തിരുവനന്തപുരം : ബിഹാർ-ബീഡി വിവാദ പോസ്റ്റിനു പിന്നാലെ വി.ടി. ബൽറാം കോൺഗ്രസ് കേരളാ ഘടകം സോഷ്യൽമീഡിയ സെൽ ചുമതല ഒഴിഞ്ഞുവെന്നത് ശരിയല്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ദീർഘമായ വിശദീകരണ പോസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്. ജിഎസ്ടി പരിഷ്കരണത്തിനു പിന്നാലെ കോൺഗ്രസ് കേരളാ ഘടകം എക്സിൽ പങ്കു വച്ച പോസ്റ്റ് ബിഹാറിനെ അപമാനിക്കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. തൊട്ടു പിന്നാലെ വി.ടി. ബൽറാം സമൂഹമാധ്യമ സെൽ ചുമതല ഒഴിഞ്ഞതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ എക്സിൽ പോസ്റ്റുകൾ തയാറാക്കി പ്രസിദ്ധീകരിക്കുന്നത് പാർട്ടി അനുഭാവികളാണെന്നും വിവാദ പോസ്റ്റ് ശ്രദ്ധയിൽ പെട്ടപ്പോൾ ബൽറാം ഉൾപ്പെടെയുള്ളവർ അനൗചിത്വം ചൂണ്ടിക്കാണിച്ചിരുന്നുവെന്നുമാണ് സണ്ണി ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്.പോസ്റ്റിന്‍റെ പശ്ചാത്തലത്തിൽ ബൽറാം രാജിവെക്കുകയോ പാർട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. കെപിസിസി വൈസ് പ്രസിഡന്‍റായ ബൽറാം അധികചുമതലയായി വഹിക്കുന്ന ഡിഎംസി ചെയർമാൻ പദവിയിൽ അദ്ദേഹം ഇപ്പോഴും തുടരുകയാണ്. അദ്ദേഹത്തിന്‍റെ കൂടി അഭിപ്രായാനുസരണം വരുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികൾ പാർട്ടിയുടെ അജണ്ടയിൽ ഉണ്ട് എന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.



