Sat Sep 19, 2026 4:57 pm
FLASH
X

സ്റ്റേഷനിൽ നിന്ന് ഏഴ് ചാക്ക് ഹാൻസ് കടത്തി; പൊലീസുകാരൻ ഒളിവിൽ, ഒൻപതാം ദിവസവും പിടികൂടാനായില്ല

Kerala / Latest News September 19, 2026

സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാൻസ് കടത്തിയ കേസിൽ പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്ത് ഒളിവിൽ തുടരുന്നു. സംഭവം നടന്ന് ഒൻപത് ദിവസമായിട്ടും പ്രതിയെ പിടികൂടാനാകാത്തതിൽ പൊലീസിനെതിരെ വിമർശനം ശക്തമാണ്. സബിത്തിന് സേനയ്ക്കുള്ളിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് മോഷണം പോയത്. റൈറ്ററും അസിസ്റ്റന്റ് റൈറ്ററും നടത്തിയ പരിശോധനയിലാണ് തൊണ്ടിമുതൽ നഷ്ടപ്പെട്ട വിവരം കണ്ടെത്തിയത്. താക്കോൽ ഉപയോഗിച്ച് മുറി തുറന്നാണ് മോഷണം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പകുളത്ത് നിന്ന് പിടികൂടിയ ഹാൻസ് ജൂൺ 26ന് കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് സ്റ്റേഷൻ വളപ്പിലെ സ്റ്റോർ റൂമിൽ സൂക്ഷിക്കുകയായിരുന്നു. പൊലീസ് പറയുന്നതനുസരിച്ച് ജൂലൈ 18ന് രാത്രി 12 മണിക്ക് ശേഷമാണ് ജിഡി ചാർജിലുണ്ടായിരുന്ന സബിത്ത് ഹാൻസ് കടത്തിയത്. സ്വന്തം കാറിലാണ് ഏഴ് ചാക്കുകളും കൊണ്ടുപോയതെന്നാണ് കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്.

ഓണത്തിന് ശേഷം മെഡിക്കൽ ലീവിലായിരുന്ന സബിത്ത് പിന്നീട് ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ ഉൾപ്പെടെയുള്ള നടപടികൾ ശക്തമാക്കുന്നതിനിടെയാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് തന്നെ തൊണ്ടിമുതൽ മോഷണം പോയ സംഭവം സേനയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.