ക്യാപ്റ്റനായി ടീമിനെ നയിച്ചത് 11കാരൻ മാറ്റിയോ; തിയാഗോ മിഡ്ഫീൽഡിൽ, സിറോ ഫ്രീകിക്ക് മികവിൽ
ന്യൂയോർക്ക്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ മക്കളും കളിക്കളത്തിൽ ശ്രദ്ധേയരാകുന്നു. മെസിയുടെ രണ്ടാമത്തെ മകൻ മാറ്റിയോ ഇന്റർ മയാമിയുടെ യൂത്ത് അക്കാദമി ടീമിനെ നാപ്പിൾസ് കപ്പ് കിരീടത്തിലേക്ക് നയിച്ചു. ടീമിന്റെ നായകനായിരുന്ന 11കാരൻ മാറ്റിയോയുടെ നേതൃത്വത്തിലായിരുന്നു കിരീടനേട്ടം.
മാറ്റിയോ കിരീടവുമായി നിൽക്കുന്ന വീഡിയോ സ്പാനിഷ് സ്പോർട്സ് ദിനപത്രമായ മാർക്ക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ താരപുത്രന്റെ നേട്ടം ശ്രദ്ധേയമായി. നിരവധി ആരാധകരാണ് മാറ്റിയോയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയത്. സെപ്റ്റംബർ 11ന് 11-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് താരത്തെ തേടി കിരീടനേട്ടമെത്തിയത്.
മെസിക്ക് മൂന്ന് ആൺമക്കളാണുള്ളത്. 13കാരനായ തിയാഗോയാണ് മൂത്തവൻ. എട്ട് വയസുകാരനായ സിറോയാണ് ഇളയവൻ. മൂന്ന് പേരും ഇന്റർ മയാമിയുടെ യൂത്ത് അക്കാദമിയിലൂടെയാണ് ഫുട്ബോൾ പരിശീലിക്കുന്നത്.
മൂത്തവൻ മിഡ്ഫീൽഡിൽ; മാറ്റിയോ സ്ട്രൈക്കർ
തിയാഗോ ഇന്റർ മയാമിയുടെ അണ്ടർ-12 ടീമിന്റെ ഭാഗമാണ്. മിഡ്ഫീൽഡറായ തിയാഗോയുടെ കളിശൈലി പിതാവ് മെസിയുടെ കരിയറിന്റെ ആദ്യകാലത്തെ ഓർമിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തൽ.
മാറ്റിയോ സ്ട്രൈക്കറായാണ് കളിക്കുന്നത്. ആക്രമണത്തിൽ മികവ് പുലർത്തുന്ന താരമാണ് ഇളയ മകൻ സിറോ. പ്രത്യേകിച്ച് ഫ്രീകിക്കുകളിൽ സിറോ കാട്ടുന്ന മികവാണ് ശ്രദ്ധ നേടുന്നത്. പിതാവിനെ പോലെ ഫ്രീകിക്കുകൾ ഗോളാക്കാനുള്ള കഴിവ് സിറോയ്ക്കുണ്ടെന്നാണ് താരത്തിന്റെ കളി പിന്തുടരുന്നവരുടെ വിലയിരുത്തൽ.
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസി വിരമിക്കൽ പ്രഖ്യാപിച്ചതോടെ മക്കളുടെ ഫുട്ബോൾ വളർച്ചയ്ക്കായി കൂടുതൽ സമയം മാറ്റിവെക്കാനും താരത്തിന് അവസരം ലഭിക്കുകയാണ്. പിതാവിന്റെ പാത പിന്തുടർന്ന് മൂന്ന് മക്കളും ഫുട്ബോളിൽ മുന്നേറുമ്പോൾ മെസി കുടുംബത്തിലെ അടുത്ത തലമുറയും കളിക്കളത്തിൽ ശ്രദ്ധേയമാകുകയാണ്.



