ന്യൂഡൽഹി: ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പാർട്ടിയിലെ സ്ഥാനങ്ങളും സംഘടനാ ചുമതലകളും രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് പൂനവാല വ്യക്തമാക്കിയത്.
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഭാവിയിലെ സംഘടനാ ചുമതലകളിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും രാജിക്കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാജിക്ക് പിന്നാലെ സോഷ്യൽ മീഡിയയിലെ ബയോയിൽ നിന്ന് ‘ബിജെപി ദേശീയ വക്താവ്’ എന്ന വിശേഷണം നീക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായി ആയി ആജീവനാന്തം തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
2017-ൽ കോൺഗ്രസ് വിട്ട പൂനവാല പിന്നീട് ബിജെപിയിൽ ചേരുകയും ദേശീയ വക്താവായി പ്രവർത്തിക്കുകയും ചെയ്തു. ടെലിവിഷൻ ചർച്ചകളിൽ ബിജെപിയുടെ പ്രധാന വക്താക്കളിലൊരാളായും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു.
വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, അപ്രതീക്ഷിതമായ രാജി രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിൽ നിന്നുള്ള പിന്മാറ്റമാണോ മറ്റേതെങ്കിലും രാഷ്ട്രീയ നീക്കമാണോ എന്നതിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല.



