കെ.എസ്.ആർ.ടി.സി.യെ മുക്കി കൊല്ലുന്ന സമീപനമാണ് പുതിയ യുഡിഎഫ് സർക്കാർ സ്വീകരിക്കുവാൻ പോകുന്നത്. സ്ത്രീകൾക്ക് തികച്ചും സൗജന്യമായി എല്ലാ ബസിലും ഏത് സ്ഥലത്തും പോകാം എന്ന സൗജന്യ പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചത് എൽ ഡി എഫ് സർക്കാരും ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ശ്രീ.കെബി ഗണേഷ് കുമാറും ചേർന്ന് ഒരുവിധം കരകയറ്റി കൊണ്ടുവന്ന കെ.എസ്.ആർ.ടി.സി.യെ വീണ്ടും അപകടകരമായ അവസ്ഥയിലേയ്ക്ക് എത്തിക്കും. യു.ഡി എഫ് സർക്കാരിന്റെ കാലത്ത് അന്നത്ത ഗതാഗത വകുപ്പ് മന്ത്രി ആയിരുന്ന ആര്യാടൻ മുഹമ്മദ് ഉടൻ അടച്ചുപൂട്ടിപോകും എന്ന് ഉറപ്പിച്ചു പറഞ്ഞ കെ.എസ്.ആർ.ടി.സി ആണ് കെബി ഗണേഷ് കുമാർ ഗതാഗത വകുപ്പ് മന്ത്രി ആയിരുന്ന സമയത്ത് ഡിജിറ്റൽ പേയ്മെന്റ് കൊണ്ടുവന്നതും ട്രാവൽ കാർഡ് കൊണ്ട് വന്നും ബസ് സ്റ്റാന്റുകൾ നവീകരിച്ചും കാത്തിരിപ്പ് കേന്ദ്രങ്ങൾ എസി ആക്കിയും എ ഐ ടെക്‌നോളജി ഉൾപ്പെടെ കൊണ്ടുവന്നുമൊക്കെയാണ് കൂടുതൽ യാത്രക്കാരെ കൊണ്ടുവന്ന് തൊണ്ണൂറ്റി അഞ്ചോളം ഡിപ്പോകൾ പ്രവർത്തന ലാഭം കൈവരിക്കുവാൻ ഇക്കാലത്ത് കഴിഞ്ഞിട്ടുള്ളത്..ഇടക്കാലത്ത് മുടങ്ങിപ്പോയ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ കൃത്യമായി എല്ലാ മാസവും ഒന്നാം തീയതിയ്ക്ക് മുൻപുതന്നെ മുടങ്ങാതെ കൊടുക്കുവാൻ കെബി ഗണേഷ് കുമാർ ഗതാഗത വകുപ്പ് മന്ത്രി ആയപ്പോൾ കഴിഞ്ഞിട്ടുണ്ട്.
ഇത്തരം സൗജന്യങ്ങൾ കൊടുക്കുന്നതോട് കൂടി ജീവനക്കാരുടെ ഉൾപ്പെടെയുള്ളവരുടെ അന്നമാണ് മുടങ്ങാൻ പോകുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്ന സംസ്ഥാനങ്ങളിൽ കർണാടക, തെലുങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇത്തരം സൗജന്യങ്ങൾ കൊടുക്കുക വഴി തിരിച്ചുവരുവാൻ കഴിയാത്ത വിധം നഷ്ടത്തിലേയ്ക്കാണ് അവിടെയുള്ള പൊതുഗതാഗത സംവിധാനം തകർന്നടിഞ്ഞത്. കേരളം പോലുള്ള ഒരു കൊച്ചു സംസ്ഥാനത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഇത്തരം സൗജന്യ വാഗ്ദാനങ്ങളിൽ നിന്നും, അതും ഒരു പൊതുമേഖലാ സ്ഥാപനത്തെ അറിഞ്ഞുകൊണ്ട് നഷ്ടത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നത്തിൽ നിന്നും പുതിയ സർക്കാർ പിന്മാറണം..




