വി.എസ് വിടചൊല്ലി. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു. 102 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 3.20 നായിരുന്നു അന്ത്യം. മൃതദേഹം ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഇന്ന് രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. ഇന്ന് ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. നാളെ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. അതിന് ശേഷം ആലപ്പുഴ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ആലപ്പുഴയിലെ വലിയ ചുടുകാട് ശ്മശാനത്തില്‍ വൈകീട്ട് 4 മണിക്ക് സംസ്‌കാര ചടങ്ങുകള്‍ നടക്കും.
◾ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. ഇന്ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. പരീക്ഷകളടക്കം മാറ്റി വച്ചിട്ടുണ്ട്.
◾ 1923 ഒക്ടോബര്‍ 20-നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ് അച്യുതാനന്ദന്‍ ജനിച്ചത്. അച്ഛന്റെയും അമ്മയുടെയും മരണത്തെ തുടര്‍ന്ന് ഏഴാം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചാണ് വി.എസ്
തൊഴിലാളികള്‍ക്കിടയിലെത്തുന്നത്. 1946-ല്‍ നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭമാണ്് അദ്ദേഹത്തെ പാര്‍ട്ടിയുടെ നേതൃതലത്തിലേക്ക് എത്താന്‍ സഹായിച്ചത്. 1957-ല്‍ കേരളത്തില്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്നു. 1967-ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. പല തവണ നിയമസഭയില്‍ എത്തിയിട്ടും അധികാര സ്ഥാനങ്ങള്‍ വി.എസിന് ഏറെ അകലെയായിരുന്നു. പാര്‍ട്ടി ജയിക്കുമ്പോള്‍ വി.എസ് തോല്‍ക്കും, വി.എസ് ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കും എന്നൊരു പ്രയോഗം തന്നെ ഇക്കാലയളവില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ പ്രയോഗത്തിന് അവസാനമിട്ട് 2006-ല്‍ എല്‍ഡിഎഫ് വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും, വി.എസിനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയുമായിരുന്നു.
◾ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം എകെജി സെന്ററില്‍ ഇന്നലെ പൊതുദര്‍ശത്തിന് വെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും അടക്കമുള്ള നേതാക്കളാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ എകെജി സെന്ററിലെത്തി. കണ്ണേ കരളേ വിഎസേയെന്ന് ആര്‍ത്തുവിളിച്ച ജനസാഗരത്തിന് നടുവിലൂടെയാണ് വിഎസിന്റെ മൃതദേഹം ആശുപത്രിയില്‍ നിന്നിറക്കി എകെജി സെന്ററില്‍ പൊതുദര്‍ശനത്തില്‍ വെച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും അടക്കമുള്ള പ്രമുഖ നേതാക്കള്‍ വിഎസിന് ആദരാഞ്ജലി അര്‍പ്പിച്ചു.
◾ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവര്‍ത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയെന്ന് വിഎസിനെ കുറിച്ച് പ്രധാനമന്ത്രി അനുസ്മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകള്‍ ഓര്‍ത്തെടുത്ത്, അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണ കുറിപ്പ് രേഖപ്പെടുത്തിയത്.
◾ നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയര്‍ത്തിയിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദരിദ്രരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊണ്ട വിഎസ്, പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളില്‍ ധീരമായ തീരുമാനങ്ങളിലൂടെ തത്വാധിഷ്ഠിത രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുവെന്നും രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.
◾ ചൂഷണത്തിനും അനീതിക്കും എതിരെ നിലയ്ക്കാത്ത സമരമായി തന്റെ ജീവിതത്തെ മാറ്റിയ നേതാവാണ് അച്യുതാന്ദനെന്ന് അഞ്ചു പതിറ്റാണ്ടിലധികം കാലം പാര്‍ട്ടിയില്‍ സഹപ്രവര്‍ത്തകനായിരുന്ന സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി അനുസ്മരിച്ചു
വി എസ് അച്യുതാനന്ദന്റെ വേര്‍പാടില്‍ വേദന പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനും പാര്‍ട്ടിക്കും നികത്താനാകാത്ത നഷ്ടമാണ് വി എസിന്റെ വിയോഗത്തിലൂടെ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാര്‍ഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദന്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ടു ജനങ്ങള്‍ക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേര്‍പെടുത്താനാവാത്ത വിധത്തില്‍ കലര്‍ന്നുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
◾ ജീവിതത്തിലുടനീളം അധ്വാനിക്കുന്നവര്‍ക്ക് വേണ്ടി പോരാടിയ വ്യക്തിയാണ് വി എസ് അച്യുതാനന്ദനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണി. കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളുടെ ജീവിതാവസ്ഥ മാറ്റിമറിച്ച നേതാവാണെന്നും കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചാണ് വിഎസ് രാഷ്ട്രീയ മുഖ്യധാരയിലേക്ക് എത്തുന്നതെന്നും കേരളം കണ്ട എല്ലാ തൊഴിലാളി സമരങ്ങളിലും വിഎസ് മുന്നിലുണ്ടായിരുന്നുവെന്നും എ കെ ആന്റണി അനുസ്മരിച്ചു.
◾ രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവാണ് വിഎസ് അച്യുതാനന്ദന്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി തന്നെയാണ് വിഎസ് നിലയുറപ്പിച്ചത്. അത് വിഎസ് ആസ്വദിച്ചതായി തോന്നിയിട്ടുണ്ടെന്ന് വി ഡി സതീശന്‍ അനുസ്മരിച്ചു.
◾ സമാനതകളില്ലാത്ത ഒരു യുഗത്തിന്റെ അവസാനമാണ് വിഎസിന്റെ വിയോഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സമരവും ജീവിതവും രണ്ടല്ലെന്നും ഒന്നാണെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്. സ്വയം തെളിച്ച വഴിയിലൂടെയാണ് വിഎസ് കേരളത്തെ നയിച്ചത്. സഖാവിനൊപ്പമുള്ള അനേകായിരം ഓര്‍മകളാണ് മനസിലേക്ക് ഇരച്ചെത്തുന്നതെന്നും അദ്ദേഹത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു



