Mon Aug 03, 2026 11:09 pm
FLASH
X

ജീവൻ കൈയിൽ പിടിച്ച് ഈറ്റപ്പാലത്തിലൂടെയുള്ള വിദ്യാർഥികളുടെയും നാട്ടുകാരുടെ സാഹസിക യാത്ര; കണ്ണുതുറക്കാതെ അധികാരികൾ

HOME / Web Desk June 4, 2025

അടിമാലി:  ജീവൻ കൈയ്യിലേന്തി വേണം കളളക്കുടിക്കാർക്ക് ഈറ്റപ്പാലത്തിലൂടെ അപകടകരമായ രീതിയിൽ നല്ലതണ്ണി പുഴ കടന്ന് ഇക്കരെ എത്താൻ. പുതിയ അധ്യയന വർഷം തുടക്കമായതോടെ ഇവിടുത്തെ കുട്ടികൾക്ക്  ചിക്കണംകുടി ഗവ എൽപി സ്കൂളിലേക്ക് എത്താൻ ഏക ആശ്രയമാണ് ഈ ഈറ്റപ്പാലം. 2018 ലെ പ്രളയത്തിൽ  കുടിയിലേക്കുള്ള ഏക വഴിയായിരുന്ന  പാലം തകർന്നതോടെ  ഈ പ്രദേശം ഒറ്റപ്പെട്ടു.  സുരക്ഷിതമായ യാത്രക്ക്  ഒരു പാലം എന്നതാണ് കഴിഞ്ഞ 6 വർഷത്തെ ഇവരുടെ സ്വപ്നമാണ്.

 കാലവർഷക്കാലത്ത് മറുകരയിലേക്ക് കടക്കാൻ വേറെ മാർഗം ഇല്ലാതെ വന്നതോടെയാണ് കുടിയിലുള്ളവർ ചേർന്ന് ഈറ്റപ്പാലം നിർമിച്ചത്. ഇരുകരകളിലെയും മരത്തിൽ വലിഞ്ഞു കെട്ടിയിരിക്കുന്ന കമ്പി വള്ളിയുടെ ബലത്തിൽ മാത്രം നിൽക്കുന്ന ഈ പാലം ശക്തമായ കാറ്റോ മഴയോ വന്നാൽ അപകടത്തിൽ പെടാനുള്ള സാധ്യതയും കൂടുതലാണ്. കാലവർഷം കനക്കുമ്പോൾ കുത്തിയൊലിച്ചൊഴുകുന്ന നല്ലതണ്ണി പുഴയ്ക്കു കുറുകെയുള്ള ഈ പാലം കടന്നു വേണം ഇവിടത്തെ കുട്ടികൾ സ്കൂളിൽ പോകാൻ. ഈ ദുരിതയാത്രകൾക്ക് അറുതി വരുത്തുവാനായി പാലം നിർമ്മാണത്തിനായി ഇടുക്കി എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ  നിന്നും 20 ലക്ഷം അനുവദിച്ചു എങ്കിലും  കേരള സർക്കാരിൻ്റെ റീ-ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പാലവും ഉടൻ നിർമ്മിക്കും എന്ന കാരണം കാട്ടി   അനുവദിച്ച തുക ചെലവഴിക്കുവാൻ നിർവഹണ ഏജൻസിയായ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗീകാരം നൽകാതെ വരികയാണ് ഉണ്ടായത്. നാളിതുവരെ ആയിട്ടും യാതൊരു തീരുമാനവും ഉണ്ടാകാത്തതിനെ തുടർന്ന് ശക്തമായ പ്രതിക്ഷേധത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.