Wed Aug 12, 2026 5:26 pm
FLASH
X

ആർക്കും ഷെയർ ചെയ്യാനാവാത്ത സന്ദേശങ്ങൾ; വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് ഉടൻ

Tech June 18, 2026

ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്, ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കുന്നതിനായി പുതിയ ഫീച്ചർ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഐഫോൺ ഉപയോക്താക്കൾക്കായി ‘വ്യൂ-വൺസ്’ ടെക്സ്റ്റ് മെസേജുകൾ അവതരിപ്പിക്കാനുള്ള പരീക്ഷണങ്ങളിലാണ് കമ്പനി. നിലവിൽ വികസന ഘട്ടത്തിലുള്ള ഈ ഫീച്ചർ ബീറ്റാ ഉപയോക്താക്കൾക്ക് പോലും ലഭ്യമായിട്ടില്ല.

വാട്‌സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന ‘വാബീറ്റ ഇൻഫോ’ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വാട്‌സ്ആപ്പ് ബീറ്റ ഫോർ ഐഓഎസ് പതിപ്പ് 26.24.10.16-ൽ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും, ഇത് ഇതുവരെ പ്രവർത്തനക്ഷമമാക്കിയിട്ടില്ല. നിലവിൽ ഫോട്ടോകൾ, വീഡിയോകൾ, വോയ്‌സ് നോട്ടുകൾ എന്നിവയ്ക്കായി ലഭ്യമായ ‘വ്യൂ-വൺസ്’ സൗകര്യം ടെക്സ്റ്റ് സന്ദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് വാട്‌സ്ആപ്പിന്റെ തീരുമാനം.

ഈ ഫീച്ചർ വരുന്നതോടെ, സന്ദേശം ടൈപ്പ് ചെയ്ത ശേഷം ‘സെൻഡ്’ ബട്ടൺ ദീർഘനേരം അമർത്തിപ്പിടിച്ച് ‘സെൻഡ് ആസ് വ്യൂ വൺസ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. സന്ദേശം സ്വീകരിക്കുന്നയാൾക്ക് അത് ഒരു തവണ മാത്രമേ വായിക്കാൻ സാധിക്കൂ. തുറന്നുകഴിഞ്ഞാൽ സന്ദേശം പിന്നീട് കാണാനോ വീണ്ടെടുക്കാനോ കഴിയില്ല. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും ഇത് ലഭ്യമാകും, എന്നാൽ വാട്‌സ്ആപ്പ് ചാനലുകളിൽ ഈ സൗകര്യം ഉണ്ടായേക്കില്ല.

നിലവിൽ വ്യൂ-വൺസ് മീഡിയ ഫയലുകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ തന്നെയാകും ടെക്സ്റ്റ് സന്ദേശങ്ങൾക്കും ഉണ്ടാവുക. സന്ദേശങ്ങൾ കോപ്പി ചെയ്യുക, ഫോർവേഡ് ചെയ്യുക, ഷെയർ ചെയ്യുക, സ്‌ക്രീൻഷോട്ട് അല്ലെങ്കിൽ സ്‌ക്രീൻ റെക്കോർഡ് എടുക്കുക തുടങ്ങിയവയ്ക്ക് ഇതിൽ നിയന്ത്രണമുണ്ടാകും. താൽക്കാലികമായി മാത്രം വിവരങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഫീച്ചർ ഏറെ സഹായകരമാകും. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, ഡിസപ്പിയറിംഗ് മെസേജുകൾ എന്നിവയ്ക്ക് പുറമെ ഇതും കൂടി എത്തുന്നതോടെ വാട്‌സ്ആപ്പിന്റെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാകും.