Thu May 21, 2026 9:37 pm
FLASH
X
booked.net

ആശമാരും സമരത്തെ പിന്തുണച്ചവരുംഒത്തുചേരുന്നു

Kerala / News May 20, 2026

തിരുവനന്തപുരം: വാഗ്ദാനം പാലിച്ച് ആശമാരുടെ ഓണറേറിയം ആദ്യ ഘട്ടമായി 3000 രൂപ വർദ്ധിപ്പിച്ചതോടെ സമരം ചെയ്ത് ആശമാർ നേടിയത് 5000 രൂപ വർദ്ധനയാണ്. വിജയിച്ച് മുന്നേറുന്ന ആശമാർ മെയ് 21 വ്യാഴാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ ഒത്തുചേരുന്നു. കേരളാ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ്റെ നടന്ന സമരത്തെ പിന്തുണച്ചു കൊണ്ട് നിരവധി സംഘടനകളും വ്യക്തികളും കേരളത്തിൽ ഉടനീളം മുന്നോട്ടുവന്നിരുന്നു. “ആശാകേരളം വിജയപാതയിൽ മുന്നോട്ട്” എന്ന പേരിൽ നടക്കുന്ന സംഗമത്തിൽ ആശമാർക്കൊപ്പം പിന്തുണയുമായി എത്തിയ നിരവധി പേർ പങ്കാളികളാകും.

2025 ലെ സർക്കാർ ബജറ്റിലും ആശമാരുടെ ആവശ്യങ്ങൾ ഒന്നും പരിഗണിക്കാതെ വന്നതോടെയാണ് ഫെബ്രുവരി 10ന് സെക്രട്ടറിയേറ്റിനു മുന്നിൽ രാപ്പകൽ സമരം ആരംഭിച്ചത്. മൂന്നുമാസത്തിലേറെയായി കുടിശികയായ ഓണറേറിയം ഉടൻ നൽകുക, വിരമിക്കൽ ആനുകൂല്യങ്ങൾ വ്യക്തമാക്കാതെ പുറത്തിറക്കിയ 62 വയസ്സിലെ വിരമിക്കൽ ഉത്തരവ് റദ്ദാക്കുക, 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യവും പെൻഷനും നൽകുക, ഹോണറേറിയത്തിന് ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ പൂർണ്ണമായും പിൻവലിക്കുക എന്നിവ ഉൾപ്പെടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളാണ് ഉയർത്തിയത്.

യാതൊരു സമയക്രമവും പാലിക്കാതെ ഏതു വകുപ്പുകളിലെയും അടിസ്ഥാന ജോലികൾ ആശാമാരെ ഏൽപ്പിക്കുന്ന സമ്പ്രദായം ഉൾപ്പെടെ തൊഴിൽ മേഖലയിലെ ചൂഷണം തടയാൻ സമരത്തിന്റെ ആരംഭത്തിൽ തന്നെ സാധിച്ചു. ആശമാരുടെ ജോലിയെ സംബന്ധിച്ച് സർക്കാറിന് സർക്കുലർ ഇറക്കേണ്ടി വന്നു. തുച്ഛമായ ഓണറേറിയം വെട്ടി കുറയ്ക്കുന്ന മാനദണ്ഡങ്ങൾ എടുത്തുമാറ്റാം എന്ന് ചർച്ചയിൽ ഉറപ്പു നൽകിയ സർക്കാർ ഇവ ചട്ട വിരുദ്ധമായി ഇൻസെന്റീവ് മേൽ ഏർപ്പെടുത്തി. ഇത് പിൻവലിക്കും എന്ന് വീണ്ടും മന്ത്രി ഉറപ്പുനൽകിയെങ്കിലും സ്ഥാനമൊഴിയുന്നത് വരെ അത് നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. ഇങ്ങനെ ആശാമാരുടെ ആവശ്യങ്ങളിന്മേലും സമരത്തിന് നേരെയും ശത്രുതാപരമായ നിലപാടാണ് കഴിഞ്ഞ സർക്കാർ കൈക്കൊണ്ടത്. ആയിരം രൂപ വർദ്ധനയെ തുടർന്ന് സെക്രട്ടറിയേറ്റിനു മുന്നിലെ സ്ഥിരം സമരം അവസാനിപ്പിച്ച ശേഷവും സമരം ചെയ്തവരോട് സർക്കാർ ശത്രുതാപരമായ നിലപാടാണ് സ്വീകരിച്ചത്.

സമരത്തെ തകർക്കാൻ ഭരണ സംവിധാനം കൈകൊണ്ട എല്ല കുത്സിത ശ്രമങ്ങളെയും പരാജയപ്പെടുത്തി ആശമാരെ വിജയത്തിൽ എത്തിച്ചത് കരുതലോടെ കാത്തു പുലർത്തിയ പൊതു സമൂഹമാണ്. 233 രൂപ എന്ന തുച്ഛമായ പ്രതിദിന വേതനം വർദ്ധിപ്പിക്കാൻ സമരം ചെയ്യുന്ന സ്ത്രീ തൊഴിലാളികൾക്ക് 266 ദിവസം കൈത്താങ്ങായത് സമരവേദിയിലെത്തിയും അകലങ്ങളിൽ നിന്നും പിന്തുണച്ചവരാണ്. വിജയത്തിൻ്റെ ഉയർന്ന ഉയർന്ന പടവുകൾ ചവിട്ടാനും ഈ പിന്തുണ തുടരണമെന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന ഒത്തുചേരലിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, വൈസ് പ്രസിഡൻ്റുമാരായ എസ് മിനി, കെ പി റോസമ്മ, എന്നിവർ പറഞ്ഞു. ബിന്ദു സജികുമാർ, ശാന്തമ്മ ജോയ്, ബിന്ദു വിജയൻ, തങ്കമണി തൃക്കണ്ണാപുരം, എ. സബൂറ, മണികുമാരി, ആർ. ഗിരിജ, രജനി എന്നിവർ പങ്കെടുത്തു.