കരുനാഗപ്പള്ളി : ഓണക്കാലത്ത് വ്യാപാരികൾക്കും യാത്രക്കാർക്കും ഉൾപ്പെടെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ നഗരത്തിൽ ഉണ്ടാകുന്ന അതി രൂക്ഷമായ ഗതാഗതകുരുത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ കരുനാഗപ്പള്ളി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഓഫീസിലേക്ക് 19 ന് മാർച്ച് നടത്തും. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങൾ മൂലം ഗതാഗതക്കുരുക്കിൽപ്പെട്ട് നഗരം വീർപ്പുമുട്ടുകയാണ്. റോഡ് നിർമ്മാണത്തിനോടൊപ്പം സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിൽ നിർമ്മാണ കമ്പനിയും ബന്ധപ്പെട്ട അധികൃതരും തികഞ്ഞ അലംഭാവമാണ് കാട്ടിക്കൊണ്ടിരിക്കുന്നത്.
ഓണക്കാലമായതോടെ നഗരം കടന്നു കിട്ടാൻ മണിക്കൂറുകൾ വാഹനങ്ങളിൽ ഉൾപ്പെടെ കുടുങ്ങിക്കിടക്കേണ്ടുന്ന ഗതികേടിലാണ് യാത്രക്കാർ. ഓണക്കാലത്ത് വ്യാപാരികളും കടുത്ത പ്രതിസന്ധിയാണ് ഇതുമൂലം നേരിടുന്നത്. ഇക്കാര്യങ്ങളിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം ഉണ്ടാക്കേണ്ട ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളും നഗരസഭാ ഭരണാധികാരികളും ഉൾപ്പെടെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണം എന്ന് ആവശ്യപ്പെട്ട് സിപിഐ എം പ്രക്ഷോഭ പരിപാടി ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. നഗരത്തിലെ ഫ്ലൈ ഓവർ നിർമ്മാണം ഒഴികെ ദേശീയപാതയുടെ മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർണമായും നിലച്ച നിലയിലാണ്. ഈ സാഹചര്യത്തിൽ സർവീസ് റോഡുകളുടെ ഇരുഭാഗങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറുകൾ താൽക്കാലികമായി മാറ്റി സുഗമമായ ഗതാഗതത്തിന് സൗകര്യമൊരുക്കണം.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ സ്ഥലങ്ങൾ പൂർണമായും ഗതാഗതത്തിന് തുറന്നു കൊടുക്കണം. നഗരത്തിൽ ഓണക്കാലത്ത് താൽക്കാലികമായി നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിട്ടായാലും വാഹന പാർക്കിങ്ങിനും,ആവശ്യമായ സ്ഥലങ്ങളിലെല്ലാം ജനങ്ങൾക്ക് റോഡ് ക്രോസ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കണം. ഗതാഗത നിയന്ത്രണത്തിന് ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ വിന്നസിക്കാൻ തയ്യാറാകണം. ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റുമെത്തുന്ന ആയിരക്കണക്കിന് വാഹനങ്ങൾക്ക് സൗകര്യപ്രദമായി പാർക്ക് ചെയ്യുന്നതിന് കഴിയുന്നത്ര സ്ഥലങ്ങളിൽ സൗകര്യം ഒരുക്കണം. ഇക്കാര്യങ്ങൾ നടപ്പിലാക്കാൻ റവന്യൂ- പോലീസ് അധികൃതരും,നിർമ്മാണ കമ്പനിയും ആവശ്യമായ ഇടപെടലുകൾ അടിയന്തരമായി നടത്തണം. അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി സിപിഐ എം മുന്നോട്ടു വരുമെന്നും ഏരിയാ സെക്രട്ടറി എ അനിരുദ്ധൻ പ്രസ്താവനയിൽ അറിയിച്ചു.



