Tue Aug 04, 2026 1:14 am
FLASH
X

മൂവാറ്റുപുഴയും ഷൊര്‍ണൂരും തിരൂരും , നെയ്യാറ്റിൻകരയും, പുതിയ ജില്ലകള്‍? സാധ്യത പരിശോധിക്കാൻ സര്‍ക്കാര്‍; സെൻസസ് കഴിഞ്ഞാല്‍ തീരുമാനം

HOME / Kerala June 22, 2026

തിരുവനന്തപുരം: ജനസംഖ്യാ വർധനവിന് ആനുപാതികമായി കേരളത്തില്‍ പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കാൻ സർക്കാർ ഒരുങ്ങുന്നു. ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ ജനസംഖ്യയുള്ള നിലവിലെ ജില്ലകള്‍ വിഭജിക്കുകയാണ് ലക്ഷ്യം. ഇതിനായി പ്രത്യേക കമ്മിഷനെ നിയമിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു. പുതിയ സെൻസസ് വിവരങ്ങള്‍ പുറത്തുവരുന്നതോടെ, ജനസംഖ്യാ പ്രാതിനിധ്യം കൃത്യമായി വിലയിരുത്തിയായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. 1984-ല്‍ കാസർകോട് ജില്ല രൂപീകരിച്ച ശേഷം കഴിഞ്ഞ 40 വർഷമായി കേരളത്തില്‍ പുതിയ ജില്ലകള്‍ ഉണ്ടായിട്ടില്ല. പുതിയ താലൂക്കുകള്‍ നിലവില്‍ വന്നിട്ട് 12 വർഷവും പിന്നിട്ടു.

ഇടുക്കിയിലെ ദേവികുളം, തൊടുപുഴ നിയോജക മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, പിറവം മണ്ഡലങ്ങളും പെരുമ്പാവൂരിന്റെ ഭാഗങ്ങളും ഉള്‍പ്പെടുത്തി 40 വർഷം മുൻപ് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ പ്രഖ്യാപിച്ച മൂവാറ്റുപുഴ ജില്ല, മലപ്പുറത്തെ തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകള്‍ ചേർന്നുള്ള തിരൂർ ജില്ല, മറ്റു ഭാഗങ്ങള്‍ ചേർത്ത് മഞ്ചേരി ആസ്ഥാനമായ ജില്ല, പാലക്കാട് വിഭജിച്ച്‌ ഷൊർണൂർ ജില്ല, കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങള്‍ ചേർന്ന ജില്ല, തിരുവനന്തപുരത്തെ കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകള്‍ ഉള്‍പ്പെടുന്ന ജില്ല എന്നിങ്ങനെ വ്യത്യസ്ത ജില്ലകള്‍ക്കായുള്ള നിവേദനങ്ങള്‍ പല കാലത്തായി സർക്കാരിനു മുന്നിലെത്തിയിട്ടുണ്ട്. ഇതിനു പുറമേ പുതിയതായി താലൂക്കുകള്‍ രൂപീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.