Mon Aug 03, 2026 5:31 pm
FLASH
X

ഇന്ധനവില 12 രൂപ വരെ കൂട്ടിയേക്കും; കനത്ത നഷ്ടത്തിലാണെന് കമ്പനികള്‍

HOME / National June 3, 2026

ന്യൂഡല്‍ഹി : പൊതുമേഖല എണ്ണകമ്പനികള്‍ ഇന്ധനവില ലിറ്ററിന് 12 രൂപ വരെ വര്‍ധിപ്പിക്കും. നിലവിലുള്ള നഷ്ടം മറികടക്കാന്‍ എണ്ണവിലയില്‍ അത്ര വര്‍ധന വരുത്തേണ്ടി വരുമെന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനലിസ്റ്റുകളുടെ അഭിപ്രായം. കഴിഞ്ഞമാസം തുടര്‍ച്ചയായി നാല് തവണയാണ് കമ്പനികള്‍ എണ്ണവില ഉയര്‍ത്തിയത്.

നിലവില്‍ പെട്രോള്‍ ലിറ്ററിന് 5.5 രൂപയും ഡീസല്‍ 4.5 രൂപയും നഷ്ടത്തിലാണ് വില്‍ക്കുന്നത്. അതേസമയം ക്രൂഡോയില്‍ വില 100 ഡോളറിന് മുകളില്‍ പോയാല്‍ ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥയിലേക്ക് എണ്ണവില എത്തിക്കണമെങ്കില്‍ ലിറ്ററിന് 12 രൂപ വരെ ഉയര്‍ത്തേണ്ടി വരുമെന്നാണ് എണ്ണകമ്പനികളുടെ നിലപാട്.

നിലവില്‍ പ്രതിദിനം 550 കോടി രൂപ നഷ്ടത്തിലാണ് എണ്ണകമ്പനികള്‍ എണ്ണ വില്‍ക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ എണ്ണവില കൂട്ടാതെ നിവൃത്തിയില്ലെന്നാണ് റേറ്റിങ് ഏജന്‍സികള്‍ പ്രവചിക്കുന്നത്.ഐസിആര്‍എ റിസര്‍ച്ചിന്റെ പ്രശാന്ത് വശിഷ്ടാണ് ഇന്ധനവില കൂടാന്‍ സാധ്യതയുണ്ടെന്ന പ്രവചനം നടത്തിയത്.

എല്‍പിജി സിലിണ്ടര്‍ 600 രൂപ നഷ്ടത്തിലാണ് കമ്പനികള്‍ വില്‍ക്കുന്നത്. വിമാന ഇന്ധനവില്‍പനയിലൂടെ ലിറ്ററിന് 30 രൂപയുടെ നഷ്ടം എണ്ണകമ്പനികള്‍ക്ക് ഉണ്ടാവുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ തുടരുന്ന പ്രതിസന്ധിയാണ് എണ്ണകമ്പനികള്‍ക്ക് മുന്നിലുള്ള പ്രധാനവെല്ലുവിളി. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയിലിന്റെ വില വീണ്ടും ഇടിഞ്ഞു. 94.58 ഡോളറായാണ് വിലയിടിഞ്ഞത്.