ആന്ത്രോപൊസീൻ പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ഭാഗമായി “Flora as Archives: Reconstructing the Biogeographical Evolution, Vegetation History and Endemism of Kerala’s Western Ghats” എന്ന വിഷയത്തിൽ പ്രഭാഷണം നടന്നു. പ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ പി വി കരുണാകരൻ ചർച്ച നയിച്ചു. സസ്യജാലങ്ങളെ ഒരു ജീവജാല ഘടകമായി മാത്രം കാണാതെ, ലക്ഷക്കണക്കിന് വർഷങ്ങളായി നിലനിന്നുവരുന്ന പ്രകൃതി ചരിത്രത്തിന്റെ ‘പുരാരേഖകൾ’ (Archives) എന്ന നിലയിൽ കാണേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ ജൈവ-ഭൂമിശാസ്ത്രപരമായ പരിണാമം, സസ്യാവരണ ചരിത്രം, സ്ഥാനികത (Endemism) എന്നിവയെ സസ്യങ്ങളുടെ പഠനത്തിലൂടെ എങ്ങനെ തിരിച്ചറിയാം എന്നതും പ്രഭാഷണത്തിൽ അദ്ദേഹം വിശദമാക്കി.
കോയമ്പത്തൂരിലെ സാലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററിയിൽ ലാൻഡ്സ്കേപ്പ് ഇക്കോളജി വിഭാഗത്തിൽ പ്രിൻസിപ്പൽ സയന്റിസ്റ്റായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഡോ കരുണാകരൻ, നിലവിൽ Indian Regional Association for Landscape Ecology-യുടെ ഡയറക്ടറായും പ്രവർത്തിച്ചു വരുന്നു.
ചടങ്ങിൽ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് സജികുമാർ സ്വാഗതം ആശംസിച്ചു. അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഡോ. എൽ ചന്ദ്രശേഖർ ഉപസംഹാര പ്രസംഗം നടത്തി. വനം ഉദ്യോഗസ്ഥർ, പ്രമുഖ ചരിത്ര ഗവേഷകർ, വിദ്യാർഥികൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
കേരളത്തിന്റെ പാരിസ്ഥിതിക ഭൂതകാലത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഈ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്. കേരള വനംവകുപ്പിനൊപ്പം കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (KCHR), പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ (PTCF), എം ജി സർവകലാശാല സ്കൂൾ ഓഫ് സോഷ്യൽ സയൻസസ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KFRI) എന്നിവരാണ് പരിപാടിയുടെ പങ്കാളികൾ.




