Mon Aug 03, 2026 10:56 am
FLASH
X

കേന്ദ്ര ബജറ്റിലെ അവഗണന;ഇന്ത്യാ മുന്നണി പ്രതിഷേധം.

Latest News / National July 24, 2024

കേന്ദ്ര ബജറ്റിനെതിരെ പാര്‍ലമെന്റില്‍ ശക്തമായി പ്രതിഷേധിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. എംപിമാര്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം രേഖപ്പെടുത്തും. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റില്‍ അവഗണിച്ചുവെന്നാരോപിച്ചാണ് പ്രതിഷേധം.പാർലമെന്റ് കവാടത്തിൽ ഇന്ത്യാ മുന്നണിയിലെ എം.പിമാർ രാവിലെ പത്തിന് പ്രതിഷേധ ധർണ നടത്തും.

ഭരണം നിലനിർത്താനായി ബിഹാറിനും ആന്ധ്രപ്രദേശിനും ബജറ്റിൽ വാരിക്കോരി നൽകിയെന്നും മറ്റ് സംസ്ഥാനങ്ങളെ അവഗണിച്ചെന്നു ഇന്ത്യാ മുന്നണി കുറ്റപ്പെടുത്തുന്നു.നീതി ആയോഗ് വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്‍ഡ്യാ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ ബഹിഷ്‌കരിക്കും. യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള യുവജന സംഘടനകളും വരും ദിവസങ്ങളില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.

മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റ് കസേര സംരക്ഷിക്കാനുള്ള ബജറ്റാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. സഖ്യകക്ഷികളെ പ്രീണിപ്പിക്കാൻ മറ്റ് സംസ്ഥാനങ്ങളുടെ ചിലവിൽ പൊള്ളയായ വാഗ്ദാനങ്ങളാണ് നൽകിയിരിക്കുന്നത്. സാധാരണക്കാർക്ക് പകരം മുതലാളിമാരെ പ്രീതിപ്പെടുത്തുന്ന ആനുകൂല്യങ്ങളാണ് ബജറ്റിലുള്ളത്. കോൺഗ്രസ് പ്രകടന പത്രികയും മുൻ ബജറ്റുകളും പകർത്തിയതാണ് ഇന്നത്തെ ബജറ്റ് എന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.