എം.പി ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ സംയുക്തപരിശോധന നടത്തി
മൂവാറ്റുപുഴ: നഗരസഭാപരിധിയിലെ ബി.എസ്.എൻ.എൽ കെട്ടിടങ്ങളും സ്ഥലങ്ങളും കാടുകയറി നശിച്ചുപോകുകയാണെന്ന വ്യാപക പരാതിയെ തുടർന്ന് എം.പിയുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, ജനപ്രതിനിധികൾ, ബി.എസ്.എൻ.എൽ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി സ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.നഗരസഭാ അതിർത്തിക്കുള്ളിൽ അഞ്ച് പ്രോപ്പർട്ടികളിലായി ഏകദേശം 10 ഏക്കർസ്ഥലവും നിരവധി കെട്ടിടങ്ങളുമാണ് ഉള്ളത്. ബി.എസ്.എൻ.എല്ലിന്റെ ഉടമസ്ഥതയിലുള്ളത്.വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന ചില കെട്ടിടങ്ങൾ പൊളിച്ചുനീക്കേണ്ട അവസ്ഥയിലാണെങ്കിലും, ഭൂരിഭാഗം കെട്ടിടങ്ങളും നവീകരിച്ചാൽ സർക്കാർ ആവശ്യങ്ങൾക്കും പൊതുസേവന സ്ഥാപനങ്ങൾക്കുംഉപയോഗപ്പെടുത്താൻ കഴിയുന്ന നിലയിലാണെന്ന് പരിശോധനയിൽ കണ്ടെത്തി.
സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ കെട്ടിടങ്ങളും സ്ഥലങ്ങളും ലീസിനോ വാടകയ്ക്കോ നൽകാൻ ബി.എസ്.എൻ.എൽ തയ്യാറാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.പൊതുമുതൽ നശിക്കാൻ അനുവദിക്കില്ലെന്നും കെട്ടിടങ്ങൾ സംരക്ഷിച്ച് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള തുടർനടപടികൾ അടിയന്തരമായി ആരംഭിക്കുമെന്നും എം.പി ഡീൻ കുര്യാക്കോസ് അറിയിച്ചു. ഇക്കാര്യത്തിൽ നഗരസഭയ്ക്ക് ആവശ്യമായ എല്ലാപിന്തുണയും നിർദേശങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും സംയുക്തയോഗം അടിയന്തരമായി വിളിച്ചുചേർത്ത്, ആവശ്യക്കാർക്ക് ബി.എസ്.എൻ.എൽ കെട്ടിടങ്ങൾ വാടകയ്ക്കോ ലീസിനോ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി അറിയിച്ചു. അതിന് സാധിക്കാത്ത പക്ഷം,കെട്ടിടങ്ങളും സ്ഥലങ്ങളും നഗരസഭ ഏറ്റെടുത്ത് പൊതുപ്രയോജനത്തിനായി വിനിയോഗിക്കാനുള്ള സാധ്യതകളും ഗൗരവമായി പരിശോധിക്കുമെന്നും അവർ വ്യക്തമാക്കി.
സന്ദർശനത്തിൽ വൈസ് ചെയർമാൻ പി. എം. അബ്ദുൽസലാം, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ജിനു മടേക്കൻ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം ബി.എസ്.എൻ.എൽ ജനറൽ മാനേജർ ജേക്കബ് പി. ഐ., ഡെപ്യൂട്ടി ജനറൽ മാനേജർ കുഞ്ഞികോയ, അസി.ജനറൽ മാനേജർമാരായ സുരേഷ് എം.സി., വീരേഷ് , ബീന പി. പണിക്കർ എന്നിവർ ഉദ്യോഗസ്ഥരും കൂട്ടത്തിൽ ഉണ്ടായിരുന്നു.



