Sun Sep 20, 2026 11:29 am
FLASH
X

എ എ റഹീമിനെയും ഭാര്യയേയും സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചു; കോൺ​ഗ്രസ് പ്രവർത്തകൻ ​ഗൾഫിൽ നിന്നും തിരിച്ചെത്തിയതോടെ അറസ്റ്റിലായി

HOME / Kerala May 23, 2026

തിരുവനന്തപുരം : ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിനെയും ഭാര്യയേയും സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ പ്രവാസി മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിയായ സജിമോനാണ് അറസ്റ്റിലായത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ​ഗൾഫിൽ നിന്നും നാട്ടിലെത്തിയ ഇയാളെ വിമാനത്താവളത്തിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് റഹീമിനെയും ഭാര്യയെയും അധിക്ഷേപിക്കുന്ന തരത്തിൽ ചിത്രങ്ങൾ സഹിതം പോസ്റ്റുകൾ പങ്കുവെച്ചെന്ന പരാതിയിലായിരുന്നു നടപടി. അന്വേഷണത്തിനൊടുവിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തി സജിമോനെതിരെ കേസെടുത്തിരുന്നു. ഇയാൾ കോൺഗ്രസ് പ്രവർത്തകനെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഗൾഫിൽ താമസിക്കുന്നതിനിടെയാണ് വിവാദ പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം ഇതിനകം സമർപ്പിച്ചിട്ടുള്ളതിനാൽ, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിക്ക് ജാമ്യം അനുവദിച്ചു. ഫേസ്ബുക്കിന് നൽകിയ പരാതിയും സൈബർ അന്വേഷണവും പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായി.