Mon Aug 03, 2026 5:23 pm
FLASH
X

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വീഴ്ചയില്ല; പ്രളയബാധിതർക്കായി സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Latest News / HOME / Kerala August 3, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക സന്നാഹം ഒരുക്കിയിട്ടുണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ ദുരന്തനിവാരണ വകുപ്പ് ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഎംഡി അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ജാഗ്രത ശക്തമാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.

ഡാമുകളിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു ഡാമിലും വെള്ളം തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും നിലവിൽ മൂഴിയാർ മേഖലയിലാണ് കൂടുതൽ ജാഗ്രത ആവശ്യമുള്ളതെന്നും അദ്ദേഹം പറഞ്ഞു. 350 മില്ലീമീറ്റർ വരെ മഴ ലഭിച്ചതാണ് അവിടുത്തെ സാഹചര്യം ഗുരുതരമാക്കിയതെന്നും വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

പ്രളയബാധിതർക്കുള്ള സഹായധനം

പ്രളയത്തിൽ മരിച്ചവരുടെ സംസ്കാരച്ചടങ്ങുകൾക്കായി 10,000 രൂപ, വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങൾക്ക് 10,000 രൂപ, വീടും സ്ഥലവും പൂർണമായി നഷ്ടമായവർക്ക് 12 ലക്ഷം രൂപ, വീട് മാത്രം നഷ്ടമായവർക്ക് 8 ലക്ഷം രൂപ വീതം സഹായധനം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിക്കുകയും 7 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ദുരിതബാധിതർക്കായി 316 ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ടെന്നും 165 ഹെക്ടർ കൃഷിയിടങ്ങളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രളയസാഹചര്യത്തിനിടെ വിരുന്നിൽ പങ്കെടുത്തുവെന്ന ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. ഭക്ഷണം കഴിച്ചതിനെ ചൊല്ലിയുള്ള വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്നും വൈകുന്നേരം മൂന്ന് മണിക്കാണ് ഭക്ഷണം കഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഹെലികോപ്റ്റർ യാത്ര ഔദ്യോഗിക ആവശ്യത്തിനായിരുന്നുവെന്നും അതിലൂടെ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാർട്ടി പരിപാടിക്കല്ല, ഔദ്യോഗിക യാത്രയ്ക്കാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു