Sat Jun 13, 2026 1:07 am
FLASH
X
booked.net

ഇന്ത്യയിൽ പ്രീപെയ്ഡ് മൊബൈൽ റീചാർജ് ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

Tech June 12, 2026

പേയു (PayU) സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ പുതിയ ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഘട്ടം ഘട്ടമായാണ് പുറത്തിറക്കുന്നത്.


ഇന്ത്യയിലെ ഉപയോക്താക്കൾക്കായി പ്രീപെയ്ഡ് മൊബൈൽ റീചാർജ് സേവനങ്ങൾ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്. ഇതോടെ വാട്ട്‌സ്ആപ്പിനുള്ളിൽ തന്നെ നേരിട്ട് മൊബൈൽ നമ്പറുകൾ റീചാർജ് ചെയ്യാൻ സാധിക്കും. പേയു (PayU) സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ പുതിയ ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഘട്ടം ഘട്ടമായാണ് പുറത്തിറക്കുന്നത്. വരും ആഴ്ചകളിൽ എല്ലാ ഉപയോക്താക്കൾക്കും ഈ സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

വളരെ ലളിതമായ ഏതാനും ഘട്ടങ്ങളിലൂടെ സ്വന്തം നമ്പറോ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയോ നമ്പറുകളോ തടസ്സമില്ലാതെ റീചാർജ് ചെയ്യാൻ ഈ ഫീച്ചർ ആളുകളെ സഹായിക്കും. ജിയോ, എയർടെൽ, വി (Vi) എന്നീ നെറ്റ്‌വർക്കുകളിൽ പ്രീപെയ്ഡ് കണക്ഷനുള്ളവർക്ക് ലഭ്യമായ പ്ലാനുകളിൽ നിന്ന് ആവശ്യമുള്ളത് തിരഞ്ഞെടുത്ത് വാട്ട്‌സ്ആപ്പിലൂടെ തന്നെ റീചാർജ് ചെയ്യാം. റീചാർജ് കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് മെറ്റയും പേയുവും വ്യക്തമാക്കി.

പേയ്‌മെന്റ്, റീചാർജ് സേവനങ്ങളിലേക്ക് വേഗത്തിൽ പ്രവേശനം നൽകുന്നതിനായി ആപ്പിന്റെ ഹോം സ്ക്രീനിൽ രൂപ (₹) ചിഹ്നത്തോടുകൂടിയ ഐക്കണും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഈ ഐക്കൺ വഴി വാട്ട്‌സ്ആപ്പിലെ യുപിഐ പേയ്‌മെന്റുകളും മെട്രോ ടിക്കറ്റിംഗ് സേവനങ്ങളും എളുപ്പത്തിൽ ചെയ്യാനാകും. ഇന്ത്യയിൽ ആളുകൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെടാൻ വാട്ട്‌സ്ആപ്പ് കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്നും, ദൈനംദിന അത്യാവശ്യ കാര്യങ്ങൾ കൂടി ഇതിലൂടെ പൂർത്തിയാക്കാൻ പുതിയ ഫീച്ചർ സഹായിക്കുമെന്നും മെറ്റാ ഇന്ത്യയുടെ ബിസിനസ് മെസേജിംഗ് ഡയറക്ടർ രവി ഗാർഗ് പറഞ്ഞു. ഒന്നിലധികം ആപ്പുകൾ മാറി മാറി ഉപയോഗിക്കാതെ തന്നെ ഉപയോക്താക്കൾക്ക് കാര്യങ്ങൾ ലളിതമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.