തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന് അവധി ലഭിക്കാൻ വഴിയൊരുക്കിയെന്ന വിവാദത്തിൽ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് നടപടി ഉണ്ടായേക്കും. വിഷയത്തിൽ ആഭ്യന്തര-തദ്ദേശ സെക്രട്ടറിമാർ മന്ത്രിമാർക്ക് റിപ്പോർട്ട് സമർപ്പിക്കും.
തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയുടെ ഭാഗത്താണ് ഗുരുതര വീഴ്ച സംഭവിച്ചതെന്നാണ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. വകുപ്പ് സെക്രട്ടറിയുടെയും മന്ത്രിയുടെയും എതിർപ്പ് മറികടന്നാണ് അവധി അനുവദിക്കാനുള്ള നടപടികൾക്ക് അനുകൂലമായ ഉപദേശം നൽകിയതെന്നാണ് കണ്ടെത്തൽ.
ജയിലിൽ കഴിയുന്ന കൗൺസിലർ സുഗതൻ ജയിൽ സൂപ്രണ്ടിലൂടെ മേയർക്ക് അവധി അപേക്ഷ നൽകിയിരുന്നു. അപേക്ഷ ലഭിച്ച വിവരം ആഭ്യന്തര വകുപ്പിനെ അറിയിച്ചതല്ലാതെ തുടർനടപടി ആവശ്യപ്പെട്ടിരുന്നില്ല. എന്നിരുന്നാലും ഫയൽ അഭിപ്രായത്തിനായി തദ്ദേശ വകുപ്പിലേക്ക് കൈമാറി.
ഫയലിൽ തീരുമാനമെടുക്കേണ്ടതില്ലെന്ന് സെക്ഷൻ അസിസ്റ്റന്റും വകുപ്പ് സെക്രട്ടറിയും രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ഫയൽ അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ പരിഗണനയിലെത്തുകയും, അവധി അപേക്ഷ കൗൺസിലിൽ വോട്ടിനിട്ട് പാസാക്കിയാൽ കൗൺസിലർ സ്ഥാനം നിലനിൽക്കാമെന്ന ഉപദേശം നൽകുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ഇതേ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിൽ നിന്ന് മറുപടിക്കത്ത് നൽകിയതെന്നാണ് വിവരം.
ഈ ഉപദേശം ചൂണ്ടിക്കാട്ടിയാണ് സുഗതന് ആറുമാസത്തെ അവധി കൗൺസിൽ പാസാക്കിയത്. സംഭവത്തിൽ തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വിഷയത്തിൽ കോൺഗ്രസ്-ബിജെപി ധാരണയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.



