തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടർന്ന് ആറു ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ഓഗസ്റ്റ് 4, ചൊവ്വ) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
തൃശൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പ്രൊഫഷണൽ കോളേജുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതുപരീക്ഷകൾക്കും മറ്റ് പരീക്ഷകൾക്കും മാറ്റമില്ല.
കണ്ണൂരിൽ മൂന്ന് താലൂക്കുകളിൽ മാത്രം അവധി
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.
വയനാട്, ഇടുക്കിയിൽ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി
വയനാട്, ഇടുക്കി ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
കനത്ത മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
- മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകളും വിനോദസഞ്ചാര യാത്രകളും പരമാവധി ഒഴിവാക്കുക.
- പുഴകൾ, അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്.
- ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുള്ളതിനാൽ ജലാശയങ്ങളുടെ സമീപത്ത് അനാവശ്യമായി പോകുന്നത് ഒഴിവാക്കുക.
- കാലാവസ്ഥാ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഔദ്യോഗിക മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കുക.

