ലണ്ടൻ ∙ സ്വന്തം പാർട്ടിയായ ലേബർ പാർട്ടിയിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തിന് വഴങ്ങി യുകെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ. തിരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടി, നയപരമായ പരാജയങ്ങൾ, ജനപ്രീതിയിലുണ്ടായ ഇടിവ് എന്നിവയെ തുടർന്ന് പാർട്ടിയിലെ നൂറിലധികം എംപിമാരും മുതിർന്ന കാബിനറ്റ് മന്ത്രിമാരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ലേബർ പാർട്ടിയിലെ അദ്ദേഹത്തിന്റെ പ്രധാന എതിരാളിയും മുൻ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറുമായ ആൻഡി ബേൺഹാം ഉപതിരഞ്ഞെടുപ്പിൽ ജയിച്ച് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സ്റ്റാമറുടെ രാജിയിലേക്കുള്ള വഴി വേഗത്തിലായത്. അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ആൻഡി ബേൺഹാമിനാണ്. സ്റ്റാമർ തിങ്കളാഴ്ച രാജി വച്ചേക്കുമെന്നും ഇതിനായുള്ള നടപടികൾ ആരംഭിച്ചെന്നും ബ്രിട്ടിഷ് പത്രമായ ഒബ്സർവർ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. മന്ത്രിമാരും ഉപദേശകരും തൊഴിലാളി യൂണിയൻ നേതാക്കളുമായും നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സ്റ്റാമെർ രാജി തീരുമാനത്തിലെത്തിയത്.




