തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല. സ്റ്റാലിന് പകരം മറ്റ് രണ്ട് മന്ത്രിമാര്‍ പങ്കെടുക്കും. തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു, ഐ ടി മന്ത്രി പഴനിവേല്‍ ത്യാഗരാജന്‍ എന്നിവരാണ് പങ്കെടുക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാണ് സ്റ്റാലിൻ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.
ആഗോള അയ്യപ്പ സംഗമത്തിലേക്ക് എം.കെ.സ്റ്റാലിനെ ക്ഷണിച്ചതിനെതിരെ തമിഴ്നാട് ബിജെപി. പിണറായി വിജയന്‍ ‘പെരിയാര്‍’ വിജയന്‍ ആകുന്നതായി തമിഴിസൈ സൗന്ദര്‍രാജന്‍ കുറ്റപ്പെടുത്തി. സ്റ്റാലിനും പിണറായിയും ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും തമിഴ്നാടിലെ ഒരു ഹിന്ദുമത ചടങ്ങിലും സ്റ്റാലിന്‍ പങ്കെടുക്കാറില്ലെന്നും 35,000 ക്ഷേത്രങ്ങളില്‍ ഒന്നിലും പോകാറില്ലെന്നും പക്ഷെ കേരളത്തില്‍ പോകാന്‍ ഒരുങ്ങുന്നുവെന്നും തമിഴിസൈ പറഞ്ഞു. ഉദയനിധി സനാതനധര്‍മത്തെ ഉന്മൂലനം ചെയാന്‍ നടക്കുകയാണെന്നും പക്ഷെ വോട്ടിനായി ഇപ്പോള്‍ കേരളത്തില്‍ പോകുന്നു എന്നും തമിഴിസൈ കുറ്റപ്പെടുത്തി.
‘അയ്യപ്പഭക്തര്‍ക്കെതിരെ കേസെടുത്ത് ജയിലിലടച്ചതിന് പിണറായി വിജയന്‍ സര്‍ക്കാര്‍ മാപ്പ് പറയണം. സ്റ്റാലിനും മകന്‍ ഉദയനിധിയും കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഹിന്ദുക്കളോട് മാപ്പ് പറയണം’, എന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.
അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാന്‍ എം കെ സ്റ്റാലിനെ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നേരിട്ടെത്തി ക്ഷണിക്കുകയായിരുന്നു. സെപ്റ്റംബര്‍ 20ന് പമ്പാ തീരത്താണ് അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.



