അച്ഛന്റെ പേര് പറയുന്നതിൽ എന്താണ് തെറ്റെന്ന് മറുപക്ഷം
മുഖ്യമന്ത്രിയായി വി ഡി സതീശൻ നടത്തിയ സത്യാ പ്രതിജ്ഞ ഇപ്പോൾ വൻ വിവാദമായിരുന്നു. മുഖ്യമന്ത്രി ജാതി പറഞ്ഞു എന്നാണ് ആക്ഷേപം. എന്താണ് സത്യാവസ്ഥ? നമുക്ക് പരിശോധിക്കാം
വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ ഇങ്ങനെ പറഞ്ഞുകൊണ്ടാണ് വി ഡി സതീശൻ മുഖ്യമന്ത്രിയായി സത്യാ പ്രതിജ്ഞ ചെയ്തത്. സംഭവം വിവാദമായി. കാരണം എന്താണെന്നോ? സതീശൻ മേനോൻ എന്ന ജാതിപ്പേര് പ്രയോഗിച്ചു. എംഎൽഎ ആയപ്പോൾ വിഡി സതീശൻ എന്ന ഞാൻ എന്ന് സത്യാ പ്രതിജ്ഞ ചെയ്ത ആൾ, മുഖ്യമന്ത്രിയായപ്പോൾ അതുവരെ ഇല്ലാത്ത ജാതി എവിടുന്ന് വന്നു എന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. ഇതുവരെയില്ലാതിരുന്ന സവർണ ജാതിവാൽ ഉറക്കെ പ്രഖ്യാപിച്ച് വിഡി സതീശൻ സത്യപ്രതിജ്ഞ ചൊല്ലിയതും സത്യപ്രതിജ്ഞാ ചടങ്ങിൽ അംഗീകരിക്കപ്പെട്ട സെക്യുലർ വരികളെ മറികടന്ന് വന്ദേഭാരതം ചൊല്ലിയതുമെല്ലാം മുൻ നിലപാടുകൾ പൊള്ളയാണെന്ന് തെളിയിക്കുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമശനം. ഇതിനിടെ കോൺഗ്രസ് നേതാവ് ജിന്‍റോ ജോൺ വിഡി സതീശനെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തി. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ് എന്നായിരുന്നു ജിന്‍റോയുടെ പരാമർശം.ഇരുപത് വര്‍ഷമായി പ്രചോദനം നല്‍കിയ നേതാക്കളില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ ഉണ്ടായാല്‍ വിഷമം തോന്നും. ഇത്രയും കാലം ഇല്ലാത്തത് പുതുതായി വരുമ്പോഴാണ് പ്രശ്‌നം.ജാതിവരമ്പുകള്‍ക്കപ്പുറം അതിനെല്ലാം എതിരെ പോരാടുന്ന നെഹ്‌റുവിയന്‍ ലെഫ്റ്റ് കോണ്‍ഗ്രസ് നേതാവാണ് വി ഡി സതീശന്‍. അദ്ദേഹത്തെ നാളെയും അങ്ങനെ തന്നെ കാണാനാണ് ആഗ്രഹം. സത്യപ്രതിജ്ഞയില്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമെന്നും ജിന്റോ പറഞ്ഞു. തേക്കുംകാട്ടില്‍ ജോണ്‍, റോമന്‍ കാത്തലിക് ജിന്റോ എന്നല്ല.ജിന്റോ ജോണ്‍. അത് മതി.അങ്ങനെ അറിയപ്പെട്ടാല്‍ മതി.ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് ഇന്‍ക്ലൂസീവ് എന്നുമാണ് ജിന്റോ ജോണ്‍ഫേസ്്ബുക്കില്‍ കുറിച്ചത്. തന്റേത് ഒരല്പം ലെഫ്റ്റ് ആയൊരു കോണ്‍ഗ്രസ് ബോധ്യം.പോസ്റ്റിന് താഴെ നിരവധി പേരാണ് ജിന്റോയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റിട്ടത്.
ഇവിടെ ചില കാര്യങ്ങൾ പരിശോധിക്കേണ്ടതായുണ്ട്. വി ഡി സതീശൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദ്ദേഹത്തിന്റെ പേര് വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്നുതന്നെയാണ്. അതാണ് അദ്ദേഹത്തിന്റെ പേരിന്റെ പൂർണ്ണ രൂപം. അദ്ദേഹത്തിന്റെ പേരിനൊപ്പം ജാതിയുടെ വാലില്ല. പക്ഷെ അച്ഛന്റെ പേര് ചേർത്തുപറയുമ്പോൾ അതുണ്ട് താനും. വടശേരി വിലാസിനി അമ്മയുടെയും കെ.ദാമോദര മേനോന്‍റെയും മകനാണ് സതീശൻ. ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഒരു നിമിഷത്തിൽ അച്ഛന്റെ പേര് പറഞ്ഞു തുടങ്ങുന്നത് വലിയ തെറ്റാണോ എന്നും പരിശോധിക്കണം.
ഇടതു പ്രൊഫൈലുകളിൽ രൂക്ഷമായ വിമർശനമാണ് സതീശനെതിരെ ഉയർന്നുവരുന്നത്. അങ്ങനെ വരുമ്പോൾ നമുക്ക് ചില മുൻ മുഖ്യമന്ത്രിമാരുടെ പേരുകൾ കൂടി പരിശോധിക്കാം. ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട്, സി.അച്യുതമേനോൻ, പി കെ വാസുദേവൻ നായർ, ഇ കെ നായനാർ … നോക്കണേ… തീർന്നില്ല പി കൃഷ്ണപിള്ളയും എം എൻ ഗോവിന്ദൻ നായരുമൊക്കെ വരെയും അവരുടെ പേരുകളിലെ ജാതി മുറിച്ചു കളഞ്ഞിരുന്നില്ല. എന്നാൽ എൻ എസ് എസ് സ്ഥാപിച്ച മന്നത്ത് പദ്മനാഭനും കെ കേളപ്പനും ആർ എസ് എസ് സൈദ്ധാന്തികൻ പി പരമേശ്വരനും ജാതിപ്പേര് ഉപേക്ഷിച്ചവരായിരുന്നു. ഇവിടെ കാര്യങ്ങൾ വ്യക്തമാണ്. മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിന്റെ കൂടെ ജാതി വാലില്ല. മുഴുവൻ പേര് ഉപയോഗിക്കുമ്പോൾ പിതാവിന്റെ പേരിന്റെ കൂടെയുള്ള മേനോൻ ഉപയോഗിക്കേണ്ടിയും വരും. ഇതെല്ലാം അറിയാമായിരുന്നിട്ടും കോൺഗ്രസ് നേതാവ് ജിന്‍റോ ജോൺ എന്തിനാകും സതീശനെ വിമർശിച്ചത്? സതീശന്റെ ഏറ്റവും വലിയ വിമർശകർ പ്രതിപക്ഷത്തായിരിക്കില്ല. കൂടെയുള്ളവർ തന്നെയായിരിക്കും. പക്ഷേ അതിനെയൊക്കെ മറികടക്കാൻ സതീശന് കഴിയുമെന്ന് കാലം തെളിയിച്ചിട്ടുമുണ്ട്.
അനീഷ് തകടിയിൽ




