തൃശൂർ: ഓണം അടുത്തതോടെ പച്ചക്കറി വിപണിയിൽ വില കുതിച്ചുയരുന്നു. മിക്ക പച്ചക്കറികൾക്കും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കാര്യമായ വിലവർധനയാണ് രേഖപ്പെടുത്തിയത്. പാവയ്ക്ക, ബീൻസ്, ഉള്ളി, വെളുത്തുള്ളി, സവാള തുടങ്ങിയവയ്ക്കാണ് പ്രധാനമായും വില വർധിച്ചത്.
ഈ മാസം ഒന്നിന് കിലോയ്ക്ക് 50 രൂപയായിരുന്ന പാവയ്ക്കയുടെ ചില്ലറവില ഇന്നലെ 76 രൂപയായി. 19 ദിവസത്തിനിടെ 26 രൂപയുടെ വർധന. ബീൻസിന്റെ വില 66ൽ നിന്ന് 84 രൂപയായി ഉയർന്നു. ഉള്ളിക്ക് 83ൽ നിന്ന് 96 രൂപയായും സവാളയ്ക്ക് 39ൽ നിന്ന് 53 രൂപയായും വില വർധിച്ചു.
വെളുത്തുള്ളിയുടെ വില 250ൽ നിന്ന് 270 രൂപയായി. ബീറ്റ്റൂട്ട് 53ൽ നിന്ന് 56 രൂപയായും വെണ്ട 43ൽ നിന്ന് 49 രൂപയായും പടവലം 30ൽ നിന്ന് 48 രൂപയായും മത്തൻ 25ൽ നിന്ന് 30 രൂപയായും ഉയർന്നു. വെള്ളരിയുടെ വില 20ൽ നിന്ന് 25 രൂപയായി. ലോങ് മുളകിന് 45ൽ നിന്ന് 59 രൂപയായും വഴുതനയ്ക്ക് 39ൽ നിന്ന് 44 രൂപയായും തക്കാളിക്ക് 26ൽ നിന്ന് 30 രൂപയായും വില കൂടി.
വാഴപ്പഴ വിപണിയിൽ സമ്മിശ്ര മാറ്റം
വാഴപ്പഴ വിപണിയിൽ വിലയിൽ സമ്മിശ്ര മാറ്റമാണ്. നാട്ടൻ നേന്ത്രപ്പഴത്തിന്റെ വില 73ൽ നിന്ന് 79 രൂപയായി ഉയർന്നു. എന്നാൽ റോബസ്റ്റയുടെ വില 36ൽ നിന്ന് 29 രൂപയായി കുറഞ്ഞു. ഞാലിപ്പൂവന് 85 രൂപ തന്നെയാണ്.
പൂവൻപഴത്തിന്റെ വില 65ൽ നിന്ന് 55 രൂപയായും കാപ്സിക്കത്തിന്റെ വില 70ൽ നിന്ന് 60 രൂപയായും കുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസമായി.
പഴങ്ങൾക്കും വിലയിൽ മാറ്റം
പഴവർഗങ്ങളിൽ ശ്രദ്ധേയമായ വിലവർധന ആപ്പിളിനാണ്. ന്യൂസിലൻഡ് ഗാല ആപ്പിളിന്റെ വില കിലോയ്ക്ക് 270ൽ നിന്ന് 280 രൂപയായി ഉയർന്നു. മുന്തിരിയുടെ വില 95ൽ നിന്ന് 99 രൂപയായി. ചെറുനാരങ്ങയുടെ വില 73ൽ നിന്ന് 140 രൂപയായി കുത്തനെ ഉയർന്നു.
അതേസമയം മാതളനാരങ്ങയുടെ വില 165ൽ നിന്ന് 160 രൂപയായും കിവിയുടെ വില 130ൽ നിന്ന് 110 രൂപയായും കുറഞ്ഞു.
ഓണം അടുക്കുന്നതോടെ പച്ചക്കറി വില ഇനിയും ഉയരുമെന്ന ആശങ്കയാണ് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും. നിലവിലെ വിലനിലവാരം സൂചിപ്പിക്കുന്നത് ഇത്തവണ ഓണവിപണിയിൽ പച്ചക്കറി വില സാധാരണക്കാരുടെ കുടുംബബജറ്റിന് വലിയ തിരിച്ചടിയാകുമെന്നാണ്.



