തിരുവനന്തപുരം മാനവീയം വീഥിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ വിശദീകരണവുമായി മേയർ അഡ്വക്കറ്റ് വി വി രാജേഷ് . കലാകാരന്മാരുടെ പരിപാടികൾക്ക് അനുമതി നിഷേധിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മേയർ വ്യക്തമാക്കി. നവംബർ 14-ന് മാനവീയം വീഥിയിൽ പരിപാടി അവതരിപ്പിക്കാൻ ഒരു കലാകാരനും അപേക്ഷ നൽകിയിട്ടില്ലെന്നും മേയർ വിശദീകരിച്ചു.
മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷ സമിതിയെന്ന പേരിൽ നവംബർ 14-ന് കോർപ്പറേഷന് ഓൺലൈനായി അപേക്ഷ ലഭിച്ചിരുന്നു. എന്നാൽ ഇത്തരമൊരു സമിതി രൂപീകരിച്ചതായോ അതിന് കൗൺസിൽ അംഗീകാരം നൽകിയതായോ രേഖകളില്ല. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും കോർപ്പറേഷന് നിയന്ത്രണാവകാശമുള്ളതുമായ മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷ സമിതിയിൽ സർക്കാർ, കോർപ്പറേഷൻ പ്രതിനിധികൾ ആരും ഉൾപ്പെട്ടിട്ടില്ലെന്നും മേയർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 11 മാസമായി മേയർ സ്ഥാനത്തിരുന്നിട്ടും ഇത്തരമൊരു സമിതി ഇതുവരെ ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടില്ല. വ്യക്തമായ രേഖകളില്ലാത്ത കൂട്ടായ്മയെ അംഗീകരിക്കാനാകില്ലെന്നും അപേക്ഷ നിരസിച്ചത് കൃത്യമായ കാരണങ്ങളാലാണെന്നും മേയർ വ്യക്തമാക്കി. പാട്ടുപാടുന്നതിനും മറ്റ് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും നിശ്ചിത ഫീസ് ഈടാക്കി അനുമതി നൽകുന്നതാണ് നിലവിലെ രീതിയെന്നും മേയർ അഡ്വക്കറ്റ് വി വി രാജേഷ് പറഞ്ഞു. കലാകാരന്മാരെ പരിപാടികൾ അവതരിപ്പിക്കുന്നതിൽനിന്ന് തടയുന്നു എന്ന തരത്തിൽ പ്രചാരണം നടത്തി യഥാർഥ വിഷയം മറച്ചുവയ്ക്കാനാണ് ചിലരുടെ ശ്രമമെന്നും ആരോപിച്ചു. പാളയം മാർക്കറ്റിന് സമാനമായി മാനവീയം വീഥിയും ചിലർ സ്വകാര്യ സ്വത്താക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നും അത്തരം നീക്കങ്ങൾ അനുവദിക്കില്ലെന്നും മേയർ വ്യക്തമാക്കി.



