Thu Aug 13, 2026 9:41 pm
FLASH
X

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് സർക്കാർ ജോലി; നിയമന ഉത്തരവ് മുഖ്യമന്ത്രി കൈമാറി

Kerala / Latest News August 13, 2026

തിരുവനന്തപുരം: അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായാണ് നിയമനം. നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് നിരഞ്ജനയ്ക്ക് കൈമാറി.

നവീൻ ബാബുവിന്റെ കുടുംബത്തിന് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരഞ്ജനയ്ക്ക് നിയമനം നൽകിയത്.

നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. യാത്രയയപ്പ് യോഗത്തിൽ നവീൻ ബാബുവിനെതിരെ പി.പി. ദിവ്യ നടത്തിയ പരാമർശങ്ങളാണ് സംഭവങ്ങളുടെ തുടക്കമായത്.

2024 ഒക്ടോബർ 14ന് നടന്ന യാത്രയയപ്പ് യോഗത്തിന് പിന്നാലെയാണ് നവീൻ ബാബുവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടിലേക്ക് പോകുന്നതിനായി മലബാർ എക്സ്പ്രസിൽ ടിക്കറ്റ് എടുത്തിരുന്നെങ്കിലും അദ്ദേഹം ട്രെയിനിൽ കയറിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്.