പെട്രോൾ അടിച്ചാൽ വാഹനം കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതാണ്, അല്ലാതെ വഴിയിൽ നിന്നുപോകേണ്ടതല്ല. രാജ്യത്ത് ഇ20 (E20) പെട്രോളിനെച്ചൊല്ലി ഉയരുന്ന വിവാദം ഇന്ന് വാഹന ഉടമകളുടെ മാത്രമല്ല, സാധാരണ ജനങ്ങളുടെ കൂടി ആശങ്കയായി മാറിയിരിക്കുകയാണ്. പെട്രോൾ വില വർധനയും വാഹന പരിപാലനച്ചെലവും കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങൾക്ക് പുതിയൊരു തലവേദനയായി മാറുകയാണ് ഇ20 ഇന്ധനത്തെക്കുറിച്ചുള്ള പരാതികൾ.
എത്തനോൾ ചേർത്ത പെട്രോൾ ഉപയോഗിച്ചതിനുശേഷം വാഹനങ്ങളുടെ മൈലേജ് ഗണ്യമായി കുറഞ്ഞെന്നും എൻജിൻ ഇടയ്ക്കിടെ ഓഫാകുന്നുവെന്നും യാത്രയ്ക്കിടയിൽ വാഹനങ്ങൾ തകരാറിലാകുന്നുവെന്നുമാണ് വിവിധ ഭാഗങ്ങളിൽനിന്ന് ഉയരുന്ന പരാതികൾ. കർണാടകയിൽ ആയിരക്കണക്കിന് വാഹന ഉടമകൾ ഇത്തരം പരാതികൾ ഉന്നയിച്ചതായും 67 കേന്ദ്രങ്ങളിൽനിന്ന് ഇന്ധന സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയതായും സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ചില സാമ്പിളുകളിൽ 30 ശതമാനത്തിലധികം എത്തനോൾ കണ്ടെത്തിയെന്ന കർണാടക സർക്കാരിന്റെ ആരോപണം ഇന്ധനത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു.
കേരളവും ഈ വിഷയത്തിൽ പരിശോധന ആരംഭിച്ചിരിക്കുകയാണ്. നാല് ജില്ലകളിലെ പെട്രോൾ പമ്പുകളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്താൻ സിവിൽ സപ്ലൈസ് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.എന്നാൽ ഈ വിവാദത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് കൂടുതൽ വ്യക്തത ആവശ്യപ്പെടുന്നു. കേന്ദ്ര പെട്രോളിയം മന്ത്രാലയം നവംബർ ഏഴിന് പുറത്തുവിട്ട പ്രസ്താവനയിൽ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പരിശോധിച്ച 893 സാമ്പിളുകളും നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നവയാണെന്ന് അവകാശപ്പെട്ടിട്ടുണ്ട്. കർണാടകയിൽ പരിശോധിച്ച 56 സാമ്പിളുകളിലും 19 മുതൽ 20 ശതമാനം വരെയാണ് എത്തനോൾ അളവെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം, കർണാടക സർക്കാർ നടത്തിയ പരിശോധനയുടെ നടപടിക്രമങ്ങളെയും സാമ്പിൾ ശേഖരണരീതിയെയും എണ്ണക്കമ്പനികൾ ചോദ്യം ചെയ്തിട്ടുണ്ട്. അതിനാൽ ആരോപണങ്ങളും ഔദ്യോഗിക വിശദീകരണങ്ങളും തമ്മിലുള്ള വൈരുധ്യം പരിഹരിക്കാൻ സ്വതന്ത്രവും സുതാര്യവുമായ പരിശോധന അനിവാര്യമാണ്.
ഇ20 പെട്രോൾ രാജ്യത്ത് നടപ്പാക്കിയത് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ ആശ്രിതത്വം കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനും കർഷകർക്ക് അധിക വരുമാനമുണ്ടാക്കാനുമുള്ള ലക്ഷ്യത്തോടെയാണ്. ഈ ലക്ഷ്യങ്ങളുടെ പ്രസക്തി അംഗീകരിക്കുമ്പോൾത്തന്നെ അതിന്റെ പേരിൽ ഉപഭോക്താക്കളുടെ സുരക്ഷയും സാമ്പത്തിക താൽപര്യങ്ങളും അവഗണിക്കാനാവില്ല. ഇ20 ഇന്ധനത്തിന് അനുയോജ്യമല്ലാത്ത പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ ആശങ്കകൾക്കും സർക്കാർ മറുപടി നൽകണം. വാഹനങ്ങളുടെ മൈലേജ് കുറയുന്നതും അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് വർധിക്കുന്നതും സാധാരണക്കാരുടെ കുടുംബബജറ്റിനെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളാണ്.
ഇന്ധനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് എണ്ണക്കമ്പനികളുടെയും വിതരണ സംവിധാനത്തിന്റെയും ഉത്തരവാദിത്തമാണ്. നിശ്ചിത പരിധിയിൽ കൂടുതൽ എത്തനോൾ കലർത്തുന്നതായി കണ്ടെത്തിയാൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇന്ധനത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ ഉപഭോക്താക്കൾക്ക് വിശ്വസനീയമായ സംവിധാനവും പരാതികൾ അറിയിക്കാൻ പ്രത്യേക സംവിധാനവും ഒരുക്കണം. ഇ20 ഉപയോഗം മൂലം വാഹനങ്ങൾക്ക് തകരാർ സംഭവിച്ചതായി ശാസ്ത്രീയമായി തെളിയിക്കപ്പെടുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള സംവിധാനവും കേന്ദ്ര സർക്കാർ പരിഗണിക്കണം.
സംസ്ഥാന സർക്കാരുകൾ പരിശോധനയുമായി മുന്നോട്ടുപോകുമ്പോൾ കേന്ദ്ര സർക്കാരിന് ഉത്തരവാദിത്തത്തിൽനിന്ന് മാറിനിൽക്കാനാവില്ല. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള രാഷ്ട്രീയ തർക്കമായി ഈ വിഷയത്തെ ചുരുക്കുന്നത് ജനങ്ങളോടുള്ള ഉത്തരവാദിത്തത്തിൽനിന്നുള്ള ഒളിച്ചോട്ടമായിരിക്കും. എണ്ണക്കമ്പനികളുടെ വിശദീകരണങ്ങൾ മാത്രം ആശ്രയിക്കാതെ സ്വതന്ത്ര ഏജൻസികളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പരിശോധന നടത്തുകയാണ് വേണ്ടത്. ജനങ്ങളുടെ പണംകൊണ്ട് വാങ്ങുന്ന ഇന്ധനം അവരുടെ വാഹനങ്ങൾക്ക് സുരക്ഷിതമാണെന്ന് ഉറപ്പുനൽകേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്.
വികസനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പേരിൽ നടപ്പാക്കുന്ന ഓരോ നയവും ജനങ്ങളുടെ ജീവിതത്തിന് കൂടുതൽ ദുരിതം സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇ20 പെട്രോളിനെക്കുറിച്ചുള്ള ആശങ്കകൾക്ക് കൃത്യമായ മറുപടി നൽകാതെ ഉത്തരവാദിത്തപ്പെട്ടവർക്ക് കൈകഴുകാനാവില്ല. വാഹനങ്ങൾക്ക് ഇന്ധനം നൽകേണ്ട പെട്രോൾ ജനങ്ങളുടെ യാത്രയ്ക്കും ജീവിതത്തിനും തടസ്സമാകരുത്; ഇന്ധനത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണ്.



