തിരുവനന്തപുരം: പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളുടെ പേരിൽ വ്യാജ സമ്മാനക്കത്തുകളും സ്ക്രാച്ച് കാർഡുകളും അയച്ച് പണം തട്ടുന്ന സംഘങ്ങൾ സജീവമാകുന്നതായി പൊലീസ് മുന്നറിയിപ്പ്. രജിസ്റ്റർഡ് തപാൽ വഴിയാണ് പലർക്കും ഇത്തരം കത്തുകൾ ലഭിക്കുന്നത്. സ്ക്രാച്ച് കാർഡ് പരിശോധിക്കുമ്പോൾ വലിയ തുക സമ്മാനമായി ലഭിച്ചതായി കാണിക്കുകയും, സമ്മാനത്തുക ലഭിക്കാൻ കത്തിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിലോ വാട്സാപ്പിലോ ബന്ധപ്പെടാൻ ആവശ്യപ്പെടുകയുമാണ് തട്ടിപ്പുകാരുടെ രീതി.
കമ്പനി പ്രതിനിധികളെന്ന് പരിചയപ്പെടുത്തി ബന്ധപ്പെടുന്ന സംഘം സമ്മാനത്തുക കൈമാറുന്നതിന് മുമ്പായി പ്രോസസ്സിംഗ് ഫീസ്, ഡോക്യുമെന്റേഷൻ ചാർജ്, ഇൻകം ടാക്സ് തുടങ്ങിയ പേരുകളിൽ പണം ആവശ്യപ്പെടും. വിശ്വാസം നേടിയെടുക്കാൻ വ്യാജ ഇൻകം ടാക്സ് രേഖകളും ഔദ്യോഗിക മുദ്രകളുമടക്കമുള്ള രേഖകൾ വാട്സാപ്പിലൂടെ അയയ്ക്കുകയും ചെയ്യും. പണം കൈമാറിയ ശേഷം തട്ടിപ്പുകാരുമായി ബന്ധപ്പെടാൻ സാധിക്കാത്തതാണ് പതിവ്.
സ്ക്രാച്ച് കാർഡോ ഗിഫ്റ്റ് ഓഫറോ വാഗ്ദാനം ചെയ്ത് മുൻകൂറായി പണം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ സൂചനയാണെന്ന് പൊലീസ് വ്യക്തമാക്കി. അപരിചിത നമ്പറുകളിലേക്ക് വിളിക്കുകയോ ബാങ്ക് വിവരങ്ങളും മറ്റ് വ്യക്തിഗത വിവരങ്ങളും വാട്സാപ്പിലൂടെ പങ്കുവെക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.
സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്ലൈൻ നമ്പറിൽ വിവരം അറിയിക്കണം. കൂടാതെ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലും പരാതി രജിസ്റ്റർ ചെയ്യാം.



