Wed Aug 05, 2026 3:04 pm
FLASH
X

വിദ്യാഭ്യാസത്തിന് മുൻഗണന നൽകി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്; സ്ത്രീകൾക്കായി വൻ പ്രഖ്യാപനങ്ങൾ, നവവധുവിന് സർക്കാർ വക ഒരു പവൻ സ്വർണം

HOME / National August 5, 2026

ചെന്നൈ: തമിഴ്‌നാടിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി മരിയ വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന സർക്കാരിന്റെ ആദ്യ ബജറ്റിൽ വിദ്യാഭ്യാസം, സ്ത്രീക്ഷേമം, ആരോഗ്യസംരക്ഷണം, നൈപുണ്യ വികസനം എന്നിവയ്ക്ക് മുൻഗണന നൽകുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2031-ഓടെ തമിഴ്‌നാടിനെ 1.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.

വിദ്യാഭ്യാസ മേഖലയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയ ബജറ്റിൽ സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് 44,527 കോടി രൂപയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് 8,393 കോടി രൂപയും വകയിരുത്തി. 3,734 സർക്കാർ സ്കൂളുകൾ നവീകരിക്കുന്നതിന് 300 കോടി രൂപയും 10,000 സ്കൂളുകളിൽ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന ‘സൂപ്പർ ക്ലീൻ, സൂപ്പർ ക്യാമ്പസ്’ പദ്ധതിക്ക് 139 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കോളേജ് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി ‘വെട്രി ലാപ്ടോപ്പ് പദ്ധതി’യും പ്രഖ്യാപിച്ചു. കൂടാതെ, സൗജന്യ താമസവും പഠനസൗകര്യവും നൽകുന്ന പെരുന്തലൈവർ കാമരാജർ മാതൃകാ റെസിഡൻഷ്യൽ സ്കൂളുകൾക്കായി 125 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മധുരയിൽ പുതിയ സ്പെഷ്യൽ ലോ കോളേജും 90 കോടി രൂപ ചെലവിൽ അഞ്ച് പുതിയ ഐ.ടി.ഐകളും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ത്രീകളുടെ ക്ഷേമത്തിനും ബജറ്റിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഗർഭിണികൾക്കായി പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുകയും സൗജന്യ ഭക്ഷണവും വൈദ്യസഹായവും നൽകുകയും ചെയ്യും. ഇതിനായി 23 കോടി രൂപയാണ് വകയിരുത്തിയത്. നവവധുക്കൾക്ക് സർക്കാർ സമ്മാനമായി ഒരു പവൻ സ്വർണവും പട്ടുസാരിയും നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു. ഇതിനായി 812 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ വർധിച്ചുവരുന്ന സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് മദ്യ ഉൽപാദന കേന്ദ്രങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തി 1,000 കോടി രൂപയുടെ അധിക വരുമാനം കണ്ടെത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാർ ടെൻഡർ നടപടികൾ കൂടുതൽ സുതാര്യമാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു.

പ്രകടനപത്രികയിലെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി പദ്ധതിയും സ്ത്രീകളുടെ സുരക്ഷയ്ക്കുള്ള ദ്രുത പ്രതികരണ സേനയും ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും സർക്കാർ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ അറ്റകുറ്റപ്പണി പരിശീലനത്തിനായി പുതിയ പദ്ധതി ആരംഭിച്ച് 22,500 മെക്കാനിക്കുകൾക്ക് പരിശീലനം നൽകും. ഇതിനായി മൂന്ന് കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസം, സ്ത്രീക്ഷേമം, ആരോഗ്യസംരക്ഷണം, തൊഴിൽനൈപുണ്യ വികസനം എന്നിവയ്ക്ക് മുൻഗണന നൽകി ദീർഘകാല സാമ്പത്തിക വളർച്ച ലക്ഷ്യമിടുന്ന ബജറ്റാണ് വിജയ് സർക്കാരിന്റെ ആദ്യ ബജറ്റായി അവതരിപ്പിച്ചിരിക്കുന്നത്.

Tags: , , , , , , , , , , , , , , , , , , , , , , , , , , , , ,