കെഎസ്ആർടിസിയിൽ കാസർകോട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുവഴി നിയമിതരായ 200 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. പിരിച്ചുവിടലിനെതുടർന്ന് അന്തർജില്ലാ സർവീസ് ഉൾപ്പെടെ ദിവസേനയുള്ള സർവീസുകൾ താറുമാറായി.
ആറായിരത്തോളം താൽകാലിക ജീവനക്കാർക്ക് ഒന്നരമാസമായി ശമ്പളം മുടങ്ങിയിരിക്കുകയാണ്. ഇക്കാരണത്താൽത്തന്നെ പലരും ജോലിക്ക് ഹാജരാകുന്നില്ല. പ്രതിഷേധം ശക്തമായതോടെ തിങ്കളാഴ്ച കുടിശ്ശികയുള്ള ഏഴ് ദിവസത്തെ ശമ്പളം മാത്രം അനുവദിച്ചു. താൽക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകാൻ ഒരുമാസം 12 കോടിയോളം രൂപ വേണം. എന്നാൽ ഇതുവരെ മൂന്ന് കോടിയോളം രൂപയേ അനുവദിച്ചിട്ടുള്ളൂ. സാധാരണഗതിയിൽ എല്ലാ മാസവും 15-ാം തിയതിവരെ ആദ്യ ഗഡുവും അതിനുശേഷം രണ്ടാം ഗഡുവുമായി ശമ്പളം വിതരണത്തിന് തുക അനുവദിച്ചിരുന്നു. കെഎസ്‌ആർടിസിയിലെ 22,000 സ്ഥിരം ജീവനക്കാർക്കും 4,500 എംപാനൽ ജീവനക്കാർക്കുമുള്ള ഇൻസെന്റീവ് ബാറ്റയും മുടങ്ങി.


