പത്തനാപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ. പത്തനാപുരത്തെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ സുകുമാരൻ നായരുടെ ഗൂഢാലോചനയുണ്ടെന്ന് ഗണേഷ് ആരോപിച്ചു. സുകുമാരൻ നായരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുകുമാരൻ നായരുടെ നടപടികൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ഗണേഷ്, എൻഎസ്എസിനെ തകർക്കാൻ താൻ ശ്രമിക്കില്ലെന്നും വ്യക്തമാക്കി. പിതാവിന്റെ നിർദേശപ്രകാരം സുകുമാരൻ നായർക്കൊപ്പം നിന്നിട്ടുണ്ടെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ നടപടികളെ ചോദ്യം ചെയ്യേണ്ടിവരുകയാണെന്നും ഗണേഷ് പറഞ്ഞു.
രാത്രിയിൽ കമ്മിറ്റികൾ പിരിച്ചുവിടുന്നതിനെ എന്താണ് വിളിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ജനറൽ സെക്രട്ടറിയെ മാറ്റാനുള്ള അധികാരം സുകുമാരൻ നായരുടെ കരയോഗത്തിനാണെന്നും ഈ നിയന്ത്രണത്തിൽ നിന്ന് മോചനം വേണമെന്നും ഗണേഷ് വ്യക്തമാക്കി.
തന്നെക്കൊണ്ട് കൂടുതൽ കാര്യങ്ങൾ പറയിപ്പിക്കാതിരിക്കുന്നതാണ് സുകുമാരൻ നായർക്ക് നല്ലതെന്നും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും തനിക്ക് പറയാനുണ്ടെന്നും ഗണേഷ് ആരോപിച്ചു. എൻഎസ്എസ് വഴി ലഭിച്ച കാര്യങ്ങൾ സുകുമാരൻ നായരുടെ ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ധനലക്ഷ്മി ബാങ്കുമായി ബന്ധപ്പെട്ട രേഖകൾ തന്റെ കൈവശമുണ്ടെന്നും ഗണേഷ് അവകാശപ്പെട്ടു. സുകുമാരൻ നായരെ സംരക്ഷിക്കാൻ ശ്രമിച്ച ഒരാൾ മറ്റൊരു കേസിൽ ജയിലിലാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ബദൽ സംഘടന രൂപീകരിക്കില്ലെന്നും ഈ പോരാട്ടത്തിൽ ഒപ്പം നിൽക്കുമെന്നും ഗണേഷ് വ്യക്തമാക്കി.



