Mon Jun 22, 2026 11:58 pm
FLASH
X
booked.net

അയോധ്യക്ക് പിന്നാലെ മഥുരയിലും ക്ഷേത്രവിവാദം; ട്രസ്റ്റ് സെക്രട്ടറിക്കെതിരെ 1000 കോടിയുടെ അവിഹിത സ്വത്ത് സമ്പാദന ആരോപണം

National / News June 22, 2026

ലക്നൗ: അയോധ്യക്ക് പിന്നാലെ ഉത്തർപ്രദേശിലെ മറ്റൊരു പ്രമുഖ തീർത്ഥാടന കേന്ദ്രമായ മഥുര ശ്രീകൃഷ്ണ ക്ഷേത്രവും സാമ്പത്തിക വിവാദത്തിൽ. ക്ഷേത്രത്തിൽ കോടികളുടെ ക്രമക്കേട് നടക്കുന്നുണ്ടെന്നും ഇതിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പൂജാരി ദിനേഷ് പഹലാഗിരി മഹാരാജ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. എന്നാൽ, ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ ക്ഷേത്ര ട്രസ്റ്റ്, ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി വ്യക്തമാക്കി.

ഭഗവാന് 56 വിഭവങ്ങൾ സമർപ്പിക്കുന്ന പരമ്പരാഗത ചടങ്ങായ ‘ഛപ്പൻ ഭോഗ്’ വഴിപാടിൽ നിന്നുള്ള വരുമാനം, ഭക്തർ സമർപ്പിക്കുന്ന സ്വർണം-വെള്ളി ആഭരണങ്ങൾ, സംഭാവനകൾ എന്നിവയുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ പൂജാരിയായ ദിനേഷ് പഹലാഗിരി മഹാരാജും ക്ഷേത്ര മാനേജ്മെന്റും തമ്മിൽ പരസ്പരം ഉന്നയിക്കുന്ന ആരോപണ പ്രത്യാരോപണങ്ങളാണ് വിവാദമായിരിക്കുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട പഹലാഗിരി മഹാരാജ്, ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സൻസ്ഥാൻ സെക്രട്ടറി കപിൽ ശർമയ്ക്ക് 1,000 കോടി രൂപയുടെ അവിഹിത സ്വത്തുണ്ടെന്നും ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ പൂർണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് കപിൽ ശർമ വ്യക്തമാക്കി.

ജൂൺ 20ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ, ഏത് ഉന്നത ഏജൻസിയുടെയും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ട്രസ്റ്റ് അറിയിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യാതൊരു ശമ്പളവും കൈപ്പറ്റാതെയാണ് താൻ ഈ ക്ഷേത്രത്തിന് വേണ്ടി പ്രവർത്തിക്കുന്നത്. ഔദ്യോഗിക യാത്രകളുടെ ചെലവ് പോലും സ്വന്തം പോക്കറ്റിൽ നിന്നാണ് എടുക്കുന്നത്. ക്ഷേത്രത്തിന്റെ അക്കൗണ്ടുകളും എന്റെ വ്യക്തിപരമായ ആസ്തികളും ഒരു യോഗ്യതയുള്ള അതോറിറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഭക്തർക്ക് മുന്നിൽ സത്യം പുറത്തുകൊണ്ടുവരാൻ ഈ അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നും കപിൽ ശർമ കത്തിൽ ആവശ്യപ്പെട്ടു. തീർഥാടകരെ തെറ്റിദ്ധരിപ്പിക്കാനും ക്ഷേത്രത്തിന്റെ കീർത്തി നശിപ്പിക്കാനുമാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഹലാരി മഹാരാജിനെതിരെ മഥുരയിലെ ഗോവിന്ദ് നഗർ പൊലീസ് സ്റ്റേഷനിൽ ട്രസ്റ്റ് പരാതി നൽകിയിട്ടുണ്ട്. സമാനമായ പേരിൽ മറ്റൊരു ട്രസ്റ്റ് നടത്തി ഭക്തരെ വഞ്ചിച്ചതായും, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.

അതേസമയം, അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരം മൂന്നംഗ പ്രത്യേക അന്വേഷണ സംഘം അവിടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾ ക്ഷേത്രഭരണത്തിൽ കൂടുതൽ സുതാര്യത ആവശ്യപ്പെടുമ്പോൾ, അന്വേഷണം സനാതന ധർമത്തോടുള്ള അപമാനമാണ് എന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വിമർശിച്ചു. എന്നാൽ തെറ്റായ പ്രചാരണങ്ങളെ ചെറുക്കാനാണ് തങ്ങൾ അന്വേഷണം ആവശ്യപ്പെട്ടതെന്നാണ് അയോധ്യ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ വിശദീകരണം.