ഭൂനിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തും; സംസ്ഥാനതല കർഷകദിനാഘോഷം ഉദ്ഘാടനം ചെയ്തു
കൊച്ചി: കർഷകർ നാടിന്റെ നട്ടെല്ലാണെന്നും കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന കർഷകരെ ചേർത്തുപിടിക്കുന്ന പുതിയ കാർഷിക നയങ്ങളും പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കളമശ്ശേരിയിൽ നടന്ന സംസ്ഥാനതല കർഷകദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന് അന്നം നൽകുന്ന കർഷകരോടുള്ള ആദരവും കാർഷികവൃത്തിയോടുള്ള ബഹുമാനവുമാണ് കർഷകദിനാഘോഷങ്ങളിലൂടെ പ്രകടമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുൻകാലങ്ങളിൽ ആകാശവും നിഴലും നോക്കി കൃത്യമായി കാലാവസ്ഥ പ്രവചിക്കാൻ കഴിഞ്ഞിരുന്ന സാഹചര്യത്തിൽ നിന്ന് കാർഷിക കലണ്ടർ തന്നെ താളംതെറ്റുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ മാറിയത്. ഇത്തരം പ്രതിസന്ധികളുടെ ആദ്യ ഇരകൾ പാവപ്പെട്ട കർഷകരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റബ്ബർ വില 300 രൂപയാക്കും
സംസ്ഥാനത്ത് കാർഷികവൃത്തി ശക്തിപ്പെടുത്തുന്നതിന് സർക്കാർ പിന്തുണ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിലേറി രണ്ട് മാസത്തിനുള്ളിൽ തന്നെ നെൽകർഷകർക്ക് അധ്വാനഫലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. റബ്ബറിന്റെ താങ്ങുവില 200 രൂപയിൽ നിന്ന് 250 രൂപയായി ഉയർത്തിയതിനു പിന്നാലെ ഇത് ഉടൻ 300 രൂപയായി ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രളയവും മറ്റ് പ്രകൃതിക്ഷോഭങ്ങളും മൂലമുണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാര തുക 25 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. പച്ചക്കറി കൃഷിക്കുള്ള പിന്തുണയും സംഭരണ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വന്യജീവി ആക്രമണം തടയാൻ എ.ഐ സംവിധാനങ്ങൾ
കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ വന്യജീവി ആക്രമണം പ്രതിരോധിക്കാൻ സാങ്കേതികവിദ്യയുടെ സഹായം തേടുമെന്നും അദ്ദേഹം അറിയിച്ചു. കൃഷിനാശവും വന്യജീവി ഭീഷണിയും തടയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ പരമ്പരാഗത രീതികളുമായി സംയോജിപ്പിക്കും.
കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനായി മൂല്യവർധിത ഉൽപ്പന്നങ്ങൾ വികസിപ്പിച്ച് ‘കേരള ബ്രാൻഡ്’ എന്ന പേരിൽ വിപണിയിലെത്തിക്കാനും നടപടിയുണ്ടാകും. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കുറഞ്ഞ ചെലവിലും വേഗത്തിലും കാർഷിക ഉൽപ്പന്നങ്ങൾ വിദേശ വിപണികളിലെത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘രണ്ടാം ഭൂപരിഷ്കരണത്തിന്’ തുടക്കമിടും
സംസ്ഥാനത്തെ ഭൂനിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി ‘രണ്ടാം ഭൂപരിഷ്കരണത്തിന്’ തുടക്കമിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാക്കുന്നതിനൊപ്പം കാർഷിക മേഖലയ്ക്കും പരിസ്ഥിതിക്കും കോട്ടംതട്ടാത്ത രീതിയിൽ അവിടെ ടൂറിസം, മൾട്ടി ക്രോപ്പിംഗ് എന്നിവ പ്രോത്സാഹിപ്പിക്കും. അവക്കാഡോ, റംബുട്ടാൻ തുടങ്ങിയ വിളകളുടെ കൃഷിക്കും സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക മേഖലയിലെ പ്രശ്നങ്ങൾ വേഗത്തിൽ പഠിച്ച് പരിഹാരം കാണാൻ ശ്രമിക്കുന്ന കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖിനെയും അദ്ദേഹത്തിന്റെ ടീമിനെയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ചടങ്ങിൽ പാരമ്പര്യ വിത്ത് സംരക്ഷകൻ ചെറുവയൽ രാമന് ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിലുള്ള പ്രഥമ അവാർഡ് മുഖ്യമന്ത്രി സമ്മാനിച്ചു. മറ്റ് കർഷക അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
അഡീഷണൽ ചീഫ് സെക്രട്ടറിയും കാർഷികോത്പാദന കമ്മീഷണറുമായ മിൻഹാജ് ആലം സ്വാഗതം പറഞ്ഞ ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. മത്സ്യബന്ധന, സാമൂഹികനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, അഡ്വ. ഹാരിസ് ബീരാൻ, അഡ്വ. ജെബി മേത്തർ, അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ അൻവർ സാദത്ത്, ടി.ജെ. വിനോദ്, ഉമ തോമസ്, മാത്യു കുഴൽനാടൻ, മനോജ് മുത്തേടൻ, ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, ദീപക് ജോയ് തുടങ്ങിയവർ പങ്കെടുത്തു.
മേയർ അഡ്വ. മിനിമോൾ വി.കെ., എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, സ്പെഷ്യൽ സെക്രട്ടറി ടി.വി. സുഭാഷ്, ജില്ലാ കളക്ടർ ജി. പ്രിയങ്ക, കളമശ്ശേരി മുനിസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ, ഡയറക്ടർ സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ സാജു കെ. സുരേന്ദ്രൻ, കൊച്ചി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എം. ജുനൈദ് ബുഷ്‌റി, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ബോർഡ് അംഗം ടി.എ. നവാസ്, കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.



