Wed May 06, 2026 3:04 pm
FLASH
X
booked.net

ആശുപത്രിയിൽ ഉപേക്ഷിക്കുന്നവരെ സംരക്ഷിക്കാൻ ജില്ലകളിൽ ഒരു സ്ഥാപനമെങ്കിലും ആരംഭിക്കണം : മനുഷ്യാവകാശ കമ്മീഷൻ

Kerala / News May 6, 2026

തിരുവനന്തപുരം : ആശുപത്രികളിൽ ഉപേക്ഷിക്കപ്പെട്ട് അവശത അനുഭവിക്കുന്ന രോഗികളെ പരിചരിക്കുന്നതിന് ഒരു ജില്ലയിൽ ഒരു സ്ഥാപനമെങ്കിലും ആരംഭിക്കണമെന്ന സാമൂഹികനീതി വകുപ്പിന്റെ ശുപാർശയിൽ സർക്കാർ അനുഭാവപൂർവ്വം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

സർക്കാർ ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്ന രോഗികളെ സംബന്ധിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.കൂടുതൽ സന്നദ്ധ സംഘനടകൾക്ക് ഗ്രാന്റ് നൽകി തെരുവുകളിൽ അലഞ്ഞു തിരിയുന്നവരെയും രോഗം ഭേദമായ ശേഷം ബന്ധുക്കൾ ഏറ്റെടുക്കാത്തവരെയും സംരക്ഷിക്കുന്നതിനായി എല്ലാ ജില്ലകളിലും ദുർബല ജനവിഭാഗം പദ്ധതി വ്യാപിപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.  സാമൂഹികനീതി വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

സാമൂഹികനീതി വകുപ്പ് ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി

ആരുമില്ലാത്തവരെ സംരക്ഷിക്കാൻ സന്നദ്ധ സംഘടനകൾക്ക് ദുർബലജനവിഭാഗം പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാന്റ് നൽകുന്നതായി സാമൂഹികനീതി വകുപ്പ് കമ്മീഷനെ അറിയിച്ചു.  തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.  കണ്ണൂർജില്ലയിൽ ഒരു സ്ഥാപനത്തിനായി സർക്കാരിന് പ്രൊപ്പോസൽ നൽകിയിട്ടുണ്ട്.  സർക്കാർ ഉടമസ്ഥതയിലുള്ള 16 വൃദ്ധസദനങ്ങളും ഓർഫനേജ് കൺട്രോൾ ബോർഡിന് കീഴിൽ 600 ഓളം സ്ഥാപനങ്ങളിലും  കിടപ്പിലായവരെ പരിചരിക്കാൻ മനുഷ്യവിഭവ ശേഷി ഇല്ലാത്തതിനാൽ സേവനം പരിമിതമായി മാത്രമാണ് നൽകാൻ കഴിയുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞു.