Tue Aug 04, 2026 5:38 am
FLASH
X

ആരോഗ്യരംഗത്തെ അറുപതോളം വിദഗ്ദ്ധരുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ ചർച്ച നടത്തി

HOME / Kerala June 6, 2026

തിരുവനന്തപുരം : ആരോഗ്യരംഗത്തെയും അനുബന്ധ വിഭാഗങ്ങളിലെയും അറുപതോളം വിദഗ്ദ്ധരുമായി തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി കെ. മുരളീധരൻ ചർച്ച നടത്തി. ആരോഗ്യ കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കിയ വിദഗ്‌ദ്ധരെയാണ് ആരോഗ്യ മന്ത്രി നേരിൽ കണ്ടത്. ആരോഗ്യ കമ്മിഷൻ്റെ കണ്ടെത്തലുകൾ കേരളത്തിൻ്റെ ആരോഗ്യരംഗത്തിന് നേർക്ക് പിടിച്ച കണ്ണാടിയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. താൻ ആരോഗ്യ വിദഗ്ദ്ധൻ അല്ലെന്നും അതിനാൽ ഭരണത്തിൻ വിദഗ്‌ദ്ധരുടെ പരിപൂർണ പിന്തുണ നിരന്തരം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കമ്മിഷൻ ശുപാർശകൾ നടപ്പാക്കാൻ ആരോഗ്യ രംഗത്തെ വിദഗ്ദ്ധസംഘവുമായി നിരന്തരം സമ്പർക്കം പുലർത്തുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരുകൾക്ക് പറ്റിയ പിഴവുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ആരോഗ്യവകുപ്പിനെ കൂടുതൽ ജനകീയമാക്കാനും ചികിത്സാ സംവിധാനങ്ങളെ രോഗി-കേന്ദ്രീകൃതമാക്കാനും ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ: എസ്.എസ്. ലാൽ അദ്ധ്യക്ഷനായ യോഗത്തിൽ ഡോ: ശ്രീജിത് എൻ കുമാർ, ഡോ: പി.എൻ അജിത, ഡോ: രാജൻ ജോസഫ് മാഞ്ഞൂരാൻ തുടങ്ങിയവർ സംസാരിച്ചു. പത്മശ്രീ ഡോ: മാർത്താണ്ഡ പിള്ള, ഡോ: ആർ.വി അശോകൻ, ഡോ: വി രാമൻ കുട്ടി, ഡോ: കെ.എസ്. മനോജ് എന്നിവരും പങ്കെടുത്തു.