തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ പൊതുഗതാഗത സൗകര്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി രണ്ട് പുതിയ പ്രിയദർശിനി ബസ് സർവീസുകൾ കൂടി ആരംഭിച്ചു. പേരൂർക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന ചടങ്ങിൽ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പുതിയ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തു.
പുതിയ സർവീസുകളിൽ ഒന്നാണ് പേരൂർക്കട ഡിപ്പോയിൽ നിന്ന് കിഴക്കേക്കോട്ട – വട്ടിയൂർക്കാവ് – മലമുകൾ റൂട്ടിൽ ആരംഭിച്ച ബസ്. മറ്റൊന്ന് വികാസ് ഭവൻ ഡിപ്പോയിൽ നിന്ന് പട്ടം, കുന്നുകുഴി വാർഡുകളെ ബന്ധിപ്പിച്ച് കിഴക്കേക്കോട്ട – കണ്ണമ്മൂല – മെഡിക്കൽ കോളേജ് – ചെമ്പഴന്തി – പോത്തൻകോട് റൂട്ടിലൂടെയാണ് സർവീസ് നടത്തുക.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ റൂട്ടുകൾ അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. പേരൂർക്കട, വികാസ് ഭവൻ ഡിപ്പോകളുടെ വികസനത്തിനായി വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പേരൂർക്കട ഡിപ്പോയിൽ ഏകദേശം 9 കോടി രൂപയുടെ വികസന പദ്ധതികൾ, ജീവനക്കാർക്കുള്ള വിശ്രമകേന്ദ്രം ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ എന്നിവ സർക്കാർ പരിഗണനയിലാണെന്നും, എം.എൽ.എ–എം.പി ഫണ്ടുകൾ ഉൾപ്പെടെ ഇതിനായി വിനിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വികാസ് ഭവൻ ഡിപ്പോയ്ക്കായി പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്പം അധ്യക്ഷത വഹിച്ച ചടങ്ങിൽ പേരൂർക്കട അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ഗോപകുമാർ, വികാസ് ഭവൻ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ഗിരീഷ് കുമാർ, ഇരു ഡിപ്പോകളിലെയും ജീവനക്കാർ എന്നിവർ പങ്കെടുത്തു.



