Tue Aug 04, 2026 1:59 am
FLASH
X

നിർമാണച്ചെലവ് 8000 കോടി, ഡിപിആറിന് അനുമതി ലഭിച്ചാൽ തിരുവനന്തപുരം മെട്രോ ഉടൻ സാക്ഷാത്‌കാരമാകും

HOME / Kerala June 19, 2026

തലസ്ഥാന നഗരത്തിലെ സ്വപ്‌നപദ്ധതിയായ മെട്രോയുടെ ഡിപിആർ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ സർക്കാരിന് സമർപ്പിക്കും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ ഡിപിആറാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സർക്കാരിന് മുന്നിൽ അനുമതിക്കായി നൽകുന്നത്. അനുമതി ലഭിച്ചാൽ അധികം വൈകാതെ തന്നെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും.പുതുക്കിയ അലൈൻമെന്റിൽ 31 കിലോമീറ്റർ ദൂരമാണുള്ളത്. പാപ്പനംകോട് മുതൽ ഈഞ്ചയ്‌ക്കൽ വരെയാണ് മേട്രോ റെയിൽപാത.

27 സ്റ്റേഷനുകളുണ്ട്. ഇതിൽ മൂന്നെണ്ണം ഇന്റർചേഞ്ച് സ്റ്റേഷനുകളാണ്. 8,000 കോടി രൂപയാണ് പദ്ധതി ചെലവായി പ്രതീക്ഷിക്കുന്നത്.സംസ്ഥാന മന്ത്രിസഭ ഡിപിആർ അംഗീകരിച്ചാൽ കേന്ദ്രസർക്കാരിന് സമർപ്പിച്ച് അംഗീകാരം തേടും. അംഗീകാരം ലഭിച്ചാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എത്ര തുക വീതം പദ്ധതിക്കായി ചെലവഴിക്കുമെന്ന് വ്യക്തമാക്കും. കൊച്ചി മെട്രോയുടേത് പോലെയാണെങ്കിൽ 60 ശതമാനം വായ്‌പയെടുത്തും 20 ശതമാനം വീതം സംസ്ഥാന, കേന്ദ്രസർക്കാർ വിഹിതവും ഉപയോഗിച്ചാകും പദ്ധതി നിർമാണം പൂർത്തിയാക്കുക.

പാപ്പനംകോട്, കൈമനം, കരമന, തമ്പാനൂർ, സെക്രട്ടേറിയേറ്റ്, പാളയം, പ്ലാമൂട്, പട്ടം, മുറിഞ്ഞപാലം, മെഡിക്കൽ കോളേജ്, ഉള്ളൂർ, പോങ്ങുമൂട്, ശ്രീകാര്യം, പാങ്ങപ്പാറ, ഗുരുമന്ദിരം, കാര്യവട്ടം, കഴക്കൂട്ടം, ടെക്‌നോപാർക്ക് ഫേസ് 1, ഫേസ് 2, ഫേസ് 3, ആക്കുളം കായൽ, കൊച്ചുവേളി, വെൺപാലവട്ടം, ചാക്ക, എയ‌ർപോർട്ട്, ഈഞ്ചക്കൽ എന്നിവയാണ് മെട്രോ സ്റ്റേഷനുകൾ.

നിർമാണം മുഴുവൻ ഉയരപ്പാതയിലാക്കാനാണ് ഡിപിആറിൽ പറയുന്നതെന്നാണ് വിവരം. ഭൂഗർഭപാതയെക്കുറിച്ച് നേരത്തേ പഠനം നടത്തിയിരുന്നെങ്കിലും ചെലവ് ഇരട്ടിയാകുമെന്നതിനാലാണ് ഉയരപ്പാതയിലേക്ക് മാറ്റിയത്.