കാർ മുതൽ ഡ്രൈവർ ശമ്പളം വരെ; എംഎൽഎമാർക്ക് ഇനി അധിക സൗകര്യങ്ങൾ
ചെന്നൈ: തമിഴ്നാട്ടിൽ എംഎൽഎമാർക്ക് പുതിയ ഔദ്യോഗിക വാഹനങ്ങൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. വാഹന സൗകര്യത്തിന് പുറമെ ഡ്രൈവറുടെ ശമ്പളം, യാത്രാച്ചെലവ് എന്നിവയ്ക്കായി ഓരോ എംഎൽഎയ്ക്കും പ്രതിമാസം ₹75,000 അലവൻസും അനുവദിക്കും. എംഎൽഎ ഓഫീസിൽ അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി ₹25,000 പ്രതിമാസം കൂടി ലഭിക്കും.
മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഔദ്യോഗിക വാഹനം അനുവദിക്കണമെന്ന വി.സി.കെ എംഎൽഎ ജോതിമണിയുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ തീരുമാനം. തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കും മേയർമാർക്കും ഔദ്യോഗിക വാഹന സൗകര്യമുണ്ടെങ്കിലും എംഎൽഎമാർക്ക് നിലവിൽ ഈ സൗകര്യം ഉണ്ടായിരുന്നില്ല.
വാഹനം, ഡ്രൈവർ, യാത്രാച്ചെലവ് എന്നിവയ്ക്കായി അനുവദിക്കുന്ന ₹75,000-ന് പുറമെ എംഎൽഎ ഓഫീസിലെ അസിസ്റ്റന്റിനായി ₹25,000 കൂടി ലഭിക്കും. സംസ്ഥാനത്ത് ആകെ 234 എംഎൽഎമാരാണ് ഉള്ളത്. എംഎൽഎമാർക്ക് നിലവിൽ ഒരു ലക്ഷത്തിലധികം രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്.



