Sat Aug 29, 2026 3:10 pm
FLASH
X

ലോകേഷ്–വാമിഖ ചിത്രം ‘ഡിസി’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് സെപ്റ്റംബർ 4 മുതൽ

Entertainment / Tamil August 29, 2026

കൊച്ചി: തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ലോകേഷ് കനകരാജ്–വാമിഖ ഗബ്ബി ചിത്രം ‘ഡിസി’ ഒടിടി റിലീസിന് ഒരുങ്ങുന്നു. അരുൺ മതേശ്വരൻ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 4 മുതൽ സൺ നെക്സ്റ്റിൽ സ്ട്രീം ചെയ്യും. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായിരിക്കും ചിത്രം ഒടിടിയിൽ ലഭ്യമാകുക.

ഓഗസ്റ്റ് 7നാണ് ‘ഡിസി’ തിയേറ്ററുകളിലെത്തിയത്. ചിത്രത്തിൽ ദേവദാസ് എന്ന കഥാപാത്രത്തെയാണ് ലോകേഷ് കനകരാജ് അവതരിപ്പിക്കുന്നത്. നായികയായ വാമിഖ ഗബ്ബി ചന്ദ്ര എന്ന കഥാപാത്രമായി എത്തുന്നു. സഞ്ജന കൃഷ്ണമൂർത്തിയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

ആഗോള ബോക്സ് ഓഫീസിൽ ചിത്രം 100 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് ശ്രദ്ധേയമായ പ്രതികരണമാണ് നേടിയത്.

വയലൻസിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ വൈകാരിക രംഗങ്ങൾക്കും ഇടമുണ്ട്. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 23 മിനിറ്റാണ് ദൈർഘ്യം.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമിച്ചത്. അരുൺ മതേശ്വരനൊപ്പം അരുൺ രഞ്ജനാണ് അഡീഷണൽ സ്ക്രീൻപ്ലേ ഒരുക്കിയത്. അരുൺ മതേശ്വരൻ, ഫ്രാങ്ക്ലിൻ ജേക്കബ് എന്നിവർ ചേർന്നാണ് സംഭാഷണം ഒരുക്കിയത്. മുകേഷ് ജിയാണ് ഛായാഗ്രഹണം നിർവഹിച്ചത്. ജി.കെ. പ്രസന്നയാണ് എഡിറ്റിംഗ്.

പിസി സ്റ്റണ്ട്സ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ച ചിത്രത്തിന്റെ കലാസംവിധാനം കണ്ണൻ എസ് ആണ്. വിനോദ് സുകുമാരനാണ് മേക്കപ്പ്. പെരുമാൾ ശെൽവം വസ്ത്രാലങ്കാരം നിർവഹിച്ചു. വിഷ്വൽ എഫക്ട്സ് പ്രവീൺ ഡിയും പബ്ലിസിറ്റി ഡിസൈൻ കബിലൻ ചെല്ലയ്യയുമാണ് കൈകാര്യം ചെയ്തത്.