Thu Aug 13, 2026 4:42 pm
FLASH
X

പുനരുപയോഗ ഊർജ മേഖലയിൽ പുതിയ സാധ്യതകൾ; CORE RENeV Expo 2026 സെപ്റ്റംബർ 11 മുതൽ കൊച്ചിയിൽ

Kerala / Latest News August 13, 2026

കൊച്ചി: ഇന്ത്യയിലെ പുനരുപയോഗ ഊർജ മേഖലയെ കേരളത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന CORE RENeV Expo 2026 സെപ്റ്റംബർ 11, 12, 13 തീയതികളിൽ കൊച്ചിയിൽ നടക്കും. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മൂന്ന് ദിവസത്തെ പ്രദർശനവും എനർജി കോൺക്ലേവും സംഘടിപ്പിക്കുന്നത്.

പുനരുപയോഗ ഊർജ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ, നിക്ഷേപകർ, ഗവേഷകർ, വ്യവസായികൾ, പ്രൊഫഷണലുകൾ, വിദ്യാർഥികൾ എന്നിവരെ ഒരു വേദിയിലെത്തിക്കുകയാണ് എക്സ്പോയുടെ ലക്ഷ്യം.

കേരളത്തിലെയും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെയും പുനരുപയോഗ ഊർജ കമ്പനികൾ, നിർമ്മാതാക്കൾ, EPC കമ്പനികൾ, സാങ്കേതികവിദ്യാ ദാതാക്കൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി.

Renewable Energy Exhibition & Energy Conclave എന്ന നിലയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സൗരോർജം, ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾ, ഇലക്ട്രിക് വാഹന ചാർജിങ് ഇൻഫ്രാസ്ട്രക്ചർ, സ്മാർട്ട് എനർജി മാനേജ്മെന്റ്, എനർജി എഫിഷ്യൻസി, ഗ്രീൻ ടെക്നോളജീസ്, സുസ്ഥിര ഊർജ പരിഹാരങ്ങൾ തുടങ്ങിയ മേഖലകളിലെ പുതിയ സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളും പരിചയപ്പെടുത്തും.

എനർജി കോൺക്ലേവിലും വിദഗ്ധരുടെ സാന്നിധ്യം

എക്സ്പോയുടെ പ്രധാന ഘടകമായ CORE RENeV Energy Conclaveയിൽ ഊർജ മേഖലയിലെ പ്രമുഖ വിദഗ്ധരും വ്യവസായ പ്രതിനിധികളും പങ്കെടുക്കും. പുനരുപയോഗ ഊർജ സംയോജനം, ബാറ്ററി എനർജി സ്റ്റോറേജ്, ഇലക്ട്രിക് മൊബിലിറ്റി, സ്മാർട്ട് എനർജി മാനേജ്മെന്റ്, ഗ്രിഡ് പരിവർത്തനം, എനർജി സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങൾ കോൺക്ലേവിൽ ചർച്ച ചെയ്യും.

സാങ്കേതിക വിദഗ്ധരുടെ പ്രഭാഷണങ്ങൾക്കൊപ്പം വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനം, പ്രൊഡക്ട് ഡെമോൺസ്ട്രേഷനുകൾ, വിജ്ഞാന പങ്കിടൽ പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.

ബിസിനസ്-സാങ്കേതിക സഹകരണത്തിനും വേദി

പുനരുപയോഗ ഊർജ മേഖലയിൽ പുതിയ ബിസിനസ് സാധ്യതകൾ കണ്ടെത്തുന്നതിനും നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കുന്നതിനും CORE RENeV Expo സഹായകമാകുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.

കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കമ്പനികളെയും സാങ്കേതിക സ്ഥാപനങ്ങളെയും ദേശീയതലത്തിലുള്ള വ്യവസായ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനും പുതിയ ബിസിനസ്-സാങ്കേതിക പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുന്നതിനുമുള്ള അവസരവും എക്സ്പോ ഒരുക്കും.

സർക്കാർ സ്ഥാപനങ്ങൾ, പുനരുപയോഗ ഊർജ സംരംഭങ്ങൾ, വ്യവസായ മേഖല, സ്റ്റാർട്ടപ്പുകൾ, സാങ്കേതികവിദ്യാ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പങ്കാളിത്തവും പരിപാടിയിൽ ഉറപ്പാക്കുമെന്ന് സംഘാടകർ അറിയിച്ചു.

സെപ്റ്റംബർ 11 മുതൽ 13 വരെ കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് CORE RENeV Expo 2026 നടക്കുന്നത്.