Sat Aug 08, 2026 3:29 pm
FLASH
X

നിയമസഭാ സമിതി പാലക്കാട്‌ മെഡിക്കൽ കോളേജ് സന്ദർശിച്ചു

HOME / Kerala June 4, 2025

പാലക്കാട് : നിർമ്മാണം നടക്കുന്ന പാലക്കാട് മെഡിക്കൽ കോളേജ് പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായുള്ള നിയമസഭാ സമിതി സന്ദർശിച്ചു. നിയമസഭാ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ കെ ശാന്തകുമാരി എംഎല്‍എ, അംഗം പി.പി സുമോദ് എം.എൽ.എ, നിയമസഭാ സമിതി അണ്ടർ സെക്രട്ടറി വി ഒ അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്. ഡെപ്യൂട്ടി കളക്ടർ സക്കീർ ഹുസൈൻ, കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് എ മുരളീധരൻ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

മെഡിക്കൽ കോളേജിൽ നിലവിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന മോർച്ചറി, പവർ സ്റ്റേഷൻ, ബോയിലർ പ്ലാന്റ് എന്നിവ സന്ദർശിച്ച സമിതി, പ്രവൃത്തികൾ വിലയിരുത്തുകയും നിർമാണം ആരംഭിക്കാനിരിക്കുന്ന ഫാർമസി, കാന്റീൻ എന്നിവയ്ക്കായി തിരഞ്ഞെടുത്ത സ്ഥലം സന്ദർശിച്ച് നിർമ്മാണത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. രോഗികളുടെ വാർഡ്, ഒ പി, ഫാർമസി, ഐസിയു എന്നിവയും സന്ദർശിച്ചു. നിലവിൽ ഒഴിഞ്ഞുകിടക്കുന്ന അധ്യാപകരുടെ തസ്തികകളിൽ നിയമനം നടത്താനും കോളേജിനകത്ത് നിർമ്മാണം പൂർത്തിയായ ഭാഗങ്ങളിൽ സൂചന ബോർഡുകൾ സ്ഥാപിക്കാനും ഉദ്യോഗസ്ഥർക്ക്  നിർദ്ദേശം നൽകി.

കാത്തിരിപ്പുകാർക്കുള്ള വിശ്രമസ്ഥലങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, വാർഡുകളിൽ വെന്റിലേഷൻ സൗകര്യം സ്ഥാപിക്കുക, രോഗികൾ വിശ്രമിക്കുന്ന ഭാഗങ്ങളിൽ ഇരിപ്പിട സൗകര്യം, ലൈറ്റുകൾ എന്നിവ സ്ഥാപിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും സമിതി മുന്നോട്ടുവച്ചു. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ സീറ്റ് വർധനയുമായി ബന്ധപ്പെട്ട അധികൃതരുടെ ആവശ്യങ്ങൾ ഈ മാസം അവസാനം നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കുമെന്ന് സമിതി അറിയിച്ചു