാദം നടന്നിരുന്നു. എന്നാൽ പോലീസ് വാദങ്ങളെ തള്ളിക്കളയുവാനും മാത്രം പോന്ന പ്രധാന സാക്ഷി പരാതിക്കാരി തന്നെയായിരുന്നു. കുട്ടി എവിടെയെന്ന് പോലീസ് ജീപ്പിൽ വെച്ച് തന്നെ ചോദിക്കുകയും ജീപ്പിൽ വച്ചുതന്നെ മർദ്ദന പരമ്പര ആരംഭിക്കുകയും ചെയ്തിരുന്നു. തനിക്കൊന്നും അറിയില്ലെന്ന് സിയാദ് പറയുന്നുണ്ടെങ്കിലും മർദ്ദനത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ലെന്ന് പരാതിക്കാരിയായ പതിനാറുകാരി മാധ്യമങ്ങളോട് വെളിപ്പെടുത്തി… അതോടെ പോലീസിന്റെ പൊള്ളയായ വാദം തള്ളപ്പെട്ടു.

പരാതിക്കാരി താൻ മർദ്ദനം കണ്ടുവെന്ന മൊഴിയിൽ ക്രൂരമർദ്ദനം പുറത്തറിഞ്ഞതും പരാതിക്കാരി 16 വയസ്സുകാരിയാണെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.. വനിതാ പോലീസിന്റെ സാന്നിധ്യമില്ലാതെ 16 കാരിയായ പരാതിക്കാരിയെയും പോലീസ് ജീപ്പിൽ കയറ്റി അർദ്ധരാത്രിയിൽ വെറുമൊരു മൊഴിയുടെ ബലത്തിൽ സിയാദിനെ പിടികൂടാൻ പോയത് നിയമലംഘനം തന്നെയാണ്.. കാക്കിയിട്ടു കഴിഞ്ഞാൽ ഞങ്ങൾ പറയുന്നതാണ് നിയമമെന്നും അനുസരിക്കാത്തവനെ എന്തു മാർഗ്ഗത്തിലൂടെയും അകത്താക്കാമെന്നും കരുതുന്ന,, സേനയ്ക്ക് അപമാനമാകുന്ന ചില പോലീസുകാർ ഇന്നും സേനയിൽ വിലസുന്നുണ്ടെന്ന് എല്ലാവർക്കുമറിയാം.

സിയാദിനെ മർദ്ദിച്ചവർക്ക് സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്… സസ്പെൻഷൻ എന്നാൽ വിശ്രമം എന്നുവേണമെങ്കിലും പറയാം… കേസിൽ ആരോപണ വിധേയരായ എസ് ഐ അതുൽ സിപിഒ ശ്രീജിത്ത് എന്നിവർ മുൻപും അനാവശ്യ മർദ്ദനങ്ങളിൽ പരാതി നേരിട്ടവരാണ്.. അതായത് ഇവരുടെ സ്ഥിരം കലാപരിപാടിയാണ് ഇതെന്ന് വ്യക്തതം.. നഷ്ടപ്പെട്ടത് സിയാദിന്റെ കുടുംബത്തിനാണ് .. അവർക്കെന്ത് സംഭവിച്ചാലെന്ത്.. തങ്ങളുടെ കസ്റ്റഡിയിൽ കിട്ടുന്നവരെ ഒന്നു പെരുമാറി വിട്ടില്ലെങ്കിൽ പോലീസിനൊക്കെ എന്ത് വില.. ഇടയ്ക്കൊക്കെ സസ്പെൻഷൻ കിട്ടുമ്പോൾ അതൊരു അലങ്കാരമാക്കി നടന്നാൽ ആളുകൾക്കൊക്കെ ഒരു ഭയമുണ്ടാകും.. അല്ലെങ്കിൽ വെറും വാഴപോലീസാണെന്നേ കരുതു.. എന്നാൽ കയ്യിൽ കിട്ടുന്നവനെ ഇടിക്കാം എന്ന അഹങ്കാരം ഏത് നിയമ പുസ്തകത്തിൽ നിന്നാണ് പഠിച്ചതെന്ന് ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു.

നമ്മുടെ സേനയിൽ മാന്യമായി പെരുമാറുകയും ബുദ്ധികൊണ്ട് കേസ് അന്വേഷിച്ച് കുറ്റവാളിയെ നിയമത്തിന് കീഴിൽ കൊണ്ടുവന്ന് ശിക്ഷ വാങ്ങികൊടുക്കുകയും ചെയ്യുന്ന മിടുമിടുക്കന്മാരായ പോലീസ് ഉദ്യോഗസ്ഥർ ഒരുപാടുണ്ടെന്ന് നമുക്കറിയാം… എന്നാൽ ബുദ്ധിപ്രയോഗിക്കാൻ അറിയാത്ത ജനങ്ങളെ മൊത്തം കുറ്റവാളികളെപ്പോലെ കാണുകയും കൈയിൽ കിട്ടുന്നവരെയൊക്കെ കള്ളക്കേസിൽ കുടുക്കി അവന്റെ ജീവിതം തന്നെ കുട്ടിച്ചോറാക്കുന്ന കാക്കിയിട്ടാൽ കാട്ടാളനാകുന്ന നിരവധി ക്രിമിനലുകളുണ്ട്. അത്തരം ക്രൂരന്മാരായ.. കണ്ണിൽ ചോരയില്ലാത്ത… പോലീസ് ഗുണ്ടകളെ കേരള പോലീസ് ആക്ട് പ്രകാരവും സർവീസ് ചട്ടങ്ങൾ പ്രകാരവും പിരിച്ചുവിടൽ തന്നെയാണ് ചെയ്യേണ്ടത്. താക്കീതിന് പുല്ലുവില മാത്രമേ ഇത്തരക്കാർ കൽപ്പിച്ചിട്ടുള്ളൂ.

സ്വന്തം പിതാവിൻറെ മരണത്തിൽ മനംനൊന്തു കരയുന്ന മകളുടെ ശബ്ദം മലയാളികൾ കേട്ടത് ഹൃദയവേദനയോടെയാണ് ..തല്ലിക്കൊല്ലാൻ കൂട്ടുന്ന പോലീസുകാരനോടാണ് ആ പാവം മകൾ പറഞ്ഞത് ‘വയ്യ എന്ന് പറഞ്ഞിട്ടും ഇടിച്ചില്ലേ സാറേ.. ഇപ്പോൾ എൻറെ പപ്പാ പോയില്ലേ..’. കണ്ണീരിൽ കുതിർന്ന ചോദ്യങ്ങൾ കേട്ടത് ഇടിയൻ പോലീസാണ്.. തന്റെ കാതിൽ കേട്ട നിലവിളിയെ ഒരുപക്ഷേ സംഗീതം പോലെ ആസ്വദിച്ചു കാണും ആ നരാധമൻ. എന്നാൽ കേരള ജനത അത് കേട്ട് ഒന്ന് വിങ്ങിയിരുന്നു.. നാളെ നമുക്കും ഈ അവസ്ഥ വരാമെന്ന് മനസ്സിൽ മന്ത്രിച്ചിരുന്നു.

എന്താണ് ഇവരൊക്കെ ഇങ്ങനെ? കാക്കിയിട്ട ഒരു നിയമപാലകനെ കാണുമ്പോൾ നമുക്ക് ഒരു ബലമാണ് തോന്നേണ്ടത്.. നമ്മളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്ന ധൈര്യമാണ് നമുക്കുണ്ടാവേണ്ടത്. എന്നാൽ ഒരു പരാതിയുമായി സ്റ്റേഷനിൽ എത്തുന്ന എത്ര പേരോട് മാന്യമായി പെരുമാറുന്നു എന്നൊരു സർവ്വേ എടുത്താൽ അഭിപ്രായം പെരുമഴ തന്നെ നമുക്ക് കാണാനാവും.. ജനങ്ങൾക്ക് ധൈര്യപൂർവ്വം കടന്നുവരാവുന്ന കേന്ദ്രങ്ങളാവണം പോലീസ് സ്റ്റേഷൻ.. എങ്കിൽ മാത്രമേ ഒരു ക്രൈം ഒളിപ്പിക്കാതിരിക്കുകയുള്ളൂ… അല്ലാതെ കാക്കിയിട്ടാൽ ജനങ്ങളെ ഭയപ്പെടുത്തുകയും അകറ്റി നിർത്തുകയും ചെയ്യുമ്പോൾ കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയും അന്വേഷണത്തെ ബാധിക്കുകയും ചെയ്യും.. തുറന്നുപറയാൻ ജനം ഭയക്കും.