Wed Oct 14, 2026 10:18 am
X

അഭിമന്യു കൊലക്കേസ്; 16 പ്രതികളും ഹാജരായി, കുറ്റം നിഷേധിച്ചു

Kerala / Latest News August 13, 2026

കൊച്ചി: അഭിമന്യു കൊലക്കേസിൽ 16 പ്രതികളും കോടതിയിൽ ഹാജരായി. കോടതി നിർദേശിച്ചിട്ടും രണ്ട് തവണ ഹാജരാകാതിരുന്ന പ്രതികൾ, കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് കോടതിയിലെത്തിയത്. കേസിൽ പുതുതായി ചുമത്തിയ കുറ്റങ്ങൾ വായിച്ചുകേൾപ്പിച്ചെങ്കിലും പ്രതികൾ കുറ്റം നിഷേധിച്ചു.

കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഓഗസ്റ്റ് 17ന് വിചാരണ ആരംഭിക്കുന്ന തരത്തിൽ നടപടികൾ ക്രമീകരിക്കാനും കോടതി തീരുമാനിച്ചു.

2018 ജൂലൈ രണ്ടിനാണ് ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അഭിമന്യു കുത്തേറ്റു മരിച്ചത്. കേസിലെ സുപ്രധാന രേഖകൾ കോടതി കസ്റ്റഡിയിൽ നിന്ന് കാണാതായത് നേരത്തെ വിവാദമായിരുന്നു. പിന്നീട് രേഖകൾ പുനഃസൃഷ്ടിച്ച ശേഷമാണ് വിചാരണ നടപടികൾ മുന്നോട്ടുപോയത്.

വിചാരണ നടപടികൾ നീണ്ടുപോകുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒൻപത് മാസത്തിനുള്ളിൽ കേസിലെ നടപടികൾ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.