തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ പൊൻമുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായി. കല്ലാർ–പൊൻമുടി റോഡിലെ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് സമീപമുള്ള ഇടിയകോവിൽ ഭാഗത്തുമാണ് മണ്ണിടിഞ്ഞത്. ഇതോടെ പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടു.
ഇന്നലെ രാത്രി മലയോര മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായതെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. ഇന്ന് പുലർച്ചെയാകാം സംഭവം നടന്നതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു. വിതുരയിൽ നിന്ന് ഫയർഫോഴ്സ് സംഘവും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് ഇന്നും നാളെയും വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കില്ല. അതേസമയം, പ്രതികൂല കാലാവസ്ഥയെ തുടർന്ന് നെല്ലിയാമ്പതി ടൂറിസം കേന്ദ്രവും താൽക്കാലികമായി അടച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലും സന്ദർശകർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അച്ചൻകോവിൽ ഉൾവന മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണങ്ങൾ.



