Fri Sep 18, 2026 5:48 pm
FLASH
X

കാടിന്റെ മകളിൽ നിന്ന് ഡോക്ടറിലേക്ക്; ശരണ്യയ്ക്ക് ജന്മനാട്ടിൽ തന്നെ ആദ്യ നിയമനം

Kerala / Latest News August 14, 2026

ഇടുക്കി: ചെറുപ്പം മുതൽ മനസ്സിൽ കൊണ്ടുനടന്ന ഡോക്ടറാകണമെന്ന സ്വപ്നം സാക്ഷാത്കരിച്ച ശരണ്യ മോഹനന് ഇനി ജന്മനാട്ടിൽ തന്നെ സേവനം ചെയ്യാം. ഊരാളി ഗോത്രവിഭാഗത്തിൽ നിന്ന് ഇടുക്കിയിലെ ആദ്യ ഡോക്ടറായ ശരണ്യയ്ക്ക് സ്വന്തം നാട്ടിലെ സർക്കാർ ആശുപത്രിയിൽ അസിസ്റ്റന്റ് സർജനായി നിയമനം ലഭിച്ചു.

ഇടുക്കി കണ്ണംപടി ആദിവാസി ഉന്നതിയിലെ പുന്നപാറ സ്വദേശികളായ കണ്ടത്തിൻകര കെ.എൻ. മോഹനന്റെയും മിനിമോളുടെയും ഏക മകളാണ് ശരണ്യ. കണ്ണംപടി മേഖലയോട് ചേർന്നുള്ള ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ശരണ്യ പുതിയ ചുമതലയേറ്റത്.

ചെറുപ്പം മുതൽ തന്നെ ഡോക്ടറാകണമെന്നായിരുന്നു ശരണ്യയുടെ ആഗ്രഹം. അഞ്ചാം ക്ലാസ് വരെ സ്വരാജ് സയൺ പബ്ലിക് സ്കൂളിലും പ്ലസ് ടു വരെ കുളമാവ് ജവഹർ നവോദയ വിദ്യാലയത്തിലുമായിരുന്നു പഠനം. പ്ലസ് ടുവിന് 88 ശതമാനം മാർക്ക് നേടിയ ശരണ്യ, 2019ൽ ആദിവാസി വിഭാഗത്തിൽ 23-ാം റാങ്ക് നേടിയാണ് എംബിബിഎസിന് പ്രവേശനം നേടിയത്. തുടർന്ന് ഫസ്റ്റ് ക്ലാസോടെ എംബിബിഎസ് പൂർത്തിയാക്കി.

പഠനത്തിന് പിന്നാലെ സർക്കാർ സർവീസിലേക്കുള്ള വഴിയും ശരണ്യ തുറന്നു. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയതോടെയാണ് ജനിച്ചുവളർന്ന നാടിനോട് ചേർന്നുള്ള സർക്കാർ ആശുപത്രിയിൽ തന്നെ ജോലി ലഭിച്ചത്.

കണ്ണംപടി വനമേഖലയിലെ പതിനൊന്ന് ആദിവാസി ഉന്നതികളിലുള്ളവർ പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിയാണ് ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രം. അതുകൊണ്ടുതന്നെ സ്വന്തം നാട്ടിലെ ജനങ്ങൾക്ക് ഡോക്ടറായി സേവനം ചെയ്യാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ശരണ്യ.

ശരണ്യയുടെ നേട്ടത്തിൽ കുടുംബത്തിനും നാട്ടുകാർക്കും ഒരുപോലെ അഭിമാനം. ജന്മനാട്ടിൽ തന്നെ ആദ്യ നിയമനം ലഭിച്ചതോടെ അഭിനന്ദന പ്രവാഹമാണ്. പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി ഫോണിൽ വിളിച്ച് ശരണ്യയെ അഭിനന്ദിക്കുകയും ചെയ്തു. അടുത്ത തവണ ഇടുക്കിയിലെത്തുമ്പോൾ ശരണ്യയെ നേരിട്ട് സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.

സ്വപ്നം കണ്ടു തുടങ്ങി, പഠിച്ച് നേടി; ഒടുവിൽ സ്വന്തം നാട്ടിലെ ജനങ്ങൾക്ക് ഡോക്ടറായി സേവനം ചെയ്യാനുള്ള അവസരവും — ശരണ്യയുടെ നേട്ടം നാടിന്റെ അഭിമാനമായി മാറുകയാണ്.