Tue May 12, 2026 6:25 pm
FLASH
X
booked.net

തോൽവിയെ കുറിച്ച് ആഴത്തിൽ പഠിക്കുവാൻ ഇടതുപക്ഷം അഹങ്കാരമല്ല ലാളിത്യമാണ് രാഷ്ട്രീയ പ്രവർത്തനം ചിരിക്കാൻ മറന്ന നിങ്ങളെ ജനവും മറന്നു

Web Desk May 12, 2026

കേരളം തിരഞ്ഞെടുപ്പ് ഫലത്തിന്റെ നേർക്കാഴ്ചകളിലൂടെ നടന്നു കയറിയപ്പോൾ കണ്ടത് ഇടതുപക്ഷത്തിന്റെ അതിദാരുണമായ തകർച്ചയാണ്. 10 വർഷത്തെ തുടർഭരണം നശിപ്പിച്ചു തുലച്ചു. ഒരു സർക്കാറിന് തുടർച്ചയായ 10 വർഷം ലഭിക്കുക എന്നത് നിസാരമായ കാലയളവല്ല. ഒരു നാടിനെ പുരോഗതിയിലേക്ക് നയിച്ച ആ നാട്ടിൽ തന്നെ ശക്തമായ രാഷ്ട്രീയ വേരോട്ടം നടത്തി അടക്കി ഭരിക്കാൻ ലഭിച്ച നിർണായക പത്തു വർഷങ്ങൾ.


എവിടെയാണ് പാളിയത്?

തുടക്കത്തിൽ സംഭവിച്ച പ്രധാന പാളിച്ചയാണ് സംഘടനാ പ്രവർത്തനങ്ങളിൽ നിന്നുള്ള ശ്രദ്ധ മാറി ഭരണം എങ്ങനെ മുമ്പോട്ട് കൊണ്ടുപോകാം എന്നതിൽ മാത്രമായി ചുരുങ്ങിയത്, അതുകൊണ്ടുതന്നെ പാർട്ടി ഗ്രാമങ്ങളിൽ പോലും ഉറച്ച പാർട്ടി വോട്ടുകൾ നല്ലൊരു ശതമാനം കോൺഗ്രസിൽ എത്തി. മിക്ക ബൂത്തുകളിലും ഇരിക്കാൻ ആളില്ലാതിരുന്ന കോൺഗ്രസുകാർ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അവർക്കു തന്നെ കണ്ണുതള്ളി എന്നു പറഞ്ഞാൽ അതൊരു സത്യം തന്നെയാണ്. ഉറച്ച പാർട്ടി കോട്ടയിൽ പോലും വൻവിള്ളൽ വീഴ്ത്തി യുഡിഎഫിന് വിജയം സമ്മാനിച്ചപ്പോൾ വേദനപ്പെട്ടത് കമ്മ്യൂണിസത്തിൽ വിശ്വസിക്കുന്ന ഇടതുപക്ഷ ചിന്താഗതിയിൽ നിന്നും വ്യതിചലിക്കാത്ത സഖാക്കൾക്കാണ്.


അവരുടെ വേദന കേൾക്കാൻ ആരുമില്ല. പിണറായി വിജയൻ എന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ സ്വന്തം മണ്ഡലമായ ധർമ്മടത്തുപോലും വോട്ടെണ്ണൽ ദിനത്തെ കാഴ്ച പരിതാപകരമായിരുന്നു. ആദ്യം മുതൽ 6 റൗണ്ട് വരെ എണ്ണി തീരുമ്പോഴും സാക്ഷാൽ പിണറായി വിജയൻ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്നിലായിരുന്നു ..പിന്നീട് കിട്ടിയ തുച്ഛമായ ഭൂരിപക്ഷത്തിലാണ് പിണറായി വിജയൻ രക്ഷപ്പെട്ടത് എന്ന് തന്നെ വേണം പറയാൻ. തോൽവിയെ കുറിച്ച് പഠനം നടത്തുമെന്നും തിരുത്തുമെന്നുമാണ് മൈക്കിനു മുമ്പിൽ നേതാക്കൾ തട്ടിവിട്ടിരിക്കുന്നത് .നിങ്ങൾ ഇനി തിരുത്തണമെന്നില്ല ,നിങ്ങൾ തിരുത്തി വരുമ്പോഴേക്കും മറ്റൊരു ബംഗാളായി കേരളം മാറിയിരിക്കും. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ദയനീയ തോൽവി നിങ്ങൾ കണ്ടതാണ്. അന്നും പഠിക്കുമെന്ന പഴയ പല്ലവി വിളിച്ചു പറഞ്ഞിരുന്നു, നടന്നില്ല.
തദ്ദേശ തിരഞ്ഞെടുപ്പിൽ പഠനശേഷം എന്താണ് സംഭവിച്ചത് .തലസ്ഥാന നഗരസഭ അടക്കം മിക്കയിടത്തും ഇടതുപക്ഷത്തെ ജനം കൈവിട്ടു. അതും കണ്ടു .കൂടുതൽ പഠനത്തിനായി സഖാക്കളെ നിയോഗിച്ചു. പഠിക്കാൻ നിയോഗിച്ചവർ ഉഴപ്പന്മാരായിരുന്നെങ്കിൽ പഠിക്കാൻ മിടുക്കന്മാരായ സഖാക്കളെ കാര്യങ്ങൾ ഏൽപ്പിക്കണമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും 8 നിലയിൽ പൊട്ടി. അതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന നേതൃത്വത്തിന് തങ്ങൾ പടുകുഴിയിലേക്കാണ് വീഴുന്നത് എന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല .


അതെങ്ങനെ പത്തു വർഷം ജനങ്ങൾ നൽകിയപ്പോൾ ജനങ്ങളെ അടിമകളാക്കി ഭരിച്ചുകൊണ്ടിരിക്കുമ്പോൾ കാൽച്ചുവട്ടിലെ മണ്ണ് ഇളകി മറിഞ്ഞു പോയത് കാണാനുള്ള കഴിവ് ഇന്നത്തെ നേതൃത്വത്തിൽ ഇല്ലാതായി. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭ നഷ്ടപ്പെട്ടത് ഭരണ മികവില്ലാതിരുന്നതിനാൽ അല്ല വോട്ടർമാരാണ് യഥാർത്ഥ യജമാനന്മാർ എന്ന് തിരിച്ചറിയാൻ സാധിക്കാതെ പോയതിനാലാണ്. അവരെ അടക്കി ഭരിക്കാമെന്ന ചിന്ത ഒരുനേരമെങ്കിലും മനസ്സിലൂടെ പോയിട്ടുണ്ടെങ്കിൽ അന്ന് തീർന്നതാണ് ഭരണകർത്താവിന്റെ മികവ്. കേരളത്തിൽ ചരിത്രപരമായ നിരവധി മാറ്റങ്ങൾ കൊണ്ടുവന്ന മികച്ച മുഖ്യമന്ത്രി തന്നെയാണ് പിണറായി വിജയൻ എന്നതിൽ ആർക്കും എതിരഭിപ്രായമില്ല .എന്നാൽ അദ്ദേഹം കാണിച്ച കർക്കശ സ്വഭാവം പാർട്ടി മെമ്പർമാരോടും സിപിഎമ്മിന്റെ പ്രഥമസ്ഥാനത്ത് ഇരിക്കുന്നവരോട് മാത്രം മതിയായിരുന്നു.


പൊതുജനങ്ങൾക്കിടയിൽ നിൽക്കുമ്പോൾ വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്നും കടക്ക് പുറത്ത് എന്നും പറഞ്ഞു കഴിഞ്ഞാൽ അതിനെ ധാർഷ്ട്യം എന്ന കണക്കിൽ പെടുത്താനായിരിക്കും ഭൂരിപക്ഷം ആളുകൾക്കും ഇഷ്ടം. ചിരിക്കാൻ അറിയാത്തവരാണ് സഖാക്കളുടെ നേതാക്കന്മാർ. പൊതുജനങ്ങളെ കാണുമ്പോൾ കനം കൂടിയ മുഖത്തോടു കൂടി മാത്രമേ ഇടപെടാവു എന്ന് പ്രത്യേക പഠന ക്ലാസ് ഉണ്ടോ, ഇല്ലല്ലോ? പഴയകാലത്തെ തമ്പുരാക്കന്മാരോടും ജന്മിമാരോടും പടവെട്ടി ബൂർഷ്വാ മുതലാളിമാരോട് എതിർത്ത് നിന്നും തൊഴിലാളികൾക്കായി ഒരുപാട് കഷ്ടപ്പെട്ട ഒരു തൊഴിലാളി വർഗ്ഗ പാർട്ടി തന്നെയാണ് ഇടതുപക്ഷം. ഇടതുപക്ഷം സമൂഹത്തിന് അനിവാര്യമാണ് എന്നതിൽ സംശയമില്ല. അന്നത്തെ കാര്യങ്ങളും സംഭവവികാസങ്ങളും പുത്തൻ തലമുറയെ പഠിപ്പിക്കുന്നതിനായി ഭരണം നേടിയ ശേഷം പ്രവർത്തിച്ചിട്ടുള്ള നേതാക്കൾ ഉണ്ടോ? വായനശാലയിലും പാർട്ടി ക്ലാസുകളിലും പോയി കമ്മ്യൂണിസത്തിന്റെ പ്രത്യേകതയും ആവശ്യകതയും പഠിപ്പിക്കാൻ പുതുതലമുറ സഖാക്കൾ ശ്രമിക്കാറുണ്ടോ? പേരിനുമാത്രം ബ്രാഞ്ച് യോഗങ്ങൾ കൂടുകയും വല്ലപ്പോഴും ഒരു സമരത്തിനായി അണിചേരുന്ന യുവജന സംഘടനകളും ആയി പാർട്ടി മാറി.


അടിത്തട്ട് ബലപ്പെടുത്താതെ മുകൾതട്ടിൽ ഇരുന്നു നിർദ്ദേശങ്ങൾ നൽകിയാൽ അത് താഴെത്തട്ടിൽ എത്തുമെന്ന് മനസ്സിൽ കരുതിയാൽ മാത്രം പോരാ നടപ്പിലാക്കണം. കണ്ണൂരിൽ പയ്യന്നൂരിലും തളിപ്പറമ്പിലും നടന്ന തിരഞ്ഞെടുപ്പ് ഫലം കേവലം ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഉറച്ച പാർട്ടി വോട്ടുകൾ പോലും കൂട്ടത്തോടെ നഷ്ടപ്പെടുകയാണ്. എന്നിട്ടും തങ്ങൾ തോറ്റു എന്ന് സമ്മതിക്കാൻ ആരും തയ്യാറായിട്ടില്ല. അമിത പാർലമെൻററി മോഹം സാധാരണക്കാരിൽ നിന്നും അകലുവാൻ കാരണമായി. എന്നാൽ ഭരണവിരുദ്ധ വികാരം ഉടലെടുത്തിട്ടില്ല എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. എങ്കിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവിക്ക് കാരണമെന്താണെന്ന് കണ്ടെത്താൻ ആയിട്ടുണ്ടോ. പരാജയ കാരണം പഠിക്കാൻ പോകുന്നതേയുള്ളൂ. പരാജയകാരണം പഠിക്കുന്നതിന്റെ കൂടെ ഓരോ നേതാക്കന്മാരും ഒരു കാര്യം പ്രത്യേകമായി പഠിക്കാൻ ശ്രമിക്കണം. താൻ ജനങ്ങളോട് എങ്ങനെയാണ് പെരുമാറിയിട്ടുള്ളതെന്ന് സ്വയം വിമർശനമായി പഠിച്ചേ തീരു. അത് പഠനവിധേയമാക്കുമ്പോൾ മനസ്സിലാകും താൻ ജനങ്ങളോട് ഒന്ന് പുഞ്ചിരിക്കാൻ മറന്നതാണ് പരാജയത്തിന്റെ ആദ്യകാരണമെന്ന്.

തുടർച്ചയായ ഭരണം തലയ്ക്കു പിടിച്ചപ്പോൾ സാധാരണക്കാരായ ജനങ്ങളുടെ വികാരം മനസ്സിലാക്കുവാൻ ഇടതുപക്ഷം മറന്നുവെന്നത് സത്യമാണ് . അത് തന്നെയാണ് തോൽവിയുടെ ആഘാതം കൂട്ടിയത്. നിങ്ങൾ പഠിച്ചോളൂ അതിനൊപ്പം ജനങ്ങളാണ് യഥാർത്ഥ യജമാനർ എന്ന് മനസ്സിലാക്കി അവർക്കൊപ്പം നിന്ന് അവരോട് ഒന്ന് പുഞ്ചിരിച്ചാൽ അവർ നിങ്ങൾക്കോപ്പം നിൽക്കും. കാരണം എന്തെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഇടതുപക്ഷ ഭരണകാലയളവിലാണെന്നും അവർക്കറിയാം. വ്യക്തി താൽപര്യങ്ങളും സ്ഥാനമോഹങ്ങളും ചിലർ ലക്ഷ്യമിടുമ്പോൾ തകരുന്നത് ഇടതുപക്ഷ മൂല്യങ്ങളാണ്. ജാതീയതയും വർഗീയ വിഭജനവും അതിൻറെ കൊടുമുടിയിൽ എത്തി നിൽക്കുമ്പോൾ അതിനെതിരെ പോരാടേണ്ട ഇടതുപക്ഷവും ആ മൂല്യങ്ങളിൽ നിന്നും വ്യതിചലിച്ചാൽ തകരുന്നത് നമ്മുടെ മതേതര സംസ്കാരമാണ് . ജനം നൽകിയ ആഘാതം മറികടക്കാൻ സമയമെടുക്കും. എങ്കിലും ജനങ്ങൾക്കൊപ്പം നിന്നാൽ തിരിച്ചുവരവ് സാധ്യമാണ്. അഹങ്കാരമല്ല ലാളിത്യമാണ് ജനത്തിന് ആവശ്യം. തോൽവി സമ്മതിക്കുക. താഴെത്തട്ടിൽ ഉള്ള പ്രവർത്തനം ശക്തമാക്കി തിരിച്ചുവരവിന് ഒരുങ്ങുക. കമ്മ്യൂണിസത്തിൽ നിന്നും വ്യതിചലിച്ച് ബൂർഷ്വാ സമീപനം കൈക്കൊണ്ടപ്പോൾ നേടിയ പരാജയം മറ്റൊരു ബംഗാളായി മാറാൻ ഇടവരുത്താതിരിക്കുക,. അധികാരം എന്നത് ജനത്തെ അടിമയാക്കാനുള്ളതല്ല ജനം വോട്ട് നൽകി അയച്ചത് അവരുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണുവാൻ ആണ്. അല്ലാതെ നിങ്ങൾ ഒരു പ്രശ്നക്കാരൻ ആകുവാൻ അല്ല.അതുകൊണ്ടുതന്നെ ജനം തീരുമാനിച്ചു..തുടർ ഭരണം അവസാനിച്ചു.

രാജേഷ് കെ ആർ