കുറച്ചു മണിക്കൂറുകള്‍ തുടരെ മഴ പെയ്താല്‍ മുങ്ങിത്താഴുന്ന കേരളം. വെള്ളപ്പൊക്കം രൂക്ഷം ; നദികളിലെ മണല്‍ വാരല്‍ എങ്ങുമെത്തിയില്ല. പരിസ്ഥിതി സ്‌നേഹികളെ ഭയന്ന് സര്‍ക്കാറിൻ്റെ മെല്ലേപ്പോക്ക്; നദികള്‍ കരകവിഞ്ഞൊഴുകിയതിന് കാരണമെന്ത്?
സംസ്ഥാനത്ത് നദികളിലെ മണല്‍ വാരല്‍ പുനരാരംഭിക്കും; 200 കോടി സമാഹരിക്കുമെന്ന് പ്രതീക്ഷ. 2024 ഫെബ്രുവരി 5 നു വന്ന ഒരു വാർത്തയാണിത്. കേരള ബജറ്റ് 2024ലായിരുന്നു അന്നത്തെ ധനമന്ത്രി കെ എൻ ബാലഗോപാലൻ്റെ ഈ പ്രഖ്യാപനം. ഇതിലൂടെ 200 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.. ഭാരതപ്പുഴയിലും ചാലിയാറിലും ആദ്യഘട്ടമായി മണല്‍വാരല്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2016 മുതല്‍ നദികളിലെ മണല്‍ വാരല്‍ നിലച്ചിരിക്കുകയാണ്. ഭാരതപ്പുഴ, ചാലിയാര്‍, കടലുണ്ടി പുഴകളില്‍ നിന്ന് നിയമനുസൃത നടപടികളോടെ ഈ സാമ്പത്തികവര്‍ഷം മണല്‍വാരല്‍ പുനരാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മണല്‍ നിക്ഷേപമുള്ള മറ്റ് നദികളില്‍ നിന്ന് ഘട്ടം ഘട്ടമായി മണല്‍വാരല്‍ ആരംഭിക്കും. ഇതിലൂടെ 200 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഒപ്പം നദികളിലെ ജലംസഭരണശേഷി വര്‍ധിപ്പിക്കുകയും വെള്ളപ്പൊക്ക സാധ്യത കുറയുകയും ചെയ്യും. ഇങ്ങനെയൊക്കെയാണ് അന്ന് അദ്ദേഹം പറഞ്ഞു തീർത്തത്. എന്നിട്ടെന്തായി? വല്ലതും നടന്നോ ? ഇപ്പോൾ കേരളത്തിൽ ആഴമുള്ള പുഴകളില്ല പകരം പരന്നൊഴുകുന്ന പുഴകളെ ഉള്ളൂ. വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി പോയതോടെ പുഴകൾ കരയിലേക്ക് കയറി. ഈ വെള്ളത്തിന് ഒഴുകിപ്പോയല്ലേ പറ്റൂ. അതാണ് ഇപ്പൊൾ കേരളത്തിൽ നടക്കുന്നത്.
സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് പ്രമുഖ നദികളിലെല്ലാം ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുമ്പോളും പുഴകളിൽ ഒഴുക്കുതടസപ്പെടുത്തുന്ന മണൽതിട്ടകൾ നീക്കാൻ നടപടിയില്ല. 2018ലെ പ്രളയത്തിന് ആക്കംകൂട്ടിയത് പുഴകളിലെ മണൽശേഖരമാണെന്ന വിദഗ്ധ സമിതികളുടെ പഠനറിപ്പോർട്ടുകൾ ഫയലിൽ പൊടിപിടിച്ച് കിടക്കുന്നതിനിടയിലാണ് വീണ്ടുമൊരു പ്രളയകാലത്തെ ഓർമിപ്പിക്കുന്ന പേമാരി വന്നിരിക്കുന്നത്. ശാസ്ത്ര വ്യാവസായിക, ഗവേഷണ കൗൺസിൽ തയാറാക്കിയ മണൽ വാരലിനുള്ള സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ വിജ്ഞാപനങ്ങൾ, മാർഗ നിർദേശങ്ങൾ, സുപ്രിംകോടതി, ദേശീയ ഹരിത ട്രൈബ്യൂണൽ വിധിന്യായങ്ങൾ എന്നിവ ആധാരമാക്കി സമർപ്പിച്ച മാർഗരേഖയ്ക്ക് സർക്കാർ നേരത്തെ അംഗീകാരം നൽകിയിരുന്നു.
സംസ്ഥാനത്ത് എട്ടു ജില്ലകളിലെ നദികളിൽ നിന്നായി ഒന്നേ മുക്കാൽ കോടിയോളം മെട്രിക് ടൺ മണൽ ഖനനം ചെയ്യാമെന്നാണ് സാൻഡ് ഓഡിറ്റിങ്ങിൽ കണ്ടെത്തിയിരുന്നത്. സർക്കാരിന് 1600 കോടിരൂപയിലേറെ ഇതിലൂടെ വരുമാനം കിട്ടാൻ സാധ്യതയുള്ളതിനാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും കഴിയും. എന്നിട്ടും സർക്കാർ ഇതേക്കുറിച്ച് ചിന്തിക്കുന്നതുപോലുമില്ല. നിയന്ത്രിത മണൽഖനനം നദികളുടെ സംരക്ഷണത്തിനൊപ്പം സംസ്ഥാനത്ത് മണൽ ക്ഷാമത്തിനും പരിഹാരമാകും. മണൽ വാരൽ പുനരാരംഭിക്കുമെന്ന് 2024-25 ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 2020ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ സുസ്ഥിര മണൽ വാരൽ മാർഗനിർദേശങ്ങൾക്കും നിരീക്ഷണ മാർഗങ്ങൾക്കും അടിസ്ഥാനമായാണ് പുതിയ തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്. കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് മണൽ ഖനന സാധ്യതയുള്ള നദികൾ. ഭാരതപ്പുഴയിൽ നിന്ന് മാത്രം രണ്ടുവർഷം കൊണ്ട് 250 കോടി രൂപയുടെ മണൽ വാരാൻ കഴിയുമെന്ന് വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു.
സംസ്ഥാനത്തെ പുഴകളിൽ മൂന്നു പതിറ്റാണ്ടു മുൻപുണ്ടായിരുന്ന മണൽ ശേഖരം ഇപ്പോഴുമുണ്ടെന്നാണു കണക്ക്. 3 മീറ്റർ ആഴത്തിൽ ഖനനം ചെയ്ത് മണലെടുക്കാനാണ് സമിതി നിർദേശിച്ചിരുന്നത്. പുഴകളിൽ മണൽ അടിഞ്ഞുകൂടുന്നത് നദികളുടെ സ്വാഭാവിക ആഴവും നീരൊഴുക്കിന്റെ ശേഷിയും കുറയ്ക്കും. കനത്ത മഴ പെയ്യുമ്പോൾ ഒഴുക്ക് സുഗമമാകാതെ പുഴ കരകവിയാനും വെള്ളപ്പൊക്കത്തിനും ഇത് പ്രധാന കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നദികളിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്ന രീതിയില്‍ മണല്‍ അടിയുന്നതും അതിനോടൊപ്പം ചില പ്രദേശങ്ങളില്‍ ചതുപ്പുകളും തോടുകളും വ്യാപകമായി നികത്തിയതും കയ്യേറിയതും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ഇതോടെ മഴവെള്ളത്തിന് ഒഴുകിപ്പോകാന്‍ വഴികളില്ലാതെ വരികയും വെള്ളക്കെട്ട് നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പടരുകയും ചെയ്യുകയാണ്
സാന്റ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മണല്‍ ലഭ്യത കണ്ടെത്തിയ 8 ജില്ലകളിലെ 17 നദികളില്‍ നിന്നു മണല്‍ വാരുന്നതിനായി 2025 മേയിലാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാനും നദികളുടെ സംഭരണശേഷി കൂട്ടാനും ഈ തീരുമാനം വഴിവെക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തയാറാക്കിയ 12 ഇന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തത്ത്വത്തില്‍ അംഗീകരിച്ചുകൊണ്ടായിരുന്നു അന്ന് റവന്യൂ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. നദികളുടെ സുരക്ഷയും സ്വാഭാവിക ഒഴുക്കും ഉറപ്പാക്കുന്നതിനൊപ്പം കെട്ടിട നിര്‍മ്മാണ മേഖലയിലെ കടുത്ത മണല്‍ക്ഷാമത്തിന് പരിഹാരമാകുമെന്നും സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു.
എന്നാല്‍, ആദ്യഘട്ടത്തില്‍ പമ്പാ നദിയില്‍ നിന്ന് മണല്‍ വാരുന്നതിനായി ക്ഷണിച്ച ടെന്‍ഡര്‍ നടപടികള്‍ വന്‍ നിയമക്കുരുക്കില്‍ പെടുകയായിരുന്നു. ഇതോടെ മറ്റ് നദികളില്‍ നടത്താനിരുന്ന ടെന്‍ഡര്‍ നടപടികളും പൂര്‍ണ്ണമായി മുടങ്ങി. നിയമപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഉയര്‍ന്ന പ്രതിഷേധങ്ങളും കോടതി നടപടികളുമാണ് സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടിയായത്.പരിസ്ഥിതി സംഘടനകളുടെയും ചില കോണുകളില്‍ നിന്നുള്ള പരിസ്ഥിതി സ്‌നേഹികളുടെയും എതിര്‍പ്പുകളെ ഭയന്ന് സര്‍ക്കാര്‍ വിഷയത്തില്‍ മെല്ലേപ്പോക്ക് നയം സ്വീകരിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. നദികളില്‍ നിന്ന് മണല്‍ വാരുന്നത് പാരിസ്ഥിതിക നാശത്തിന് വഴിവെക്കുമെന്ന വാദമുയര്‍ത്തി പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അധികൃതര്‍ മടിച്ചു നില്‍ക്കുകയായിരുന്നു.
വര്‍ഷങ്ങളായി ഒഴുക്ക് തടസ്സപ്പെട്ട് കിടക്കുന്നതിനാല്‍ നദികളുടെ സംഭരണശേഷി പകുതിയായി കുറഞ്ഞിരിക്കുകയാണ്. ഇതിനാല്‍ തന്നെയാണ് ഒന്നോ രണ്ടോ മണിക്കൂര്‍ കനത്ത മഴ പെയ്യുമ്പോള്‍ തന്നെ ജനവാസ മേഖലകളിലേക്ക് വെള്ളം ഇരച്ചുകയറുന്നതെന്നാണ് ദുരന്തനിവാരണ രംഗത്തെ വിദഗ്ധരും അഭിപ്രായപ്പെടുന്നത്. സംസ്ഥാനത്തെ 8 ജില്ലകളിലെ 13 നദികളിൽ മാത്രം 1.75 കോടി മെട്രിക് ടൺ മണലുണ്ട്. ഇതിന് 1500 കോടി രൂപയുടെ മൂല്യം ഉണ്ട്. 11 ജില്ലകളിലെ 17 നദികളിൽ ഖനന സാധ്യതയുണ്ട്. ഇതും കൂടിയാവുമ്പോൾ മൂല്യം 3000 കോടി കവിയും. നമ്മുടെ ഡാമുകളിൽ 2000 കോടിയുടെ മണൽ ഉണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ഭാരതപ്പുഴയിൽ 75 ലക്ഷത്തോളം മെട്രിക് ടൺ മണലുണ്ട്, പാലക്കാട്ട് മംഗലം ഡാമിൽ 50 ലക്ഷം ഘനമീറ്റർ മണലുണ്ടെന്നും പഠനങ്ങൾ പറയുന്നു. തിരുവനന്തപുരം അരുവിക്കര ഡാം, ചുള്ളിയാർ, ചിമ്മിനി, മലമ്പുഴ തുടങ്ങിയ ഡാമുകളിലോക്കെ വൻതോതിൽ മണൽ ശേഖരമുണ്ട്. പല ഡാമുകളുടെയും റഗുലേറ്ററുകൾക്കും എപ്രണിനും ഘടനയ്ക്കും കേടുണ്ട്. മണലും എക്കലും ചെളിയും മാറ്റാതെ എങ്ങനെ അറ്റകുറ്റപ്പണി നടത്തും ? ഡാമുകളുടെ 40 ശതമാനത്തോളം മണലും ചെളിയും നിറഞ്ഞുകഴിഞ്ഞു. ഈ മണൽ എടുത്തുമാറ്റി വിട്ടാൽ ലഭിക്കുന്ന തുകയുടെ ഇരുപത് ശതമാനം മതിയാകും ഡാമുകളുടെ അറ്റകുറ്റപ്പണിക്ക്.
പ്രളയകാലത്ത് അടിഞ്ഞുകൂടിയ മണല്‍ കൃത്യമായി മാറ്റിയാല്‍ നദികളുടെ സംരക്ഷണത്തിനൊപ്പം തന്നെ സംസ്ഥാനത്തെ നിര്‍മ്മാണ മേഖല നേരിടുന്ന വിലക്കയറ്റത്തിനും മണല്‍ക്ഷാമത്തിനും അത് വലിയ പരിഹാരമാകുമായിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും മെല്ലേപ്പോക്കും കാരണം പദ്ധതി ഇപ്പോഴും കടലാസില്‍ തന്നെ വിശ്രമിക്കുകയാണ്.വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന മുന്നറിയിപ്പുകള്‍ക്കിടെ, നദികളിലെ തടസ്സങ്ങള്‍ നീക്കാനും മണല്‍ നീക്കം ചെയ്യുന്നതിലെ നിയമതടസ്സങ്ങള്‍ മാറ്റാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളും വരും വര്‍ഷങ്ങളിലും സമാനമായ പ്രളയദുരന്തങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.
ഇനി ഇതിൻ്റെ പിന്നിൽ മറ്റു ചില ലോബികൾ കൂടി പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ ക്വാറി, ക്രഷർ ഉടമകളുടെ സമ്മർദം മൂലമാണ് സർക്കാർതല നടപടികൾ മുടങ്ങിക്കിടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. കൂറ്റൻ യന്ത്രങ്ങളുടെ സഹായത്തോടെ എംസാന്റ് നിർമിക്കുന്ന ക്രഷർ യൂനിറ്റുകളുടെ ഉടമകളാണ് ഇത്തരത്തിൽ പുഴമണൽ എടുക്കുന്നതിന് തടസം ഉണ്ടാക്കുന്നത്.നിലവിൽ സംസ്ഥാനത്തെ കെട്ടിട നിർമാണങ്ങൾക്കും റോഡുൾപ്പടെയുള്ള കോൺക്രീറ്റ് ജോലികൾക്കും എംസാന്റാണ് ഉപയോഗിക്കുന്നത്. പുഴമണൽ ലഭ്യമായാൽ എംസാന്റ് വിപണി നഷ്ടപ്പെടുമെന്നതുകൊണ്ടാണ് ഇതിന് തടസം നിൽക്കുന്നത്. 2016ലെ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ, പാരിസ്ഥിതിക അനുമതിയുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് നേരത്തെ നദികളിലെ മണൽ ഖനനം നിർത്തി വച്ചിരുന്നത്. ശാസ്ത്ര വ്യാവസായിക, ഗവേഷണ കൗൺസിൽ റിപ്പോർട്ട് വന്നതോടെ ശാസ്ത്രീയമായും നിയന്ത്രിതതോതിലും മണലെടുപ്പ് നടത്താൻ സാഹചര്യമൊരുങ്ങിയെങ്കിലും ഭരണരംഗത്തെ സ്വാധീനമുപയോഗിച്ച് പുഴമണൽ ഖനനം അടഞ്ഞ അധ്യായമാക്കുകയാണ്.
പരിസ്ഥിതി സംരക്ഷണം അത്യാവശ്യമാണ്.അതിൽ തർക്കമില്ല.പക്ഷേ, ശാസ്ത്രീയമായ നിയന്ത്രിത മണൽവാരലും അനധികൃത മണൽമാഫിയയും ഒരുപോലെയാണോ?ലോകത്തിന്റെ പല ഭാഗങ്ങളിലും കർശന മാനദണ്ഡങ്ങളോടെ നദി പരിപാലനത്തിന്റെ ഭാഗമായി മണൽ നീക്കം ചെയ്യാറുണ്ട്.കേരളത്തിൽ അത്തരമൊരു മാതൃക സ്വീകരിക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല?കേരളത്തിലെ ദുരന്തത്തിന്റെ മറ്റൊരു കാരണം നദികൾ മാത്രമല്ല.ചതുപ്പുകൾ നികത്തി.തോടുകൾ കയ്യേറി.സ്വാഭാവിക നീരൊഴുക്ക് തടഞ്ഞു.മഴവെള്ളം ഒഴുകിപ്പോകേണ്ട വഴികൾ അടച്ചു.അതിനുശേഷം മഴയെ മാത്രം കുറ്റം പറയുന്നത് നീതിയാണോ?ചുരുക്കിപ്പറഞ്ഞാൽ ചെറിയ മഴപോലും കേരളത്തെ മുക്കിക്കൊല്ലുന്ന അവസ്ഥ. പുഴകൾക്ക് ചുറ്റുമായിരുന്നു പണ്ട് നഗരങ്ങളുണ്ടായത്. സംസ്കാരങ്ങൾ ഉടലെടുത്തത്. സിന്ധുവും യൂഫ്രട്ടീസും നൈലും ഗംഗയുമൊക്കെ ഉദാഹരണങ്ങൾ. പുഴകളെ സംരക്ഷിച്ചുകൊണ്ട് അതിൻ്റെ തീരങ്ങളിൽ ജനജീവിതമുണ്ടായി. എന്നാൽ ഇന്നോ? നഗരത്തിന് ചുറ്റും പുഴയൊഴുകുന്ന അവസ്ഥ. ഈ വിഷയത്തിൽ കപട പരിസ്ഥിതി വാദമല്ല വേണ്ടത്. കർശനമായ നിരീക്ഷണങ്ങളോടെ നിയന്ത്രണങ്ങളോടെ മണൽവാരാൻ വഴിതുറക്കണം. കേരളത്തിലെ പ്രളയത്തെ കുറിച്ചുപഠിക്കാൻ പിണറായി വിജയനും സംഘവും മുമ്പ് നെതർലൻഡ്സ് സന്ദർശിച്ചിരുന്നു. ഏത്? നമ്മുടെ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തെ കുറിച്ചുപഠിക്കാൻ. പക്ഷേ മുഴക്കുവൻ പഠിച്ചില്ലെന്ന തോനുന്നു. ഇപ്പോഴത്തെ സർക്കാരിനും പഠിക്കാം. വെനീസൊക്കെ ഒന്നു കണ്ടുപഠിച്ച് വരാം. എന്തൊക്കെയാണ് നിങ്ങൾ പഠിച്ചതെന്നറിയാൻ ഇവിടെ പരീക്ഷയൊന്നുമില്ലാത്തതുകൊണ്ട് അതും വിഷയമല്ല.
ഈ വിഷയത്തിൽ കപട പരിസ്ഥിതി വാദമോ രാഷ്ട്രീയ വാദപ്രതിവാദങ്ങളോ അല്ല വേണ്ടത്.ശാസ്ത്രീയമായ പഠനങ്ങൾ.കർശനമായ നിരീക്ഷണം.സുതാര്യമായ സംവിധാനം.നിയന്ത്രിതമായ മണൽവാരൽ.നദികളുടെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കൽ.ഇവയെല്ലാം ഒരുമിച്ച് നടപ്പാക്കേണ്ട സമയമാണിത്.ഇല്ലെങ്കിൽ ഓരോ മഴക്കാലത്തും നമ്മൾ ഒരേ വാർത്ത തന്നെ കാണും.
“കേരളം വീണ്ടും വെള്ളത്തിനടിയിൽ.”
അത് പ്രകൃതിയുടെ പരാജയമല്ല.നമ്മുടെ തീരുമാനങ്ങളുടെ പരാജയമായിരിക്കും.
അനീഷ് തകടിയിൽ



