Tue Aug 04, 2026 5:34 am
FLASH
X

വിഴിഞ്ഞം തുറമുഖത്തിന് ചരിത്രനേട്ടം; ചരക്കുനീക്കത്തിൽ റെക്കോർഡ്, പൊൻതൂവലായി ഐറിനയും വെറോണയും

HOME / Kerala May 31, 2026

വിഴിഞ്ഞം∙ പ്രവർത്തനം തുടങ്ങി 18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം ടിഇയു (ട്വന്റി ഫൂട്ട്–ഇക്വലന്റ് യൂണിറ്റ്സ്) കൈകാര്യം ചെയ്ത് ചരിത്രനേട്ടം കൈവരിച്ച് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. രാജ്യത്തെ ഏറ്റവും വേഗമേറിയ നേട്ടമാണിതെന്ന് തുറമുഖ അധികൃതർ അവകാശപ്പെട്ടു.

തുറമുഖത്ത് 67 അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകൾ ഉൾപ്പെടെ ഇതിനകം 950ൽ അധികം കപ്പലുകൾ എത്തി. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ എംഎസ‌്‌സി ഐറിന, എംഎസ്‌സി വെറോണ എന്നിവയും ഇവിടെ നങ്കൂരമിട്ടു.സംസ്ഥാനസർക്കാർ ഉടമസ്ഥതയിൽ, അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ നിർമിച്ച തുറമുഖത്തിന്റെ വാണിജ്യ പ്രവർത്തനം 2024 ഡിസംബറിൽ തുടങ്ങി. 2025 മേയിൽ രാജ്യത്തിനു സമർപ്പിച്ചു.

2025 ഓഗസ്റ്റിൽ വിഴിഞ്ഞം 10 ലക്ഷം ടിഇയു നേട്ടം കൈവരിച്ചു. രാജ്യാന്തര കപ്പൽ പാതയിൽനിന്ന് 10 നോട്ടിക്കൽ മൈൽ അകലെ സ്ഥിതിചെയ്യുന്ന വിഴിഞ്ഞം ദക്ഷിണേഷ്യ, പശ്ചിമേഷ്യ, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ട്രാൻസ്ഷിപ്മെന്റ് ഹബ്ബായി വളരുകയാണ്.

രാജ്യത്തെ വലിയൊരു വിഹിതം ട്രാൻസ്ഷിപ്മെന്റ് ചരക്കുകൾ വിദേശ ഹബ്ബുകളിലൂടെയാണു കൈകാര്യം ചെയ്തിരുന്നത്. ഏകദേശം 16,000 കോടി രൂപയുടെ നിക്ഷേപത്തോടെ തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം പുരോഗമിക്കുകയാണ്. 2028ഓടെ പൂർത്തിയാകും. തുടർന്ന് കണ്ടെയ്നർ കൈകാര്യശേഷി വർധിച്ച് സമ്പൂർണ എക്സ്പോർട്ട്-ഇംപോർട്ട്(എക്സിം) പ്രവർത്തനങ്ങൾക്കു വഴിയൊരുങ്ങും.