Thu May 21, 2026 9:35 pm
FLASH
X
booked.net

പരീക്ഷണ കാലം കടന്ന് കെ മുരളീധരൻ,തളരാത്ത പോരാട്ടവീര്യവുമായി മുന്നോട്ട്

Kerala / News May 21, 2026

ഒടുവിൽ പരീക്ഷണ കാലം മറികടന്ന് കണ്ണോത്ത് മുരളീധരൻ എന്ന കെ മുരളീധരൻ മന്ത്രിസഭയിലെത്തി. എക്കാലവും മാസ് ആയിരുന്നു കെ മുരളീധരൻ. പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിക്കുവേണ്ടി പോരാടിയ ചരിത്രമുണ്ട് അദ്ദേഹത്തിന്. അതൊരു വല്ലാത്ത കാലം കൂടിയായിരുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ ശക്തമായ നിലപാടുകൊണ്ടും വിവാദങ്ങളിൽ അളന്നുമുറിച്ച വാക്കുകൾകൊണ്ടും വേറിട്ട ശൈലിയാണ് കെ മുരളീധരനുള്ളത്. . കെ. കരുണാകരന്റെ മകനെന്ന നിലയിൽ പാർട്ടിയിലേക്കെത്തിയ അദ്ദേഹം രണ്ടുപതിറ്റാണ്ടുമുൻപ് കെപി.സി.സി. പ്രസിഡന്റ് പദവിയിൽവരെ എത്തി. കേരള രാഷ്ട്രീയത്തിൽ കെ മുരളീധരനെ പോലെ വീഴ്ചകളും അതിനേക്കാൾ ശക്തമായ തിരിച്ചു വരവും നടത്തിയ നേതാക്കൾ ഒരുപക്ഷെ കുറവായിരിക്കും.


2001ൽ കെപിസിസി അധ്യക്ഷനായതു മുതൽ ഇപ്പോൾ വട്ടിയൂർക്കാവിൽ ജയിച്ചതുവരെയുള്ള കെ. മുരളീധരൻ്റെ രാഷ്ട്രീയ ജീവിതത്തിൽ കയറ്റിറക്കങ്ങളുടെ സമവാക്യം കാണാം. കെപിസിസി പ്രസിഡന്റ് ആയിരിക്കെ എ.കെ. ആന്റണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കെ മുരളീധരൻ സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അവസാന മുഖമായിരുന്നു. പക്ഷെ നിയമസഭയിലെത്താൻ വടക്കാഞ്ചേരിയിൽ ഉപതെരെഞ്ഞടുപ്പ് നേരിട്ടപ്പോൾ പരാജയമായിരുന്നു ഫലം.

ആ തോൽവി കേരളത്തിലെ കോൺഗ്രസ് കണ്ട വലിയ പിളർപ്പുകളിൽ ഒന്നിന് വഴിവെട്ടുകയും ചെയ്തു. രാജ്യസഭാംഗത്വത്തെ ചൊല്ലി കോൺഗ്രസ് ഹൈക്കമാൻ്റുമായി തെറ്റി പിരിഞ്ഞ പിതാവ് കെ.കരുണാകരന് ഒപ്പം 2005-ൽ കോൺഗ്രസ് പാർട്ടി വിട്ട കെ.മുരളീധരൻ പിന്നീട് 2011-ൽ കോൺഗ്രസ് പാർട്ടിയിൽ തിരിച്ചെത്തി.
2005-ൽ കോൺഗ്രസ് നേതാവായ അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേൽ എന്ന് വിളിച്ചതിനെ തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്ന് ആറ് വർഷത്തേയ്ക്ക് മുരളീധരനെ സസ്പെൻഡ് ചെയ്തു.

അതിനുശേഷം 2005-ൽ കെ. കരുണാകരന്റെ നേതൃത്വത്തിൽ രൂപംകൊണ്ട പുതിയ പാർട്ടിയായ ഡി.ഐ.സി (കെ)യുടെ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 2005-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി ധാരണയിലെത്തിയെ ഡി.ഐ.സി (കെ) സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വിജയിച്ചു. പിന്നീട് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻനും വെളിയം ഭാർഗവൻ അടക്കമുള്ള സി.പി.ഐ നേതാക്കളും ഡി.ഐ.സിക്കെതിരെ കടുത്ത വിമർശനം നടത്തിയതിനെ തുടർന്ന് ഡി.ഐ.സി (കെ)യെ ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കി.

പിന്നീട് 2006-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേതൃത്വവുമായി ഡി.ഐ.സി (കെ) ധാരണയിലെത്തി. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ.മുരളീധരൻ സി.പി.എം സ്വതന്ത്രനായ പി.ടി.എ.റഹീമിനോട് തോറ്റു.

2006 നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഘടകകക്ഷിയായി മത്സരിച്ച ഡി.ഐ.സി (കെ) എന്ന പാർട്ടിയ്ക്ക് ഒരു സ്ഥലത്ത് മാത്രമാണ് വിജയിക്കാനായത്. ഇതിനിടയിൽ ചില പാർട്ടി നേതാക്കൾ മാതൃസംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലേക്ക് തിരിച്ചുപോകാൻ താല്പര്യം പ്രകടിപ്പിച്ചു. ഇത് ഡി.ഐ.സി.(കെ)യുടെ പിളർപ്പിലേക്ക് നയിച്ചു.

2007-ൽ കെ. കരുണാകരനോടൊപ്പം കെ. മുരളീധരനും ഡി.ഐ.സി (കെ) പാർട്ടിയും എൻ.സി.പിയിൽ ലയിച്ചു. 2007 ഡിസംബർ 31-ന് കെ. കരുണാകരൻ കോൺഗ്രസിലേയ്ക്ക് തിരിച്ചുപോയെങ്കിലും മുരളീധരൻ എൻ.സി.പിയിൽ തുടർന്നു. 2009 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽനിന്ന് കെ. മുരളീധരൻ എൻ.സി.പി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായി. 2009-ൽ മുരളീധരനെ എൻ.സി.പിയിൽ നിന്ന് പുറത്താക്കി. പിന്നീട് ആറു വർഷത്തിനു ശേഷം 2011 ഫെബ്രുവരി 15ന് കെ.മുരളീധരൻ കോൺഗ്രസ് പാർട്ടിയിൽ തിരിച്ചെത്തി. 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ നിന്ന് കോൺഗ്രസിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച മുരളീധരൻ സിപിഎമ്മിലെ ചെറിയാൻ ഫിലിപ്പിനെ പരാജയപ്പെടുത്തി നിയമസഭ അംഗമായി. 2016ൽ വട്ടിയൂർക്കാവിൽ നിന്ന് തന്നെ വീണ്ടും നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.. ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഒട്ടേറെ വികസന പ്രവർത്തനങ്ങൾ അദ്ദേഹം വട്ടിയൂർക്കാവിൽ ചെയ്തു.

വീണ്ടും പ്രതിസന്ധി കാലം. കെ.പി.സി.സി പ്രസിഡൻറായതിനെ തുടർന്ന് മത്സരരംഗത്ത് നിന്നൊഴിവായ മുല്ലപ്പള്ളി രാമചന്ദ്രന് പകരക്കാരനായി 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വടകര ലോക്സഭാ മണ്ഡലത്തിൽനിന്ന് ജനവിധി തേടുവാൻ വട്ടിയൂർക്കാവ് എം.എൽ.എ ആയിരുന്ന മുരളീധരനെ കോൺഗ്രസ് നിയോഗിച്ചതിനെ തുടർന്ന് എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഎമ്മിലെ പി.ജയരാജനെ പരാജയപ്പെടുത്തിയ കെ.മുരളീധരൻ 1999-ന് ശേഷം വീണ്ടും ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നിയമസഭാംഗത്വം രാജിവച്ചു. തുടർന്ന് 2019-ൽ നടന്ന നിയമസഭ ഉപ-തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റ് കോൺഗ്രസിന് നഷ്ടമായി.


2021-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും മാർക്സിസ്റ്റ് പാർട്ടിയിലെ വി.ശിവൻകുട്ടിയോട് പരാജയപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനമാണ് ലഭിച്ചത്. 2024-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് മാറി തൃശൂരിൽ എത്തി മത്സരിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപിയോട് പരാജയപ്പെട്ടു. തൃശൂരിലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച വി.എസ്.സുനിൽ കുമാറിന് പിന്നിൽ മൂന്നാം സ്ഥാനമാണ് മുരളീധരന് കിട്ടിയത്.

2024 ൽ മുരളിയെ തൃശൂരിലേക്ക് പാർട്ടി നിയോഗിച്ചത് ഏറ്റവും അവസാന നിമിഷമായിരുന്നു. കേരളം മുഴുവൻ യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയും പതിനെട്ട് മണ്ഡലങ്ങളിൽ മുന്നണി സ്ഥാനാർഥികൾ ജയിച്ചു വരികയും ചെയ്തപ്പോൾ തൃശൂരിൽ മുരളീധരൻ മൂന്നാമതായി. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും പൊതുരംഗത്ത് നിന്നു മാറിനിൽക്കുന്നുമെന്നും മുരളീധരൻ പ്രഖ്യാപിച്ചപ്പോൾ പലരും കരുതിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമെന്നാണ്. പക്ഷെ ഒരു ഇടവേളയ്ക്ക് ശേഷം വട്ടിയൂർക്കാവിൽ തിരിച്ചെത്തി മണ്ഡലം തിരിച്ചു പിടിച്ച മുരളീധരൻ ഇത്തവണ ജനവിധി നേടി, ജയിച്ചു തന്നെ മന്ത്രിയായി. അത് കാലത്തിന്റെ കാവ്യ നീതി കൂടിയാണ്. വട്ടിയൂര്‍ക്കാവിലേയ്ക്ക് മടങ്ങിയത്തുമ്പോള്‍ വി.കെ.പ്രശാന്തിന്‍റെ ജനകീയതയും ആര്‍.ശ്രീലേഖയുടെ പോരാട്ടവീറും നിസാര വെല്ലുവിളിയല്ല ഉയര്‍ത്തിയത്.

മാർ ഇവാനിയോസ് കോളേജിൽനിന്ന് ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവും (LLB) നേടിയ അദ്ദേഹം ഇന്ന് സംസ്ഥാനത്തെ മന്ത്രിയായിരുന്നു. ഏതൊക്കെ വകുപ്പുകൾ ആണെന്നതും ശ്രദ്ധേയം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ പഴികേട്ട രണ്ടു വകുപ്പുകൾ. ആരോഗ്യവും ദേവസ്വവും. അടിമുടി പരാജയമായിരുന്നു രണ്ടാം മന്ത്രി സഭയിലെ ആരോഗ്യവകുപ്പ്. കോവിഡ് മഹാമാരിയെയും നിപ്പയെയും സമർത്ഥമായി നേരിട്ട മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയെ അപേക്ഷിച്ചു നോക്കുമ്പോൾ വീണാ ജോർജ്ജ് വട്ടപ്പൂജ്യമായിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ചികിത്സ പിഴവുകളിൽ ആരോഗ്യമന്ത്രി തേടിയത് ഒരു ലോഡ് റിപ്പോർട്ടുകൾ. 43 തവണ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയെന്നാണ് വിവരാവകാശ രേഖ പറയുന്നത്. റിപ്പോർട്ട് തേടൽ മാത്രമാണ് പലപ്പോഴും നടന്നത്. നടപടികൾ അധികമൊന്നുമുണ്ടായില്ല.


ദേവസ്വം ബോർഡിന്റെ കാര്യം പറയാനില്ല. അയ്യപ്പൻറെ ദ്വാരപാലകശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ പുറത്തുപോയതിൽ തുടങ്ങിയ അന്വേഷണം എവിടെയെല്ലാമാണ് എത്തിയത്? മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെയും ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിലും വരെയെത്തി കാര്യങ്ങൾ. കേരളത്തിലെ, അല്ല ദക്ഷിണേന്ത്യയിലെ തന്നെ മഹാക്ഷേത്രമായ ശബരിമലയിൽ നടന്ന ഈ സ്വർണ്ണക്കൊള്ള ഇടതു സർക്കാരിനെ വലിയ രീതിയിലാണ് പ്രതിസന്ധിയിലാക്കിയത്. പോറ്റിയെ കേറ്റിയെ എന്ന പാട്ട് യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് ഗാനമായി മാറി. ഈ രണ്ടു വകുപ്പുകളാണ് ഇപ്പോൾ മുരളീധരന്റെ കൈകളിൽ എത്തിയിരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറായ കെ എമ്മിന് ഈ വകുപ്പുകളെ നേർവഴിയിൽ എത്തിക്കാൻ കഴിയുമെന്ന് ഉറപ്പാണ്. അതിന് അദ്ദേഹത്തിനാകട്ടെ.

അനീഷ് തകടിയിൽ